ADVERTISEMENT

ദോഹ∙ സമ്പർക്കരഹിത സാങ്കേതിക വിദ്യകളും കോവിഡ് സുരക്ഷയും മധ്യപൂർവ ദേശത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി ഖത്തറിന്റെ ഹമദ് രാജ്യാന്തര വിമാനത്താവളത്തെ മാറ്റിയതായി റിപ്പോർട്ട്. വിമാനത്താവളത്തിലുടനീളം കർശന കോവിഡ് പ്രോട്ടോക്കോൾ നടപ്പാക്കിയും സമ്പർക്കരഹിത യാത്രാനടപടികൾക്കായി നൂതന സാങ്കേതിക വിദ്യകൾ സ്ഥാപിച്ചും ജീവനക്കാരുടെയും യാത്രക്കാരുടെയും സമഗ്ര ആരോഗ്യസുരക്ഷ ഉറപ്പാക്കിയുമുള്ള പ്രവർത്തനമാണു ഹമദ് വിമാനത്താവളത്തെ തിരക്കേറിയതാക്കി മാറ്റിയതെന്നു പ്രമുഖ ട്രാവൽ അനലിറ്റ്ക്‌സ് സ്ഥാപനമായ ഫോർവേഡ്കീസിന്റെ പുതിയ ഗവേഷണ റിപ്പോർട്ടിൽ പറയുന്നു.

ഈ വർഷം ജൂൺ 30 വരെയുളള കണക്കു പ്രകാരം ദോഹ വഴിയുള്ള യാത്രയ്ക്കായി ബുക്ക് ചെയ്ത വിമാന ടിക്കറ്റുകളുടെ എണ്ണത്തിൽ ദുബായ് വിമാനത്താവളത്തെക്കാൾ 18 ശതമാനമാണ് വർധന. വരും മാസങ്ങളിലേക്കുള്ള ബുക്കിങ്ങിലും 17 ശതമാനം ദോഹ തന്നെയാണ് മുൻപിൽ. അയൽരാജ്യങ്ങളുടെ ഉപരോധം പിൻവലിച്ചതും കൂടുതൽ നഗരങ്ങളിലേക്കു ഖത്തർ എയർവേയ്‌സ് സർവീസ് തുടങ്ങിയതുമാണ് ഹമദ് വിമാനത്താവളത്തിലൂടെയുള്ള യാത്രക്കാരുടെ തിരക്ക് വർധിക്കാൻ കാരണം. 2020 മാർച്ചിൽ കോവിഡിന്റെ തുടക്കത്തിൽ ആഗോളതലത്തിൽ വിമാനത്താവളങ്ങൾ ഓരോന്നായി അടച്ചുപൂട്ടിയപ്പോഴും ലോകോത്തര നിലവാരത്തിലുള്ള സേഫ്റ്റി നടപടികളും നൂതന സമ്പർക്കരഹിത സാങ്കേതിക വിദ്യകളും നടപ്പാക്കി കോവിഡിന്റെ വെല്ലുവിളികളെ അതിജീവിച്ചു ഹമദ് വിമാനത്താവളം പ്രവർത്തിച്ചിരുന്നു. വിവിധരാജ്യങ്ങളിലെ പൗരന്മാരെ സ്വദേശങ്ങളിലേക്ക് എത്തിക്കാനും ആഗോള തലത്തിലേക്കുള്ള ഭക്ഷ്യ, മെഡിക്കൽ ഉൽപന്നങ്ങൾ എത്തിക്കുന്നതിനുമുള്ള പ്രധാന ഹബ് ആയാണ് ഹമദ് വിമാനത്താവളം പ്രവർത്തിച്ചത്.

സ്‌കൈട്രാക്‌സിന്റെ കോവിഡ്-19 എയർപോർട്ട് സേഫ്റ്റി റേറ്റിങ് ലഭിച്ച മധ്യപൂർവദേശത്തെയും ഏഷ്യയിലേയും പ്രഥമ വിമാനത്താവളമാണ് ഹമദ്.

qatar-airport

പ്രവാസികൾക്ക് ഇടത്താവളമായി ഖത്തർ

ദോഹ∙ ഇന്ത്യക്കാർക്ക് യുഎഇയിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തിയതോടെ യുഎഇയിൽ ജോലി ചെയ്യുന്ന, നാട്ടിൽ കുടുങ്ങിയ പ്രവാസികളിൽ മിക്കവരും ഖത്തർ വഴിയാണ് ഇപ്പോൾ യുഎഇയിലേക്കു പ്രവേശിക്കുന്നത്.

ഇന്ത്യയ്ക്ക് പുറത്തു കോവിഡ് വ്യാപനം കുറഞ്ഞ രാജ്യങ്ങളിൽ 14 ദിവസം താമസിച്ച ശേഷം ഇന്ത്യക്കാർക്ക് യുഎഇയിൽ പ്രവേശിക്കാൻ കഴിയുമെന്നതിനെ തുടർന്നാണു പ്രവാസികളുടെ ഇടത്താവളമായി ഖത്തർ മാറിയത്. 

സൗദി, ഒമാൻ രാജ്യങ്ങളിലേക്കു പോകേണ്ടവരും ഖത്തർ വഴിയുള്ള യാത്രയാണു തിരഞ്ഞെടുത്തിരിക്കുന്നത്. അതേസമയം ഖത്തറിൽ ഓൺ അറൈവൽ, സന്ദർശക വീസയിൽ പ്രവേശിക്കണമെങ്കിൽ ഖത്തർ അംഗീകൃത കോവിഡ് വാക്‌സിനേഷൻ പൂർത്തിയാക്കിയവരാകണം എന്നതാണ് നിബന്ധന. ഇന്ത്യ ഖത്തറിന്റെ കോവിഡ് പട്ടികയിലെ റെഡ് വിഭാഗത്തിൽപെട്ട രാജ്യമായതിനാൽ 18 വയസ്സിൽ താഴെയുളള കുട്ടികൾക്കും വാക്‌സീൻ എടുക്കാത്ത സന്ദർശകർക്കും പ്രവേശനമില്ലെന്നതു നാട്ടിൽ തുടരുന്ന വാക്‌സിനെടുക്കാത്ത യുഎഇ പ്രവാസികളെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. 

വാക്‌സിനെടുക്കാത്ത കുട്ടികളുമായി ഖത്തർ വഴി യുഎഇയിലേക്ക് പോകാനാകുമോ എന്ന അന്വേഷണങ്ങളും കേരളത്തിൽ കഴിയുന്ന, വാക്‌സിനെടുത്ത യുഎഇ പ്രവാസികളിൽ നിന്ന് ദിവസേന എത്തുന്നുണ്ടെന്നു ട്രാവൽ ഏജൻസികളും വ്യക്തമാക്കി.

English Summary : Hamad International Airport becomes the busiest in Middle East

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com