റമസാൻ അവസാന പത്തിനു വേണ്ടി ഇരു ഹറമുകളും ഒരുങ്ങി
Mail This Article
മക്ക∙ റമസാനിലെ ഏറ്റവും പുണ്യമേറിയ അവസാന പത്തിലെ നാളുകളിൽ തീർഥാടകരെ സ്വീകരിക്കാൻ മക്കയിലെയും മദീനയിലെയും ഹറം പള്ളികളിൽ ഒരുക്കങ്ങൾ പൂർത്തിയായതായി അധികൃതർ പറഞ്ഞു. സേവനങ്ങൾക്കായി മക്ക പള്ളിയിലെ വിവിധ ഭാഗങ്ങളിൽ പ്രത്യേകം കെയർ സെന്ററുകൾ സ്ഥാപിച്ചു.
സാങ്കേതിക, സേവന വിഭാഗങ്ങളുടെ സംയോജിത പ്രവർത്തന സംവിധാനത്തിലൂടെ മുഴുസമയ കാര്യക്ഷമത ഉറപ്പ് വരുത്തിയതായി അധികൃതർ പറഞ്ഞു. അണുനശീകരണം, ശുചീകരണ പ്രവർത്തനങ്ങൾ, ഗതാഗതം, വാഹനങ്ങൾ എന്നിവയും പ്രവേശന-പുറത്ത് കടക്കൽ കവാടങ്ങളിലെ സേവനങ്ങൾ, സംസം വിതരണം, തുടങ്ങിയ വിഭാഗങ്ങളിലും കൂടുതൽ സേവന സന്നദ്ധമായി സന്നദ്ധ പ്രവർത്തകരെയും ജീവനക്കാരെയും വിന്യസിച്ചു.
ഖിയാമുല്ലൈൽ പ്രാർഥനക്കായി തവക്കൽനാ ആപ്ലിക്കേഷൻ മുഖേന പ്രത്യേക പെർമിറ്റുകളും അനുവദിച്ചതായി ഹറം കാര്യ വിഭാഗം അറിയിച്ചു. ഇശാ പ്രാർഥനക്കും പ്രഭാത നിസ്‍കാരത്തിനും ഇടയിൽനിർവഹിക്കുന്നപ്രത്യേക രാത്രികാല നിസ്‍കാരമാണ് ഖിയാമുല്ലൈൽ. ഞായറാഴ്ച രാത്രി മുതലാണ് റമസാനിലെ നരകമോചനത്തിന്റെ പത്ത് എന്നറിയപ്പെടുന്ന അനുഗൃഹീത നാളുകൾക്ക് തുടക്കമാകുന്നത്.
ഈ കാലയളവിലാണ് ആയിരം മാസങ്ങളുടെ പ്രത്യേകതയുണ്ടെന്നു കണക്കാക്കപ്പെടുന്ന ലൈലത്തുൽ ഖദ്ർ രാവും നിലകൊള്ളുന്നത്. ലൈലത്തുൽ ഖദ്‌റിൽ ആണ് പ്രവാചകർക്ക് വിശുദ്ധ ഖുർആൻ അവതരിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. ഈ പ്രത്യേക രാത്രി ഇന്ന ദിവസമായിരിക്കുമെന്ന് വെളിപ്പെടുത്തിയിട്ടില്ല. അവസാന പത്തിലെ ഒറ്റയിട്ട രാത്രികളിലാണ് അനുഗ്രഹത്തിന്റെ ഈ രാത്രി പ്രതീക്ഷിക്കുന്നത്.
ഇരു പള്ളികളിൽ സേവനനിരതരായ വിവിധ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും ഹറമിൽ പ്രവേശിക്കുന്നതിന് കോവിഡ് പ്രതിരോധ വാക്സീൻ നിർബന്ധമാക്കുകയും ചെയ്തു. തവക്കൽനാ ആപ്ലിക്കേഷനിൽ ആരോഗ്യ നില കാണിക്കുന്നിടത്ത് 'ഇമ്യൂൺ' എന്ന സ്റ്റാറ്റസ് തെളിഞ്ഞ ജീവനക്കാർക്ക് മാത്രമായിരിക്കും ഇനിയുള്ള നാളുകളിൽ പ്രവേശനം. നീതിന്യായം, ആരോഗ്യം, വിദ്യാഭ്യസം, ബോർഡർ ഗാർഡ്, എയർ ഡിഫൻസ്, നാഷനൽ ഗാർഡ് തുടങ്ങിയ മന്ത്രാലയങ്ങൾ ജീവനക്കാരിൽ വാക്സീൻ ലഭിക്കാത്തവർ പട്ടികപ്പെടുത്തി ശ്രമം ഊർജിതമാക്കിയതായി ബന്ധപ്പെട്ടവർ അറിയിച്ചു.
പ്രവാചക പള്ളിയിലും വൈറസ് പടരാതിരിക്കാനുള്ള കർശന മുൻകരുതൽ നടപടികൾ സ്വീകരിച്ചതായും ആരാധകർക്കും തീർഥാടകർക്കും സുഗമമായി സന്ദർശനവും പ്രാർഥനയും നടത്താൻ എല്ലാ സജ്ജീകരണങ്ങളും നടത്തിയതായും അധികൃതർ വ്യക്തമാക്കി.മദീന പള്ളിയിലെ അർധരാത്രിയിലെ പ്രാർഥനക്കുള്ള (ഖിയാമുല്ലൈൽ) പെർമിറ്റുകൾ, ഈഅത്തമർനാ, തവക്കൽനാ ആപ്ലിക്കേഷനുകൾ വഴി ബുക്ക് ചെയ്യാമെന്ന് ഹജ്- ഉംറ മന്ത്രാലയം അറിയിച്ചു.
റമസാനിലെ അവസാന 10 ദിവസങ്ങളിൽ രാജ്യത്തിന് പുറത്തുനിന്നുള്ള കൂടുതൽ സന്ദർശകരെ പ്രതീക്ഷിക്കുന്നതായും ഹജ് -ഉംറ ഡെപ്യൂട്ടി മന്ത്രി ഡോ. അബ്ദുൽഫത്താഹ് മഷാത്ത് പറഞ്ഞു. ഉംറ നിർവഹിക്കുന്നതിനോ വിശുദ്ധപള്ളികളിൽ പ്രാർഥിക്കുന്നതിനോ പെർമിറ്റ് നൽകുമെന്ന് അവകാശപ്പെടുന്ന ഏതെങ്കിലും ഓൺലൈൻ അക്കൗണ്ടുകളുമായോ വെബ്‌സൈറ്റുകളുമായോ ഇടപെടുന്നതിനെതിരെയും ഡോ. മഷാത്ത് മുന്നറിയിപ്പ് നൽകിയി.
സുരക്ഷാ അധികൃതർ തങ്ങളുടെ ചുമതലകൾ നിർവഹിക്കുന്നുണ്ടെന്നും നിരീക്ഷിണത്തിൽ ഇത്തരം കബളിപ്പിക്കലുകൾ പിടിക്കപ്പെട്ടാൽ കടുത്ത നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം സൈറ്റുകൾക്കു വ്യക്തിഗത ഡേറ്റകൾ നൽകുന്നതിൽ വലിയ അപകടമുണ്ടെന്നും അദ്ദേഹം താക്കീത് നൽകി.