മഴക്കാടുകളിലൂടെ നടക്കാൻ മലേഷ്യൻ പവിലിയൻ
Mail This Article
ദുബായ്∙ മഴക്കാടുകളുടെ മേൽക്കൂരയൊരുക്കി ദുബായ് എക്സ്പോയിൽ വിസ്മയമാകാൻ മലേഷ്യൻ പവിലിയൻ. 1234.05 ചതുരശ്ര മീറ്റർ വലുപ്പമുള്ള പവിലിയനാണ് ദുബായ് എക്സ്പോയിലെ ആദ്യത്തെ പൂജ്യം കാർബൺ വമന സംരംഭമെന്നും മലേഷ്യൻ നയതന്ത്ര പ്രതിനിധി മൊഹദ് താരിദ് സുഫിയാൻ പറഞ്ഞു.
മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന പവിലിയനാണ് നിർമിച്ചത്.പരിസ്ഥിതി സംരക്ഷണത്തിലൂടെ സാമൂഹിക-സാമ്പത്തിക പുരോഗതി എന്ന ആശയത്തിനാണ് മുൻതൂക്കം.
മഴക്കാടുകൾക്കിടയിലൂടെ നടന്നു പോകുന്ന പ്രതീതിയുണ്ടാക്കുന്ന രീതിയിലാണ് രൂപകൽപനയെന്നും മാനവരാശിയെ പരിസ്ഥിതി എങ്ങനെയാണ് സംരക്ഷിക്കുന്നതെന്ന് ഇത് കൂടുതൽ വ്യക്തമാക്കുമെന്നും മലേഷ്യൻ ഗ്രീൻ ടെക്നോളജി ആൻഡ് ക്ലൈമറ്റ് ചെയ്ഞ്ച് സെന്റർ സിഇഒ ഷംസൂൽ ബഹർ മൊഹദ് നൂർ വ്യക്തമാക്കി. യുഎഇയുമായുള്ള വ്യാപാര വാണിജ്യ ബന്ധം വർധിപ്പിക്കാനും എക്സ്പോയിലെ സാന്നിധ്യം സഹായിക്കും. സൗദി കഴിഞ്ഞാൽ ഏറ്റവുമധികം ഇറക്കുമതി നടത്തുന്ന രാജ്യം യുഎഇയാണെന്നും അധികൃതർ വ്യക്തമാക്കി.