ADVERTISEMENT

കോവിഡ് അതിന്റെ രണ്ടാം വ്യാപനം കഴിഞ്ഞു മൂന്നാം വ്യാപനത്തിലെ അതിമാരക ഡെൽറ്റ പ്ലസ് അണു പ്രസരണത്തിനു സാക്ഷ്യം വഹിക്കുകയാണ്. കോവിഡ് വ്യാപനവും അനുബന്ധ ആഗോള നിയന്ത്രണങ്ങളും തിരികെയെത്തിയ മലയാളി പ്രവാസി സമൂഹത്തിനു നിരവധി വെല്ലുവിളികൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നുവെന്നു പ്രവാസികളിൽനിന്നുള്ള വിവരശേഖരണത്തിൽ നിന്നും മനസിലാക്കാൻ കഴിഞ്ഞു. ഇത് പ്രവാസികളുടെ ജീവിതത്തെ എങ്ങനെ ബാധിക്കുമെന്നാണ് ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷൻ ആൻഡ് ഡെവലപ്മെന്റ് ചെയർമാൻ ഡോ. എസ്. ഇരുദയ രാജനും തിരൂരങ്ങാടി പിഎസ്എംഒ കോളേജ് സാമ്പത്തിക ശാസ്ത്ര വിഭാഗം മേധാവി ഡോ. എസ്. ഷിബിനുവും പരിശോധിക്കുന്നത്.

പ്രവാസികളും, പ്രവാസി ധനവും കേരളത്തിന്റെ സാമ്പത്തിക-സാമൂഹിക വളർച്ചയുടെ നാഴികക്കല്ലുകളാണ്. ലോകത്തെ വിവിധ രാജ്യങ്ങളിലേക്ക് കുടിയേറിയിരിക്കുന്ന 2.12 മില്യൺ മലയാളികളിൽ 89.2 ശതമാനവും കുടിയേറിയിരിക്കുന്നതു ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിലേക്കാണെന്നാണ് 2018 -ലെ സിഡിഎസ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതിൽ തന്നെ മൂന്നു പ്രവാസികളിൽ ഒരാൾ എന്ന അനുപാതത്തിൽ  യുഎഇയിലേക്കാണ് ഏറ്റവും കൂടുതൽ മലയാളികൾ കുടിയേറുന്നത്. 

കേന്ദ്ര സർക്കാർ സെപ്റ്റംബർ 15, 2020-നു രാജ്യ സഭയിൽ നൽകിയ കണക്കുകൾ പ്രകാരം കോവിഡ് മൂലം മടങ്ങിയെത്തിയ 1405154 ഇന്ത്യക്കാരിൽ 62.92 ശതമാനം (884182) ഇന്ത്യക്കാരും ഗൾഫ് സഹകരണ (ജിസിസി) രാഷ്ട്രങ്ങളിൽ നിന്നുമാണ്. ജിസിസി രാജ്യങ്ങളിൽ നിന്നും മടങ്ങിയെത്തിയെ ഇന്ത്യൻ പ്രവാസികളുടെ 21.45 ശതമാനവും കേരളത്തിൽ നിന്നുള്ളവരാണെന്നും കാണാം. ബഹ്‌റൈൻ (12726), കുവൈത്ത് (14541), ഒമാൻ (30545), സൗദി അറേബ്യ (34058), ഖത്തർ (27445), യുഎഇ (70329) എന്നിങ്ങനെയാണ് ജിസിസി രാജ്യങ്ങളിൽ നിന്നും മടങ്ങിയെത്തിയ കേരള പ്രവാസികളുടെ കണക്കുകൾ. 

Representational image: Shutterstock
Representational image: Shutterstock

തിരികെയെത്തിയ പ്രവാസികൾ!

കേരളത്തിൽ നിലവിൽ തിരികെയെത്തിയ പ്രവാസികളെ രണ്ടായി തരം തിരിക്കാം. മഹാമാരിയുടെ വ്യാപനത്തിനിടയിൽ നാട്ടിലേക്ക് തിരികെ വന്ന പ്രവാസികളാണതിൽ ആദ്യത്തേത്. ഇവർ ജോലി ചെയ്തു വന്ന ചെറിയ റസ്റ്ററന്റുകൾ, വർക് ഷോപ്പുകൾ, മെയിൻറ്റനൻസ് കമ്പനികൾ, കഫ്റ്റീരിയകൾ, ഹോട്ടലുകൾ തുടങ്ങി മലയാളികൾ നടത്തിയിരുന്ന നിരവധി ചെറുകിട ഗൾഫിലെ വ്യവസായ സ്ഥാപനങ്ങൾ ലോക്ഡൗണിനെ തുടർന്ന് അടച്ചുപൂട്ടി.

ബിസിനസ് ഇല്ലാത്തതുമൂലം തങ്ങളുടെ തൊഴിലാളികളുടെ ശമ്പളം, വൈദ്യുതിയുടെയും വെള്ളത്തിന്റെയും ബില്ല്, കെട്ടിട വാടക തുടങ്ങിയ ചെലവുകൾ വഹിക്കുകയെന്നത് ഇത്തരം ചെറുകിട സ്ഥാപനങ്ങളെക്കൊണ്ട് സാധിക്കില്ല. ഈ സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്ന മിക്ക തൊഴിലാലാളികളും ഇതു മൂലം ശമ്പളമില്ലാതെ കുടുങ്ങുകയും മടങ്ങി പോരാൻ നിർബന്ധിതരാകുകയും ചെയ്തു. ഇവരിൽ പലരും വന്ദേ ഭാരത് പദ്ധതിയിലൂടെ നാട്ടിലേക്ക് വന്നത് പ്രവാസി സംഘടനകൾ ടിക്കറ്റ് ഉൾപ്പെടെ നൽകുന്ന സഹായങ്ങൾ സ്വീകരിച്ചു കൊണ്ടാണ്. ഈ സഹായത്തിലുൾപ്പെടാതെ പോയ ചില പ്രവാസികളാകട്ടെ നാട്ടിൽ നിന്നും പണം വരുത്തിയാണ് നാട്ടിലേക്കു മടങ്ങി വന്നത്.   

കോവിഡിന്റെ വ്യാപനത്തിന് മുൻപേ ലീവിന് നാട്ടിൽ വരുകയും എന്നാൽ മടങ്ങിപ്പോകാൻ കഴിയാതെ പോയ പ്രവാസികളാണ് രണ്ടാമത്തെ വിഭാഗം. ഇവരുടെ അവസ്ഥ തീർത്തും പരിതാപകരമാണ്. കാരണം കുറച്ച് ദിവസത്തെ ലീവിൽ നാട്ടിലെത്തിയവർക്ക് പൊടുന്നനെ ജോലി നഷ്ടപ്പെടുമ്പോൾ ഭാവി ചോദ്യ ചിഹ്നമായി മാറും. മാത്രമല്ല നിലവിലെ ലോണുൾപ്പെടെയുള്ള സാമ്പത്തിക ബാധ്യതകൾ എങ്ങനെ അഭിമുഖീകരിക്കുമെന്നതിലുള്ള ആശങ്കയും, നിരാശയുമാണ് ഇവർ പങ്കുവെച്ചത്. അങ്ങനെ നാട്ടിലെത്തി കുടുങ്ങിയ ഒരു പ്രവാസി പറഞ്ഞത് ഇങ്ങനെയാണ്:

‘ഞാൻ ദുബായിൽ കൺസ്ട്രക്ഷൻ മേഖലയിലാണ് ജോലിചെയ്തിരുന്നത്‌. ജോലിയിൽ സ്ഥാനക്കയറ്റം കിട്ടിയതുകൊണ്ട് കുടുംബവുമായി പോകാമെന്നു കരുതിയാണ് ഞാൻ നാട്ടിലെത്തിയത്. എന്നാൽ മഹാമാരിമൂലം എനിക്ക് സമയത്തിനുള്ളിൽ പോകാൻ കഴിഞ്ഞില്ല. വീസ കാലാവധി തീർന്നു. വീസ പുതുക്കാൻ ‌കമ്പനിയുമായി ബന്ധപ്പെട്ടപ്പോൾ പറഞ്ഞത്  ഇപ്പോഴത്തെ അവസ്ഥയിൽ വീസ പുതുക്കി നൽകാൻ കഴിയില്ലെന്നാണ്. മാത്രമല്ല സാമ്പത്തിക മാന്ദ്യം മൂലം കമ്പനിയുടെ ടേൺ ഓവറിൽ നേരത്തെ തന്നെ ഇടിവുണ്ടായിരുന്നു’.

Dr-S-Irudaya-Rajan-Dr-Shibinu
ഡോ. എസ്. ഇരുദയ രാജൻ, ഡോ. എസ്. ഷിബിനു.

വീസ പുതുക്കി നൽകി തങ്ങളുടെ പഴയ തൊഴിലാളികളെ വീണ്ടും ജോലിയിൽ തിരികെ കയറ്റുന്നതിൽ നിന്നും കമ്പനികളെ പിന്തിരിപ്പിക്കുന്നത് ടേൺ ഓവറിൽ ഉണ്ടായ കുറവ് മാത്രമല്ല, പുതിയതായി ഒരു തൊഴിലാളിയെ നിയമിക്കുന്നതാണ് പഴയ തൊഴിലാളിയെ തിരികെ കൊണ്ടുവരുന്നതിനേക്കാൾ കമ്പനികൾക്ക് ലാഭം എന്നത് കൂടി കൊണ്ടാണ്. കാരണം പുതിയ നിയമനത്തിന് നൽകേണ്ടിവരുന്ന അടിസ്ഥാന ശമ്പളം പഴയ തൊഴിലാളികളേക്കാൾ കുറവാണു. അതിനാൽ തന്നെ തൊഴിൽ മുൻപരിചയം നിർബന്ധമല്ലാത്തടുത്തെല്ലാം പുതിയ തൊഴിലാളികളെ നിയമിക്കപ്പെട്ടേക്കാം. എന്നാൽ, കോവിഡ് പ്രതിസന്ധിക്കിടെയും ചില കമ്പനികൾ നാട്ടിൽ കുടുങ്ങിയ അവരുടെ ജീവനക്കാരെ തിരികെ ജോലി സ്ഥലങ്ങളിലേക്ക് എത്തിക്കുകയും ചെയ്തു. 

ഹോട്ടൽ റിസെപ്ഷനിസ്റ്റുകൾ, ഫ്രണ്ട് ഓഫീസ്, ക്ലാർക്കുമാർ, ഓഫീസ് അസ്സിസ്റ്റന്റുമാർ തുടങ്ങി ചെറുതെങ്കിലും ചില പ്രത്യേക തൊഴിലവസരങ്ങളിൽ ഇന്ത്യക്കാർ ഫിലിപ്പൈൻസ് പോലുള്ള രാജ്യങ്ങളിലെ തൊഴിലാളികളിൽ നിന്നും കടുത്ത മത്സരം നേരിടുന്നതായി കാണാം. വേതനവ്യത്യാസം മാത്രമല്ല ഇതിനു കാരണം, മറിച്ച് യുഎഇ പോലുള്ള രാഷ്ട്രങ്ങൾ ഇത്തരം മേഖലകളിൽ അടുത്തുകാലത്തായി ഏഷ്യക്കാരല്ലാത്തവരെ നിയമിക്കാൻ താൽപര്യപ്പെടുന്നത് കൂടിക്കൊണ്ടാണ്. മാത്രമല്ല ലഭിക്കുന്ന  വരുമാനത്തിന്റെ ഏറിയ പങ്കും ഇവർ തൊഴിൽ ചെയ്യുന്ന ഗൾഫ് രാജ്യങ്ങളിൽ തന്നെ ചിലവഴിക്കുന്നുവെന്നതും ഇവർക്ക് തൊഴിൽ ലഭിക്കുന്നതിന് അനുകൂല ഘടകമാണ്. 

പ്രായമായ പ്രവാസികൾ ഗൾഫിൽ ഏറ്റവും കൂടുതലുള്ളത് നൈപുണ്യത കുറഞ്ഞ തൊഴിൽ  മേഖലകളിയതിനാൽ ഇവരുടെ പ്രായം വീണ്ടും തൊഴിൽ ലഭിക്കുന്നതിൽ ഒരു വലിയ ഘടകം തന്നെയാണ്. അമ്പത് വയസ്സിനോടടുത്തായി മടങ്ങിയെത്തിയ പ്രവാസികൾക്ക് ഗൾഫിൽ വീണ്ടും അകേ സ്ഥാപനത്തിൽ തൊഴിൽ ലഭിക്കാനുള്ള സാധ്യത വിരളമാണ്. ഇവരെ പുനർ നിയമിക്കുന്നത് മൂലം ഇത്തരം കമ്പനികളുടെ സാമ്പത്തിക ബാധ്യത ഉയരാൻ കാരണമാകുമെന്നതും, കുറഞ്ഞ ശമ്പളത്തിൽ ചെറുപ്പക്കാരായ അന്യ-രാജ്യ തൊഴിലാളികളുടെ ലഭ്യതയും ഇവരുടെ മടങ്ങിപ്പോക്കിന് മങ്ങലേൽപ്പിക്കുന്നു. ഇതുപോലെ നിരവധി പ്രവാസികളാണ് നമ്മുടെ നാട്ടിലുള്ളത്. ഇവർ ഭാവി പദ്ധതികളൊന്നും തന്നെ ആലോചിച്ചു നാട്ടിലെത്തിയവരല്ല. ഇവരുടെ ജീവിതം അപ്രതീക്ഷിതമായി വഴിമുട്ടിയെന്നു ചുരുക്കം. മാത്രമല്ല തിരികെ പോകാൻ നിൽക്കുന്നവരിൽ ഏറിയ പങ്കും ചെറുപ്പക്കാരാണെന്നുള്ളത് വിഷയത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു.

ഈ രണ്ടു കൂട്ടരുടെയും പൊതുവായ സവിശേഷതയെന്തെന്നാൽ തിരിച്ചു ഗൾഫിലേക്ക് എങ്ങനെയും പോകണമെന്ന് തീവ്ര ആഗ്രഹം പുലർത്തുന്നവരാണ്. എന്നാൽ ഇവരുടെ തിരിച്ചു പോക്ക് കോവിഡിന്റെ ഈ രണ്ടാം വരവിൽ അത്ര എളുപ്പമല്ല. ഇവരിൽ പലരും ലോക്ഡൗൺ ഇളവുപയോഗപ്പെടുത്തി ആറു മാസത്തേക്ക് വീസ അടിപ്പിച്ചിട്ടാണ് തിരികെയെത്തിയതെങ്കിലും തങ്ങൾ വിളിച്ചാൽ മാത്രം വന്നാൽ മതിയെന്ന് പല സ്ഥാപനങ്ങളും അവരെ അറിയിച്ചിരുന്നത് ഇവരുടെ വീസയുടെ കാലാവധി കഴിയാനിടയാക്കി. ജൂലൈ 9, 2021 ലെ ഉത്തരവ് പ്രകാരം സൗദി അറേബ്യ കാലാവധി കഴിഞ്ഞ വിസയ്ക്ക് ഓട്ടോമാറ്റിക് റിന്യൂവൽ ജൂലൈ 31 വരെ അനുവദിച്ചെങ്കിലും, കോവിഡ് വ്യാപനത്തിന്റെ ആദ്യ നാൾ മുതൽ കാലാവധി അവസാനിച്ച വീസകളും ഈ ഇളവിന്റെ പരിധിയിൽ വരുമോയെന്നു വ്യക്തമല്ല. ഇത് പ്രശ്നത്തിന്റെ സങ്കീർണത വീണ്ടും വർധിപ്പിക്കുന്നു.  

ദുബായ് വിമാനത്താവളത്തിൽ നിന്നുള്ള ദൃശ്യം. ചിത്രം: AFP PHOTO / GIUSEPPE CACACE (ഫയൽ).
ദുബായ് വിമാനത്താവളത്തിൽ നിന്നുള്ള ദൃശ്യം. ചിത്രം: AFP PHOTO / GIUSEPPE CACACE (ഫയൽ).

പ്രവാസികൾ നിലവിൽ അഭിമുകീകരിക്കുന്ന പ്രശ്നങ്ങൾ

തിരിച്ചെത്തിയ പ്രവാസികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ ആദ്യത്തേത് ഉയർന്ന യാത്ര ചിലവാണ്‌. മലയാളികൾ ഏറ്റവും കൂടുതൽ ജോലി നോക്കുന്ന സൗദി അറേബ്യ തന്നെയെടുക്കാം. കോവിഡ് വ്യാപനം തടയുകയെന്ന ഉദ്ദേശ്യത്തോടെ സൗദി അറേബ്യ ഫെബ്രുവരി 2019 മുതൽ തന്നെ യുഎഇ, ജർമ്മനി, യു എസ്‌, യുകെ, ദക്ഷിണാഫ്രിക്ക, ഫ്രാൻസ്, ഈജിപ്ത്, ലെബനൻ, ഇന്ത്യ, പാക്കിസ്ഥാൻ, അര്ജന്റീന, ബ്രസീൽ, ഇന്തോനേഷ്യ, അയർലണ്ട്, ഇറ്റലി, ജപ്പാൻ, പോർട്ടുഗൽ, സ്വീഡൻ, സ്വിറ്റ്സർലൻഡ്, ടർക്കി തുടങ്ങി ഇരുപതു രാജ്യങ്ങളിൽ നിന്നുമുള്ള നേരിട്ടുള്ള സൗദി യാത്രയ്ക്ക് അനുമതി നിഷേധിച്ചിരുന്നു. 

കേരളത്തിൽ നിന്നും തിരികെ സൗദിയിലെത്തണമെങ്കിൽ പ്രവാസികൾ സൗദി അറേബ്യ അംഗീകരിച്ച ഗ്രീൻ ലിസ്റ്റെഡ് രാജ്യങ്ങളിൽ ഏതെങ്കിലുമൊന്നിൽ  കുറഞ്ഞത് പതിനഞ്ചു ദിവസം ക്വാറന്റീനിൽ കഴിയണം. തിരികെപ്പോയ പ്രവാസികൾ നൽകിയ വിവരമനുസരിച്ചു ഒരുലക്ഷത്തി മുപ്പത്തി ഏഴായിരം രൂപയോളമാണിതിന് വേണ്ടി വരുന്ന ചെലവ്. മാത്രമല്ല. അതിനു ശേഷം സൗദിയിലെത്തി ഏഴു ദിവസത്തെ മുന്നേകൂട്ടി പണമടച്ചുള്ള നിർബന്ധിത ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീനിൽ കഴിയണം. 

2021 മേയ് മാസം ഇരുപതിന് സൗദി അറേബ്യ ഇറക്കിയ ഉത്തരവ് പ്രകാരം ഏഴു ദിവസത്തെ നിർബന്ധിത ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീന്റെ ചെലവ് വിമാന ടിക്കറ്റിൽ ഉൾപ്പെടുത്തി മുന്നേ കൂട്ടി ഈടാക്കേണ്ടതാണ്. ഇത് ഏകദേശം 300  മുതൽ 350 യു എസ്‌ ഡോളറാണ്. അതായതു ഏകദേശം ഇരുപത്താറായിരം രൂപ. ചുരുക്കത്തിൽ ഒരു മലയാളി തിരികെ സൗദി അറേബ്യയിലെത്താൻ ഒരു ലക്ഷത്തി അറുപത്തി മൂവായിരം രൂപയോളം ചിലവാക്കേണ്ടതുണ്ട്. നൈപുണ്യ  ശേഷിയിലും വിദ്യാഭ്യാസത്തിലും പിന്നോക്കം നിൽക്കുന്നവരാണ് തിരികെയെത്തിയ മലയാളികളിൽ ബഹുഭൂരിപക്ഷവും. ആയതിനാൽ തന്നെ ഇത്രയും ചെലവ് വഹിച്ചു കൊണ്ട് തിരികെ പോകുകയെന്നത് അവരെക്കൊണ്ട് താങ്ങാൻ കഴിയുന്ന ഒന്നല്ല.

വീസയുടെ കാലാവധി തീർന്ന പ്രവാസികളെ സംബന്ധിച്ചിടത്തോളം പുതിയ വീസ ലഭിക്കുകയെന്നതും, അതിനു വേണ്ടി വരുന്ന ചെലവ് കണ്ടെത്തുകയെന്നതും, അവിടെയെത്തി പുതിയ ജോലി അന്വഷിച്ചു കണ്ടെത്തുകയെന്നതും വലിയ വെല്ലുവിളിയാണുയർത്തുന്നത്. സൗദിയിലേക്ക് പുതിയ വീസ ലഭ്യമാണെങ്കിലും അതിനു വേണ്ടിവരുന്ന ഒരു ലക്ഷം രൂപ കൂടി യാത്ര ചിലവായ ഒരു ലക്ഷത്തി അറുപത്തിമൂവായിരം രൂപയോട് ചേർന്നാൽ ഒരു മലയാളിക്ക് തിരികെ സൗദിയിലെത്താൻ രണ്ടുലക്ഷത്തി അറുപത്തി മൂവായിരം രൂപ സങ്കടിപ്പിക്കണം. വരുമാനം വീട്ടിലെ ചിലവിനു മാത്രം തികഞ്ഞിരുന്ന ഒരു പ്രവാസിയുടെ സാമ്പത്തിക നീക്കിയിരുപ്പു പൂജ്യമായിരിക്കുമെന്നിരിക്കെ ഈ പണം സങ്കടിപ്പിച്ചു മടങ്ങിപ്പോകുകയെന്നത് ഒരിക്കലും സാധ്യമല്ല. മാത്രമല്ല പുതിയ വീസയിൽ അവിടെയെത്തി ജോലി ലഭിക്കുമോ എന്ന അനിശ്ചിതാവസ്ഥ നിലനിൽക്കുന്നുമുണ്ട്. 

Dubai airport uae police

അധികനാൾ തൊഴിലാന്വഷണം തുടരുകയെന്നത് ഗൾഫിലെ ഇന്നത്തെ ഉയർന്നു വരുന്ന ജീവിത ചിലവിൽ പ്രവാസികൾക്ക് സാധിക്കില്ല. ഉദാഹരണം പറഞ്ഞാൽ സൗദിയിൽ 2018 മുതൽ വൈദ്യുതിയ്ക്കും, വെള്ളത്തിനും നികുതിയുണ്ട്. നിലവിൽ അഞ്ചു ശതമാനമുള്ള  അവിടുത്തെ വാറ്റ് 2020 ജൂലൈ ഒന്നു മുതൽ പതിനഞ്ചു ശതമാനമായി ഉയർത്തി. തന്മൂലം ജീവിത ചിലവ് ഉയരുകയും അധികനാൾ തൊഴിലാന്വഷണം മുന്നോട്ടു കൊണ്ട് പോകാൻ പ്രവാസികൾക്കാകില്ല.  

മാത്രമല്ല, അവിടെ തൊഴിൽ ചെയ്യുന്നവരുടെ വേതനത്തെ പരിമിതപ്പെടുത്തുന്നുണ്ട്. ഉയർന്ന വരുമാനത്തിൽ ജോലിചെയ്യുന്ന പ്രവാസികൾ ഈ ഉയർന്ന ചെലവ് വഹിച്ചുതന്നെ മടങ്ങിപ്പോകാൻ തയ്യാറാണെങ്കിലും രണ്ടു ഡോസ് വാക്‌സീൻ എടുക്കാൻ സാധിക്കാത്തതു യാത്രയെ തടയുന്ന മറ്റൊരു പ്രശ്നമായി അവശേഷിക്കുന്നു. ഇന്ത്യയിലെ വാക്‌സീൻ നയവും, വാക്‌സീൻ ദൗർലഭ്യതയുമാണിതിന് കാരണം. വാക്‌സീൻ നൽകുന്ന മുൻഗണന പട്ടികയിൽ ആദ്യം തന്നെ പ്രവാസികളെ ഉൾപെടുത്തേണ്ടിയിരുന്നു. കാരണം വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് മേലിൽ കുടിയേറ്റത്തിന്റെ അവശ്യ രേഖകളിൽ ഉൾപ്പെടുത്തപ്പെട്ടിരിക്കുന്നു

സർക്കാർ ചെയ്യേണ്ടത്?

ലോക്ഡൗൺ മൂലമുള്ള മലയാളികളുടെ ഇപ്പോഴത്തെ മടങ്ങി വരവ് കേരളത്തിന് വളരെ നിർണായകമായിക്കൊണ്ടിരിക്കുന്നുവെന്ന തിരിച്ചറിവുണ്ടാകേണ്ടതുണ്ട്. പ്രത്യേകിച്ച് മടങ്ങി വരുന്നവരിൽ ഏറിയ പങ്കും ചെറുപ്പക്കാരാണെന്നുള്ളത് വിഷയത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നുവെന്നു മാത്രമല്ല സർക്കാർ സംവിധാനങ്ങളുടെ ഇടപെടലുകൾ അനിവാര്യമായി വരുന്നു. സിഡിഎസ് നടത്തിയ പഠനം വെളിവാക്കുന്നത് കേരളത്തിൽ നിന്നും ഗൾഫിലേക്ക് കുടിയേറുന്ന ഒരു പ്രവാസിയുടെ ശരാശരി പ്രായം 35 വയസ്സാണെങ്കിൽ തിരിച്ചെത്തുന്ന ഒരു മലയാളി പ്രവാസിയുടെ ശരാശരി പ്രായം 48 ആണ്. തിരികെയെത്തുന്നവരിൽ തിരികെ പോകാൻ ആഗ്രഹിക്കുന്ന പ്രവാസികളുടെ മടങ്ങിപ്പോക്കിന് ഉതകുന്ന നൈപുണ്യ വികസനം സാധ്യമാക്കാനുള്ള ഫ്ലാഗ്ഷിപ് പരിപാടികൾ അടിയന്തിരമായി നടപ്പിലാക്കേണ്ടതുണ്ട്. 

nri-norka-roots

നോർക്ക എന്ന സംവിധാനം രൂപപ്പെടുത്തുക വഴി പ്രവാസി ക്ഷേമത്തിനായി സർക്കാർ നേരിട്ട് നടപടികൾ സ്വീകരിച്ച സംസ്ഥാനമെന്ന ഖ്യാതി കൈവരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളം. എന്നാൽ നോർക്ക ഇന്ന് വരെ പ്രതീക്ഷകൾക്കൊത്തു ഉയർന്നില്ലായെന്നത് ഖേദകരമായ വസ്തുതയാണ്. ആയതിനാൽ തന്നെ സർക്കാർ മുൻകൈയെടുത്തു പ്രശ്നാധിഷ്ഠിത പരിഹാരത്തിനായുള്ള ഒരു പ്രവാസി കോവിഡ് പുനരധിവാസ പാക്കേജിന് രൂപം നൽകാൻ വൈകരുത്. 

പ്രശ്നാധിഷ്ഠിതം എന്നു പറയാൻ കാരണം കോവിഡ് രണ്ടാം വരവിൽ തിരികെ പോകാനായി നിൽക്കുന്ന പല പ്രവാസികൾക്കും അവരുടെ മുന്നേയുള്ള തൊഴിലിൽ പുനഃപ്രവേശിക്കുകയെന്നത് സാധ്യമല്ലായെന്നു മുകളിൽ വിവരിച്ചല്ലോ. ആയതിനാൽ തന്നെ അവർക്കായി നാട്ടിൽ ഒരു സ്ഥിര വരുമാനം ഉണ്ടാക്കാൻ സഹായിക്കുന്ന പദ്ധതികൾ സാധ്യമാക്കാനായി ഒരു പ്രവാസി നിധി രൂപപ്പെടുത്തണം. സ്വയം തൊഴിൽ തുടങ്ങാൻ ശാസ്ത്രീയമായ ഉപദേശ നിർദേശങ്ങൾ നൽകാനും, തുടങ്ങിയ പദ്ധതികളെ മോണിറ്റർ ചെയ്യാനുമായി വിദഗ്ധരുടെ സേവനം ലഭ്യമാക്കിയുള്ള ഒരു പ്രത്യേക സംവിധാനവും നോർക്കയുടെ നേതൃത്വത്തിൽ തുടങ്ങണം. ലഭ്യമാക്കുന്ന സർക്കാർ സേവന-പദ്ധതികളെപ്പറ്റിയുള്ള വിവരങ്ങൾ അർഹരായ പ്രവാസികളിൽ എത്തുന്നുണ്ടെന്ന് സർക്കാർ ഉറപ്പാക്കുകയും വേണം.  

മാത്രമല്ല പ്രവാസം എന്ന ഒരു പ്രത്യക മന്ത്രാലയം കേരളത്തിൽ സൃഷ്ടിക്കാനായാൽ ആ മന്ത്രാലയത്തിന് അത്ഭുതങ്ങൾ കേരളത്തിലെ പ്രവാസ സമൂഹത്തിനായി സാധ്യമാക്കാൻ കഴിയും. തിരികെപ്പോകാൻ സാധിക്കാത്തവർക്ക് പെൻഷനുൾപ്പെടെയുള്ള സുസ്ഥിര സാമൂഹിക ക്ഷേമ പദ്ധതികൾ ആവിഷ്കരിക്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ മഹാമാരിയുടെ തുടർച്ചയായി ക്‌ളേശമനുഭവിക്കുന്ന നിരവധി പ്രവാസ കുടുംബത്തിനു ആത്മവിശ്വാസത്തോടെ ഭാവിയെ സമീപിക്കാൻ സാധിക്കൂ. നമുക്ക് ഇതിനുള്ള ധാർമിക ബാധ്യതയുമുണ്ട്. കാരണം വർത്തമാന കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക  പരിവർത്തനത്തിനു ചാലക ശക്തിയായി വർത്തിച്ചത് പ്രവാസി ധനമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com