ADVERTISEMENT

ദുബായ് ∙ ഹൈടെക് സാങ്കേതിക വിദ്യകളുടെ വേദിയായ എക്സ്പോയിൽ ഹൈപ്പർലൂപ് ഉൾപ്പെടെയുള്ള  അതിവേഗ ഗതാഗത പദ്ധതികളുമായി മത്സരിക്കാൻ രാജ്യാന്തര കമ്പനികൾ. ന്യൂജെൻ ഓട്ടോണമസ് വാഹനങ്ങളും അണിനിരക്കുന്നതോടെ പഴഞ്ചൻ സങ്കൽപങ്ങൾ അണിയറയിലേക്ക്.

സ്പാനിഷ് സ്റ്റാർട്ടപ്പ് കമ്പനി സെലെറോസ് ആണു ഹൈപ്പർലൂപ് സാങ്കേതികവിദ്യ അവതരിപ്പിക്കുക.  സ്െപയ്ൻ പവിലിയനിൽ ഇതിന്റെ മോഡൽ എത്തി. യുഎസ് കമ്പനിയായ വിർജിൻ ഹൈപ്പർലൂപും മറ്റു കമ്പനികളും ഉണ്ടാകും. വിർജിൻ ഹൈപ്പർലൂപിനാണു യുഎഇയിലെ പദ്ധതിയുടെ ചുമതല. അബുദാബിയിൽ നിന്നു ദുബായിലേക്കുള്ള 150 കിലോമീറ്റർ ഹൈപ്പർലൂപ് പാതയുടെ ആദ്യഘട്ടം പുരോഗമിക്കുകയാണ്.

മണിക്കൂറിൽ 1,200 കിലോമീറ്റർ വരെ വേഗത്തിൽ പോകാൻ കഴിയുന്ന ഹൈപ്പർലൂപ്പിൽ 12 മിനിറ്റ് കൊണ്ടു 126 കിലോമീറ്റർ താണ്ടി അബുദാബിയിൽ നിന്നു ദുബായിലെത്താം.  ഓട്ടോണമസ് എയർ ടാക്‌സി (എഎടി), പോഡുകൾ, ഹോവർ ബൈക്കുകൾ എന്നിവയ്ക്കു പിന്നാലെ സങ്കൽപങ്ങളിലെ പറക്കും തളികകളുടെ അപരന്മാരും എക്സ്പോയിൽ ഉണ്ടാകുമെന്നാണു സൂചന. കനേഡിയൻ കമ്പനിയാണു പറക്കുംതളികയുടെ അപരനായ 'സ്കൈഡൈവർ' അവതരിപ്പിക്കുക.

മണിക്കൂറിൽ 300 കിലോമീറ്റർ വരെ വേഗത്തിൽ പറക്കും. ഫ്ലൈയിങ് കാർ ഗണത്തിൽ പെടുന്നതാണെങ്കിലും രൂപത്തിൽ കാറുമായി സാമ്യമില്ല.  3.6 സെക്കൻഡ് കൊണ്ട് മണിക്കൂറിൽ 100 കിലോമീറ്റർ വേഗം കൈവരിക്കാനാവുന്ന ബിഎംഡബ്ല്യു സൂപ്പർകാർ,  300 മീറ്ററോളം ഉയരത്തിൽ പറക്കാനാവുന്ന എയർ ടാക്സി, ഭക്ഷണസാധനങ്ങളും ജ്യൂസുമായി അരികിലെത്തുന്ന സ്വയംനിയന്ത്രിത (ഓട്ടോണമസ്) വാഹനങ്ങൾ എന്നിങ്ങനെ സ്മാർട് നിര നീളുന്നു.

English Summary: Expo 2020 Dubai's French pavilion to showcase the future of transport.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com