ADVERTISEMENT

ദോഹ∙ ഖത്തറിൽ പ്രവേശന-ക്വാറന്റീൻ ചട്ടങ്ങൾ പുതുക്കിയതോടെ വിമാനത്താവള നടപടിക്രമങ്ങളിൽ സമഗ്രമാറ്റം. ഖത്തർ നിഷ്കർഷിക്കുന്ന രേഖകൾ കൈവശമുള്ളവർക്കു മാത്രമാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നു യാത്രാനുമതി നൽകുക.

ഹമദ് വിമാനത്താവളത്തിലും കർശന പരിശോധനയുണ്ടാകും. ഫൈസർ, മൊഡേണ, അസ്ട്ര സെനക്ക (കോവിഷീൽഡ്), ജോൺസൺ ആൻഡ് ജോൺസൺ, സിനോഫാം വാക്സീനുകൾ എടുത്തവർക്കു മാത്രമാണ് പ്രവേശനാനുമതി.

6 മാസത്തിൽ കുറഞ്ഞ കാലയളവിൽ ഖത്തറിന് പുറത്ത് താമസിച്ച ശേഷം മടങ്ങിയെത്തുന്നവർക്ക് എൻട്രി പെർമിറ്റ് വേണ്ടെന്നാണ് നിയമമെങ്കിലും കരുതുന്നതാണ് നല്ലതെന്ന് അധികൃതർ അറിയിച്ചു. എല്ലാ രേഖകളുടെയും പകർപ്പ് സൂക്ഷിക്കണം. വിമാനത്താവളത്തിൽ പിസിആർ പരിശോധനയുണ്ടാകുമെന്നതിനാൽ 300 റിയാൽ കരുതണം.

ഹമദ് വിമാനത്താളത്തിലിറങ്ങിയാലുടൻ ഖത്തർ സിം കാർഡ് ഉപയോഗിച്ച് ഇഹ്‌തെറാസ് ആപ് ഡൗൺലോഡ് ചെയ്യണം. ഹമദ് വിമാനത്താവളത്തിൽ സിം കാർഡ് വാങ്ങാം. കൊച്ചി വിമാനത്താവളത്തിലെ ബോർഡിങ് കൗണ്ടറിന് സമീപമുള്ള ഒൗട്ട്‌‌ലെറ്റിൽ ഖത്തർ സിം കാർഡ് സൗജന്യമായി ലഭിക്കും. 

ഖത്തർ ഐഡിയുള്ളവർക്ക് പ്രവേശനം എളുപ്പം

∙ ഖത്തർ ഐഡി ഉണ്ടെങ്കിൽ  വാക്‌സീൻ എടുത്തില്ലെങ്കിലും പ്രവേശനം അനുവദിക്കും. 18 വയസ്സിൽ താഴെയുളള കുട്ടികൾക്ക് വാക്‌സീൻ എടുത്ത രക്ഷിതാക്കൾക്കൊപ്പം മാത്രമാണ് പ്രവേശനം.

∙വാക്‌സീൻ എടുത്ത് 14 ദിവസം കഴിഞ്ഞ താമസവീസക്കാർക്ക് ക്വാറന്റീൻ വേണ്ട. വാക്സീൻ എടുത്തില്ലെങ്കിൽ 10 ദിവസം ഹോട്ടൽ ക്വാറന്റീനിൽ കഴിയണം. വാക്‌സീൻ എടുത്ത രക്ഷിതാക്കൾക്കൊപ്പം എത്തുന്ന 18 വയസ്സിൽ താഴെയുളള കുട്ടികൾ 10 ദിവസം വീട്ടിൽ ക്വാറന്റീനിൽ കഴിയണം.  

∙ സന്ദർശക, ടൂറിസ്റ്റ്, ബിസിനസ് വീസക്കാർക്ക് വാക്‌സിനേഷൻ പൂർത്തിയാക്കി 14 ദിവസം കഴിഞ്ഞു രാജ്യത്തെത്താം. ഇന്ത്യക്കാർക്ക് ഓൺ അറൈവൽ വീസ സേവനം പ്രാബല്യത്തിലുണ്ട്. 

കരുതേണ്ട മറ്റു രേഖകൾ

∙കാലാവധിയുള്ള ഐഡി, പാസ്‌പോർട്ട്, വാക്‌സിനേഷൻ സർട്ടിഫിക്കറ്റ്.

∙ നാട്ടിൽ നിന്നുള്ള യാത്രയുടെ 72 മണിക്കൂറിനുള്ളിൽ നടത്തിയ പിസിആർ പരിശോധനയുടെ നെഗറ്റീവ് റിപ്പോർട്ട്. 

∙ ആഭ്യന്തര മന്ത്രാലയത്തിന്റെ എക്‌സെപ്ഷനൽ എൻട്രി പെർമിറ്റ്.

∙വാക്‌സീൻ എടുക്കാവർക്ക് ഹോട്ടൽ ക്വാറന്റീൻ റിസർവേഷൻ രേഖ നിർബന്ധം.

ഖത്തറിലെത്തിയാൽ എന്തൊക്കെ

∙ ഹോട്ടൽ ക്വാറന്റീനിൽ കഴിയേണ്ടവർ എമിഗ്രേഷനു മുൻപുള്ള പ്രത്യേക കൗണ്ടറിൽ റിപ്പോർട്ട് ചെയ്യണം. ഇവർക്ക് ഹോട്ടലിലെത്തുമ്പോഴാണ് കോവിഡ് പരിശോധന നടത്തുക. ക്വാറന്റീൻ വേളയിൽ ഇഹ്‌തെറാസ് പ്രൊഫൈൽ സ്റ്റാറ്റസ് മഞ്ഞ ആയിരിക്കും.

∙പിസിആർ പരിശോധനയ്ക്കുള്ള റജിസ്‌ട്രേഷൻ കൗണ്ടറിൽ റിപ്പോർട്ട് ചെയ്യുന്നതാണ് അടുത്തഘട്ടം. ഖത്തർ ഐഡി അല്ലെങ്കിൽ പാസ്‌പോർട്ട്, വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് എന്നിവ നൽകണം. കോവിഡ് പരിശോധനയ്ക്കുള്ള കിറ്റ് ഇവിടെനിന്നു നൽകും.  

∙തുടർന്നു കാഷ് കൗണ്ടറിൽ കോവിഡ് പരിശോധനയ്ക്കുള്ള 300 റിയാൽ അടയ്ക്കണം. അതിന്റെ രേഖയുമായി സമീപത്തെ കൗണ്ടറിൽ ചെന്നാൽ പരിശോധന നടത്തും. 

∙എമിഗ്രേഷൻ കൗണ്ടറിൽ കോവിഡ് പരിശോധനാ രേഖകളും കാണിക്കണം.  നടപടികൾ പൂർത്തിയാക്കി ബാഗേജുകൾ സ്വീകരിച്ചശേഷം അടുത്ത കൗണ്ടറിൽ  വീണ്ടും കോവിഡ് പരിശോധനാ രേഖ, എൻട്രി പെർമിറ്റ് എന്നിവ കാണിക്കണം. 

∙ പുറത്തേക്ക് ഇറങ്ങും മുൻപ് സുരക്ഷാ ഉദ്യോഗസ്ഥനെ എക്സെപ്ഷനൽ എൻട്രി പെർമിറ്റ് കാണിക്കണം.

English Summary: Qatar opens for fully vaccinated international travellers. Grants visa waiver for eligible Indians.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com