ADVERTISEMENT

ദുബായ് ∙ കുട്ടികൾക്കും മുതിർന്നവർക്കും ഉല്ലാസത്തിന് ദുബായ് വേനൽ വിസ്മയം (ഡിഎസ്എസ്) ഇന്നു മുതൽ. സെപ്റ്റംബർ 4 വരെ നീളുന്ന ആഘോഷമേളയിൽ വൻ വിലക്കുറവിൽ ഷോപ്പിങ് നടത്താം.

ഭാഗ്യശാലികൾക്ക് കൈനിറയെ സമ്മാനങ്ങൾ മാത്രമല്ല, ആഡംബര വാഹനങ്ങളും സ്വന്തമാക്കാം. ബുർജ് ഖലീഫ, ദ് പോയിന്റെയിലെ പാം ഫൗണ്ടെയ്ൻ, ഫെസ്റ്റിവൽ സിറ്റി എന്നിവിടങ്ങളിൽ ഇന്നു സന്ധ്യയ്ക്ക് കരിമരുന്നു പ്രയോഗവും കലാപരിപാടികളും ഉണ്ടാകും. മാളുകളും  ക്രീക്കുകളും  വഴിയോരങ്ങളുമെല്ലാം കോവിഡ് നിയന്ത്രണങ്ങളോടെ ആഘോഷ അരങ്ങുകളാകും.

കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ പരിപാടികൾ ഇത്തവണ ഉൾപ്പെടുത്തിയെന്ന് ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയ്ൽ എസ്റ്റാബ്ലിഷ്മെന്റ് സിഇഒ: അഹമ്മദ് അൽ ഖാജ അറിയിച്ചു. ദുബായ് മാളിലെ ഫൗണ്ടൻ, ഫെസ്റ്റിവൽ സിറ്റി മാൾ എന്നിവിടങ്ങളിൽ ഇമാജിൻ ഷോയും ലേസർ ഷോയും ഉണ്ടാകും.

അറബ് സംഗീതത്തിന്റെ ഉൾപ്പെടെ അകമ്പടിയോടെ ജലധാര നൃത്തം ചെയ്യും. ദുബായ് മാളിൽ രാത്രി 8നും ഫെസ്റ്റിവൽ സിറ്റി മാളിൽ  7.57നുമാണ് പരിപാടി. വിവിധ രാജ്യങ്ങളിൽ നിന്നുള്ള സംഗീതജ്ഞർ, കാർട്ടൂണിസ്റ്റുകൾ എന്നിവരുടെ സാന്നിധ്യവുമുണ്ടാകും.  ഭക്ഷ്യമേള, ഫാഷൻ ഷോ എന്നിവയും നടക്കും. 

തുണിത്തരങ്ങൾ മുതൽ ആഡംബര കാർ വരെ

തുണിത്തരങ്ങൾക്കടക്കം 90% വരെ വിലക്കുറവുണ്ടെന്ന് പല സ്ഥാപനങ്ങളും പ്രഖ്യാപിച്ചുകഴിഞ്ഞു. 25 മുതൽ 75% വരെ വിലക്കുറവിൽ ഷോപ്പിങ് നടത്താമെന്നാണ് 500 പ്രമുഖ വ്യാപാരസ്ഥാപനങ്ങളുടെ വാഗ്ദാനം. 4,000ൽ ഏറെ ചില്ലറ വിൽപനശാലകളിലും ഓഫറുണ്ട്. ഇബ്നു ബത്തൂത്ത മാൾ, നഖീൽ മാൾ, ഔട്‌ലറ്റ് മാൾ, അൽ ബുസ്താൻ സെന്റർ, അൽ ഗുറൈർ സെന്റർ, അൽ വർഖ സിറ്റി മാൾ, ബുർജ് മാൻ സെന്റർ  തുടങ്ങിയ പ്രമുഖ കേന്ദ്രങ്ങളിൽ കാത്തിരിക്കുന്നത് ആകർഷക സമ്മാനങ്ങൾ.

ചിലയിടങ്ങളിൽ 10,000 ദിർഹത്തിന്റെ നറുക്കെടുപ്പുകളുണ്ട്. എല്ലാ ആഴ്ചയും ഒരു ഇൻഫിനിറ്റി ക്യുആർ 50 ആഡംബര കാർ സ്വന്തമാക്കാനും അവസരം ലഭിക്കും. ഡിഎസ്എസിന്റെ ഭാഗമായ മാളുകളിൽ നിന്ന് 200 ദിർഹത്തിനു സാധനങ്ങൾ വാങ്ങുന്നവർക്ക് ഡിജിറ്റൽ നറുക്കെടുപ്പിന് അവസരം ലഭിക്കും. മാളിലെ കസ്റ്റമർ സർവീസ് ഡെസ്കിൽ ബിൽ  കാണിച്ച് സമ്മാന പദ്ധതിയിൽ റജിസ്റ്റർ ചെയ്യണം.

English Summary: Dubai Summer Surprises sales promotions begin.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com