ADVERTISEMENT

ദുബായ് ∙  നാട്ടിലെത്തുന്ന പ്രവാസികൾ ഏഴുദിവസം ക്വാറന്റീനിൽ കഴിയണമെന്ന വ്യവസ്ഥയ്ക്കെതിരെ പ്രവാസലോകത്ത് പ്രതിഷേധം ശക്തം. സംഘടനകളും വ്യക്തികളും ഇത് ചോദ്യം ചെയ്തു രംഗത്തെത്തി.

ഇതര സംസ്ഥാനങ്ങളിൽ നിന്ന് നാട്ടിലെത്തുന്നവർക്ക് ഇല്ലാത്ത വ്യവസ്ഥകൾ വാക്സിനേഷനും കോവിഡ് പരിശോധനയും കഴിഞ്ഞ് എത്തുന്നവർക്ക് ഏർപ്പെടുത്തുന്നതിനെതിരെയാണ് പ്രതിഷേധം

കെ‌എം‌സി‌സി

കോവിഡ് വകഭേദങ്ങളുടെ വ്യാപനം കൂടിയ സാഹചര്യത്തിൽ സംസ്ഥാന ആരോഗ്യമന്ത്രി പ്രഖ്യാപിച്ച പുതിയ നിയന്ത്രണങ്ങൾ വെറും പ്രവാസി നിയന്ത്രണമാക്കരുതെന്ന് യുഎഇ കെ‌എം‌സി‌സി. പ്രവാസികൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്ന കാര്യം മാത്രമാണ് ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ടുകളിലുള്ളത്. പ്രവാസികൾക്കു മാത്രം നിരന്തരം പിസിആർ ടെസ്റ്റ് എന്ന നിബന്ധന പ്രവാസികളെ പിഴിയുന്നതിന് തുല്യമാണ്. സ്വകാര്യ ലാബുകളുടെ ഇംഗിതം നടപ്പാക്കുന്ന ഏജൻസിയായി സർക്കാർ സംവിധാനങ്ങൾ മാറരുത്.

പ്രവാസി സൗഹൃദ സംസ്ഥാനമെന്ന് കൊട്ടിഘോഷിക്കുന്ന കേരളത്തെ ഒരു പ്രവാസി ദ്രോഹ സംസ്ഥാനമാക്കരുതെന്ന് കെഎംസിസി യുഎഇ നാഷനൽ കമ്മിറ്റി പ്രസിഡന്റ് പുത്തൂർ റഹ്മാൻ, ജന. സെക്രട്ടറി പി.കെ അൻവർ നഹ, ട്രഷർ നിസാർ തളങ്കരയും എന്നിവർ ആവശ്യപ്പെട്ടു. പ്രവാസി മലയാളികൾ നാട്ടിൽ വരാനും നാട്ടിൽ നിൽക്കാനും തിരിച്ചു പോവാനുമുള്ള പൗരാവകാശങ്ങളെ വിലക്കുന്ന തരത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാതിരിക്കാൻ കേരളം ജാഗ്രത കാണിക്കണം.

പ്രവാസികളുടെ ചുമലിൽ ഭാരം കെട്ടിവയ്ക്കുന്ന തീരുമാനങ്ങൾ ഉണ്ടാകരുതെന്നും പുത്തൂർ റഹ്മാൻ വ്യക്തമാക്കി. പ്രതിരോധവും ജാഗ്രതയും നിയന്ത്രണവും എല്ലാവർക്കും എല്ലായിടത്തും ആവശ്യമാണ്. അതിൽ ഏതെങ്കിലും രാജ്യത്തുനിന്ന്  വരുന്ന പൗരന്മാരെ മാത്രം വേർതിരിച്ചു കാണുന്നത് പൗരാവകാശങ്ങളുടെ ലംഘനമാണെന്നും പി.കെ. അൻവർ നഹ ചൂണ്ടിക്കാട്ടി.

ഫുജൈറ ഇൻകാസ്

ഫുജൈറ∙ പ്രവാസികൾക്ക് പുതിയതായി ക്വാറന്റീൻ ഏർപ്പെടുത്തുന്ന തീരുമാനത്തിൽ ഫുജൈറ ഇൻകാസ് കമ്മിറ്റി പ്രതിഷേധിച്ചു. കേരളത്തിലുള്ളവർക്കും സംസ്ഥാനാന്തര യാത്രക്കാർക്കും നിയന്ത്രണങ്ങൾ നടപ്പാക്കാതെ പ്രവാസികളെ മാത്രം അടച്ചിടാൻ ശ്രമിക്കുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ മാത്രമാണെന്നും ശക്തമായി പ്രതികരിക്കേണ്ടി വരുമെന്നും ഇൻകാസ് ഫുജൈറ  പ്രസിഡന്റ് കെ.സി. അബൂബക്കർ പറഞ്ഞു. 

ഷാർജ ഇന്ത്യൻ അസോസിയേഷൻ

സംസ്ഥാന സർക്കാർ ഇത്ര ധൃതിപിടിച്ച് പ്രവാസികളെ മാത്രം കുറ്റക്കാരാക്കി ചിത്രീകരിച്ച് നടപടിയെടുത്തതിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രതിഷേധിച്ചു. യുഎഇയിലെ വാക്സിനേഷൻ നിരക്ക് 99 ശതമാനത്തിനു മുകളിലാണെന്നും ഇതിനു പുറമേ പിസിആർ പരിശോധനാ ഫലവുമായാണ് ഇവിടെ നിന്നുള്ള പ്രവാസികൾ നാട്ടിലെത്തുന്നതെന്നും അസോസിയേഷൻ പ്രസിഡന്റ് അഡ്വ.വൈ.എ റഹീം ചൂണ്ടിക്കാട്ടി. പരിചയ സമ്പത്ത് കുറഞ്ഞ ആരോഗ്യ മന്ത്രി സ്വീകരിച്ച തീരുമാനം പിൻവലിക്കാൻ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് സന്ദേശവും അയച്ചു. 

അജ്മാൻ ഇൻകാസ്

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ക്വാറന്റീൻ വ്യവസ്ഥയ്ക്കെതിരെഅജ്മാൻ ഇൻകാസ് സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു. തീരുമാനം പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു. പ്രസിഡന്റ് നസീർ മുറ്റിച്ചൂൻ അധ്യക്ഷത വഹിച്ചു. ഗീവർഗീസ് പണിക്കർ, റഫീഖ് മാനംകണ്ടത്, ശ്രീകുമാർ നമ്പ്യാർ, സൽവർദീൻ, ബിജു ജോൺ, ബാബു, സജീവൻ, സോണി ജോസഫ്, ജബ്ബാർ, അലി അളൂർ, സലാം എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com