‘ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ കൂടുതൽ മുന്നേറ്റം വേണം’
Mail This Article
ദോഹ ∙ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ കൂടുതൽ മുന്നേറ്റങ്ങൾ അനിവാര്യമാണെന്നു കോവിഡ് വെല്ലുവിളികൾ ലോകത്തെ പഠിപ്പിച്ചതായി ഖത്തർ ഫൗണ്ടേഷൻ (ക്യുഎഫ്) ചെയർപഴ്സൻ ഷെയ്ഖ മോസ ബിൻത് നാസർ. ആരോഗ്യ, സാങ്കേതിക രംഗങ്ങളിൽ കൂടുതൽ പേർ കടന്നുവരണം.
ഈ മേഖലകളുടെ വളർച്ചയ്ക്കു കൂടുതൽ നയപരിപാടികൾക്കു രൂപം നൽകുകയും തുക വകയിരുത്തുകയും വേണമെന്ന് എജ്യുക്കേഷൻ സിറ്റി യൂണിവേഴ്സിറ്റികളുടെ വെർച്വൽ ബിരുദദാന ചടങ്ങിൽ വ്യക്തമാക്കി. ഒരു മേഖലയുടെയും പ്രാധാന്യം കുറയുന്നില്ലെങ്കിലും ആരോഗ്യരംഗത്തെ അനിവാര്യതകളുടെ പ്രസക്തി ബോധ്യപ്പെടുത്തുന്ന കാലഘട്ടമാണിത്.
ആരോഗ്യ മേഖലയിലെ ജീവനക്കാരുടെ കുറവ് പല ഘട്ടങ്ങളിലും ബോധ്യപ്പെട്ടു. മെഡിക്കൽ രംഗത്ത് കൂടുതൽ സ്പെഷലൈസേഷനും ആവശ്യമാണ്. ഏതാനും വിഷയങ്ങളിൽ മാത്രം ശ്രദ്ധ േകന്ദ്രീകരിച്ചിട്ടു കാര്യമില്ല. പുതിയ രോഗങ്ങൾക്കനുസരിച്ച് ചികിത്സയും മരുന്നുകളും വികസിപ്പിക്കണം. ഈ വസ്തുതകൾ ഉൾക്കൊണ്ട് വിദ്യാഭ്യാസ മേഖല കൂടുതൽ തയാറെടുക്കണമെന്നും ചൂണ്ടിക്കാട്ടി.