‘സഹജീവിക്കായി ഇറാഖ് പൊലീസുകാരന്റെ കാലു പിടിച്ചു’; ഗൾഫ് യുദ്ധത്തിന്റെ ഓർമയിൽ മലയാളി
Mail This Article
കുവൈത്ത് സിറ്റി/ചെങ്ങന്നൂർ ∙ആർക്ക് മുൻപിലും തലകുനിക്കാനില്ലെങ്കിലും കുവൈത്തിലെ ടാറിട്ട റോഡിൽ ഇറാഖ് പൊലീസുകാരന്റെ കാലുപിടിച്ച ഓർമയുണ്ട് തിരുവല്ല സ്വദേശി ഏബ്രഹാം ഈപ്പന്. ഓരോ ഓഗസ്റ്റ് 2 കടന്നുവരുമ്പോഴും ആ ഓർമയും ഒപ്പമെത്തും. 1990 ഓഗസ്റ്റ് 2ന് ഇറാഖ് പട്ടാളം കുവൈത്തിൽ അധിനിവേശം നടത്തിയതിന്റെ അന്ധാളിപ്പുമായി കഴിഞ്ഞ നാളുകൾ.
വീടിനു മുകളിലൂടെയെന്നവണ്ണം ചീറിപ്പാഞ്ഞ വിമാനത്തിന്റെ ഇരമ്പം കേട്ടുണർന്നതാണ് ഏബ്രഹാമും കുടുംബവും. ആരോഗ്യമന്ത്രാലയത്തിൽ അമീരി ആശുപത്രിയിൽ ലാബ് ടെക്നിഷ്യയായ ഭാര്യ സുജ ഏബ്രഹാം പതിവ് പോലെ ഡ്യൂട്ടിക്കായി രാവിലെ 7ന് പുറപ്പെട്ടു.അവർ അവിടെ എത്തിയപ്പോഴാണ് അറിയുന്നത് പട്ടാളം കയറിയ വിവരം.സ്വകാര്യ കമ്പനി ഉദ്യോഗസ്ഥനായിരുന്ന ഏബ്രഹാം ജോലിക്കു പുറപ്പെട്ടപ്പോൾ വഴി നിറയെ പട്ടാളക്കാർ.വാഹനങ്ങളെല്ലാം പരിശോധിക്കുന്നു.
ഇന്ത്യക്കാരോട് എന്തോ മമതയുള്ളതുപോലെ തോന്നി പട്ടാളക്കാരുടെ പെരുമാറ്റത്തിൽ. ദിവസം കഴിയുന്തോറും സ്ഥിതിഗതികൾ വഷളായി. അതിഗുരുതര രോഗമുള്ളവരെയും ഗർഭിണികളെയും ഇന്ത്യയിലെത്തിക്കാൻ വിമാനം വരുന്നു എന്നറിഞ്ഞു ഗർഭിണിയായ സഹോദരിയെ വിമാനത്താവളത്തിൽ എത്തിക്കാനായി പുറപ്പെട്ടു. താമസിക്കുന്ന ഫ്ലാറ്റ് ഉൾപ്പെട്ട കെട്ടിടത്തിലുള്ള വടക്കേയിന്ത്യക്കാരനായ എൻജിനീയറും ആ വിമാനത്തിൽ പോകാനുണ്ടായിരുന്നു. തലയിൽ രക്തം കട്ട പിടിച്ച് ഗുരുതരാവസ്ഥയിലായിരുന്നു അദ്ദേഹം.വിമാനത്താവളത്തിലേക്കുള്ള വാഹനങ്ങളെല്ലാം വഴിയിൽ തടഞ്ഞിടുകയാണ്.
തന്റെ സഹോദരിയുമെത്തിയ വാഹനവും അക്കൂട്ടത്തിൽപെട്ടു. അപ്പോഴാണ് എൻജിനീയറുടെ വാഹനം വരുന്നത്. അതും തടയുന്നത് കണ്ടപ്പോൾ ഏബ്രഹാമിന്റെ നെഞ്ച് പിടച്ചു. അത്രയ്ക്കും അവശനായിരുന്നു അദ്ദേഹം. ഏതോ ഉൾവിളിയിൽ ഏബ്രഹാം അവിടെക്കണ്ട പട്ടാളക്കാരന്റെ കാൽക്കൽ വീണു കേണപേക്ഷിച്ചു. അറിയാവുന്ന ഭാഷയിൽ ആരോഗ്യനില വിവരിച്ചു. അലിവ് തോന്നിയ പട്ടാളക്കാരൻ എൻജിനീയറുടെ വാഹനം കടത്തിവിട്ടു. പ്രതിസന്ധിയും പ്രയാസവും മാത്രം നിറഞ്ഞ സാഹചര്യത്തിൽ സഹജീവിക്കുവേണ്ടി മറ്റൊരാളുടെ കാലിൽ വീണതിന്റെ ഓർമയാണ് ഏബ്രഹാമിന്റേത്.
അന്ന് നാട്ടിലേക്കു പോന്നതാണ് പിന്നീട് 5 വർഷം കഴിഞ്ഞാണ് വീണ്ടും കുവൈത്തിൽ എത്തിയത്. സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കു ശേഷം സാൽമിയയിൽ കൺമണി എന്ന പേരിൽ ഗ്രോസറി കടയും നടത്തിയിട്ടുണ്ട്. അങ്ങനെ `കൺമണി അച്ചായൻ` എന്ന പേരും ലഭിച്ചു. 2010ൽ കുവൈത്തിനോട് വിടപറഞ്ഞു.ഇപ്പോൾ ചെങ്ങന്നൂരിൽ സ്റ്റേഷനറിക്കട നടത്തുകയാണ്.
English Summary : Ex-nri shares his experience of gulf war