അയാട്ട ട്രാവൽ പാസിൽ ഇനി വാക്സീൻ സർട്ടിഫിക്കറ്റും
Mail This Article
ദോഹ ∙ ഖത്തർ എയർവേയ്‌സിൽ യാത്ര ചെയ്യുന്നവർക്ക് ഇന്റർനാഷനൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷന്റെ (അയാട്ട) ട്രാവൽ പാസായ ഡിജിറ്റൽ പാസ്‌പോർട്ട് മൊബൈൽ ആപ്പിൽ കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റും അപ്‌ലോഡ് ചെയ്യാം.
അയാട്ടയുടെ ട്രാവൽ പാസിനുള്ള ഡിജിറ്റൽ പാസ്‌പോർട്ട് മൊബൈൽ ആപ്പിലൂടെ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യാൻ സൗകര്യമൊരുക്കിയ ആദ്യ വിമാന കമ്പനി എന്ന ഖ്യാതിയും ഇതോടെ ഖത്തർ എയർവേയ്‌സിനാണ്.
പരീക്ഷണാടിസ്ഥാനത്തിലാണ് സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിയത്. പരീക്ഷണാടിസ്ഥാനത്തിൽ ട്രാവൽ പാസ് നടപ്പാക്കിയ മധ്യപൂർവദേശത്തെ ആദ്യത്തെ വിമാനകമ്പനിയും ഖത്തർ എയർവേയ്‌സ് ആയിരുന്നു. കടലാസ് ഉപയോഗം കുറയ്ക്കുന്നതിനൊപ്പം യാത്രക്കാർക്ക് സമ്പർക്കരഹിതവും സുരക്ഷിതവുമായ യാത്ര ഉറപ്പാക്കുകയാണ് ഡിജിറ്റൽ പാസിന്റെ ലക്ഷ്യം.
ആപ്പിലൂടെ കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യാനുള്ള സൗകര്യം ആദ്യ ഘട്ടത്തിൽ കുവൈത്ത്, ലണ്ടൻ, ലോസ് ആഞ്ചലസ്, ന്യൂയോർക്ക്, പാരിസ്, സിഡ്‌നി എന്നിവിടങ്ങളിൽ നിന്ന് ദോഹയിലേക്ക് എത്തുന്ന കാബിൻ ക്രൂ ജീവനക്കാർക്ക് മാത്രമാണ് ലഭിക്കുക. അടുത്ത ഘട്ടത്തിലാകും യാത്രക്കാരിലേക്കു എത്തുക.
കോവിഡ് നെഗറ്റീവ് പരിശോധനാ ഫലത്തിനൊപ്പം ഖത്തറിൽ എടുത്ത വാക്‌സിനേഷന്റെ സർട്ടിഫിക്കറ്റും അപ്‌ലോഡ് ചെയ്യാൻ കഴിയുന്നതിലൂടെ ദോഹയിലെ ഇമിഗ്രേഷൻ നടപടികളും വേഗത്തിലാക്കാം. ട്രാവൽ പാസിൽ യാത്രക്കാരന്റെ കോവിഡ് പരിശോധനാ ഫലം, കോവിഡ് വാക്‌സിനേഷൻ ഉൾപ്പെടെയുള്ള വിവരങ്ങൾ ലഭിക്കുന്നതിനാൽ ഇവ പരിശോധിച്ച് ക്വാറന്റീൻ നടപടികളില്ലാതെയുള്ള യാത്ര സാധ്യമോ എന്നതും ഉറപ്പാക്കാം.
വിമാനത്താവളത്തിൽ എത്തിച്ചേരുന്നതിനു മുൻപു തന്നെ വിമാനകമ്പനിയുമായി 'ഓകെ ടു ട്രാവൽ' സ്റ്റേറ്റസ് സുരക്ഷിതമായി ഷെയർ ചെയ്യാനും സന്ദർശിക്കാൻ പോകുന്ന രാജ്യത്തെ കോവിഡ് ആരോഗ്യ ചട്ടങ്ങൾ സംബന്ധിച്ചുള്ള യാത്രാ അറിയിപ്പുകളും ട്രാവൽ പാസിലൂടെ സാധ്യമാണ്.
English Summary: Qatar Airways integrates vaccination certificates in IATA travel pass.