ബജറ്റ്: നിരാശജനകം, പ്രവാസികളെ അവഗണിച്ചെന്ന് സംഘടനകൾ
Mail This Article
അബുദാബി/ദുബായ്∙ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര സർക്കാർ ബജറ്റ് വിദേശ ഇന്ത്യക്കാരെ തീർത്തും നിരാശപ്പെടുത്തുന്നതാണെന്ന് പ്രവാസി സംഘടനകൾ. കോവിഡ് പ്രതിസന്ധിയിൽ നട്ടംതിരിയുന്ന പ്രവാസികളുടെ ക്ഷേമത്തിനോ തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചെത്തുന്നവരുടെ പുനരധിവാസത്തിനോ ഒരു പദ്ധതിയുമില്ല.
ഇന്ത്യയ്ക്കു കോടിക്കണക്കിന് രൂപയുടെ വിദേശ നാണ്യം നേടിത്തരുന്ന പ്രവാസികളെ ബജറ്റിൽ പരാമർശിച്ചില്ല എന്നതും ഖേദകരമാണെന്നും സംഘടനാ ഭാരവാഹികൾ അഭിപ്രായപ്പെട്ടു.
നിരാശ, പാവങ്ങൾക്കും പ്രവാസികൾക്കും
മഹാമാരിയുടെ പെരുമഴക്കാലത്തു പാവങ്ങൾക്ക് നിരാശ സമ്മാനിച്ചു. 5ജിയും ഡിജിറ്റൽ കറൻസിയുമൊന്നും ഇന്ത്യയിലെ ജനകോടി ദരിദ്രർക്ക് ഒരു ഗുണകരമാകില്ല. വിവിധങ്ങളായ പ്രശ്നങ്ങളിൽ ദുരിതമനുഭവിക്കുന്ന പ്രവാസി സമൂഹത്തിന്റെ നന്മയ്ക്കു വേണ്ടി ഒരു ചെറിയ പദ്ധതി പോലുമുണ്ടായില്ല-ടി.കെ അബ്ദുസലാം, ജന.സെക്ര, അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ
ദീർഘവീക്ഷണത്തോടെ ഉള്ള ബജറ്റ്
പ്രവാസികൾക്ക് പ്രത്യേകമായി ഒന്നുമില്ലെങ്കിലും ദീർഘവീക്ഷണത്തോടെയുള്ളതാണ് ബജറ്റ്. അടിസ്ഥാന സൗകര്യവികസനം, പരിസ്ഥിതി സൗഹാർദ കൃഷി, പരമാവധി സൗരോർജം, ഹൈടെക് നഗരവികസനം, ആരോഗ്യ, വിദ്യാഭ്യാസ മേഖലയിലെയും ആധുനികവൽക്കരണം തുടങ്ങിയവ സ്വാഗതാർഹം. മൈക്രോ ചിപ്പ് ഘടിപ്പിച്ച പാസ്പാർട്ട് യാത്ര സുഗമമാക്കും. ആർബിഐ മേൽനോട്ടത്തിൽ ഇ-റുപ്പി വരുന്നതും മികച്ച ചുവടുവയ്പ്പാണ്-കെ.വി. ഷംസുദ്ദീൻ പ്രവാസി ബന്ധു വെൽഫയർ ട്രസ്റ്റ് ചെയർമാൻ
പ്രഖ്യാപനപ്രസംഗം
ബജറ്റിനെ പ്രഖ്യാപന പ്രസംഗങ്ങളാക്കി ബിജെപി സർക്കാർ മാറ്റി. 5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് ചില പദ്ധതികളുടെ പേര് പ്രഖ്യാപിച്ചു. പ്രവാസികളുടെയോ സാധാരണക്കാരുടെയോ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള യാതൊരു പരാമർശവുമില്ല. കോവിഡ് ബാധിച്ച് മരിക്കുന്ന പ്രവാസികളെ കുറിച്ച് സൂചിപ്പിച്ചില്ല. പൊതുമേഖല സ്വത്തുക്കൾ വിറ്റഴിക്കുന്ന സർക്കാരിൽനിന്ന് പ്രവാസികൾ ഒന്നും പ്രതീക്ഷിക്കേണ്ടതില്ല. ഇതിനെതിരെ പ്രവാസികൾ ഒറ്റക്കെട്ടായി പ്രതികരിക്കണം-പുന്നക്കൻ മുഹമ്മദലി. സാമൂഹികപ്രവർത്തകൻ
ബജറ്റ് നിരാശാജനകം
ഒട്ടേറെ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന പ്രവാസി സമൂഹത്തെ പൂർണമായും അവഗണിച്ച ബജറ്റ്. പ്രതിസന്ധി ഘട്ടത്തിലും രാജ്യത്തെ പ്രവാസി നിക്ഷേപം 14,000 കോടി ഡോളറാണെന്ന സാമ്പത്തിക റിപ്പോർട്ടിനു തൊട്ടുപിന്നാലെയാണ് ഈ അവഗണന. രാജ്യ വികസനത്തിനു മുതൽക്കൂട്ടാകുന്ന പ്രവാസികളെ അവഗണിച്ചത് നിരാശാജനകം. പ്രവാസിക്ഷേമം, വിദ്യാഭ്യാസം, പുനരധിവാസം തുടങ്ങി ഒരുനടപടിയും സ്വീകരിക്കാത്ത കേന്ദ്ര നിലപാടിൽ ശക്തമായി പ്രതിഷേധിക്കുന്നു-ഷുക്കൂറലി കല്ലുങ്ങൽ, പ്രസി. അബുദാബി കെഎംസിസി
ജീവിതം ദുസ്സഹമാക്കും
പ്രവാസികളെയും കേരളത്തെയും അവഗണിച്ച ബജറ്റ്. ഏറെ കാലമായി കേരളം ആവശ്യപ്പെടുന്ന ‘എയിംസ്’ അനുവദിക്കാത്തത് പ്രതിഷേധാർഹം. സാധാരണക്കാരെ അവഗണിക്കുക മാത്രമല്ല അവരുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കുന്ന കാര്യങ്ങളാണ് ബജറ്റിൽ ഉള്ളത്. കർഷകർക്ക് പരിഗണനയില്ല. എയർ ഇന്ത്യയ്ക്കു പിന്നാലെ എൽഐസിയെയും സ്വകാര്യവൽക്കരിക്കാനുള്ള നീക്കം ജനദ്രോഹപരമാണ്-വി.പി കൃഷ്ണകുമാർ, കേരള സോഷ്യൽ സെന്റർ, അബുദാബി
ജനോപകാരപ്രദമല്ല
സാധാരണക്കാരുടെയും അടിസ്ഥാന ജനവിഭാഗങ്ങളുടെയും പ്രശ്നങ്ങൾക്കു നേരെ മുഖംതിരിച്ച ബജറ്റ്. നികുതിയുമായി ബന്ധപ്പെട്ട നിഗൂഢതകൾ നിറഞ്ഞ പ്രഖ്യാപനങ്ങൾ മാത്രം. ജനോപകരമായ പ്രഖ്യാപനമുണ്ടായില്ല. തൊഴിൽ മേഖല പുനരുജ്ജീവിപ്പിക്കാനോ തിരിച്ചെത്തുന്ന പ്രവാസികളെ പുരനധിവസിപ്പിക്കാനോ വിലക്കയറ്റം നിയന്ത്രിക്കാനോ ബജറ്റിനു സാധിച്ചില്ല-നിബു സാം ഫിലിപ്പ്, ട്രഷ, ഇൻകാസ് അബുദാബി
തൊഴിലില്ലായ്മ നേരിടുന്നതെങ്ങനെ
ലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ കൊണ്ടുവരും എന്ന് പ്രഖ്യാപിച്ച ബജറ്റിൽ നിലവിൽ ഇന്ത്യ നേരിടുന്ന തൊഴിലില്ലായ്മ എങ്ങനെ പരിഹരിക്കുമെന്നത് സംബന്ധിച്ച് നിർദേശമില്ല. കോവിഡിനെ അതിജീവിക്കാനും സംസ്ഥാനങ്ങളെ സാമ്പത്തികമായി ശക്തിപ്പെടുത്തുന്നതിനും വേണ്ടിയുള്ള നിർദേശങ്ങളും പ്രഖ്യാപനങ്ങളും ഉണ്ടായിട്ടില്ല. സമഗ്ര അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ടുള്ള 100 ലക്ഷം കോടി രൂപയുടെ പദ്ധതി സ്വാഗതാർഹമാണ്. ഈ പ്രഖ്യാപനങ്ങൾ സമയബന്ധിതമായി നടപ്പാക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു-സലിം ചിറക്കൽ, പ്രസിഡന്റ്, അബുദാബി മലയാളി സമാജം.