ആവേശം ഉണര്‍ത്തി ഖത്തറിന്റെ ദേശീയ കായിക ദിനാഘോഷം
Mail This Article
ദോഹ. രാജ്യമെങ്ങും കായികാവേശം ഉണര്‍ത്തി ഖത്തറിന്റെ ദേശീയ കായിക ദിനാഘോഷം സജീവം. ജനതയ്‌ക്കൊപ്പം കായികദിനമാഘോഷിച്ച് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയും ആവേശം പകര്‍ന്ന് ഫുട്‌ബോള്‍ ഇതിഹാസം ഡേവിഡ് ബെക്കാമും. ആസ്പയര്‍ സോണ്‍, കത്താറ കള്‍ചറല്‍ വില്ലേജ്, ഖത്തര്‍ ഫൗണ്ടേഷന്‍, അല്‍ബെയ്ത് സ്റ്റേഡിയം പാര്‍ക്ക് തുടങ്ങി രാജ്യമെങ്ങും കായികദിന പരിപാടികള്‍ പുരോഗമിക്കുകയാണ്. രാവിലെ 8ന് തുടങ്ങിയ പരിപാടികള്‍ വൈകിട്ടു വരെ നീളും.
ഇന്ന് രാവിലെ ഫിഫ ലോകകപ്പ് കിക്കോഫ് വേദിയായ അല്‍ഖോറിലെ അല്‍ ബെയ്ത്ത് സ്‌റ്റേഡിയം പാര്‍ക്കില്‍ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കൊപ്പമാണ് അമീര്‍ കായികദിനം ആഘോഷിച്ചത്. ഖത്തര്‍ ഫൗണ്ടേഷനിലെ കായിക ദിന പരിപാടികളില്‍ ആവേശം പകരാന്‍ ഫുട്‌ബോള്‍ ഇതിഹാസം ഡേവിഡ് ബെക്കാം ആണ് എത്തിയത്.
പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്ലസീസ് അല്‍താനി രാവിലെ ലുസെയ്ല്‍ മറീന പ്രോമനെഡില്‍ മൊറോക്കന്‍ പ്രധാനമന്ത്രി അസീസ് അഖാനൗച്ചിനൊപ്പം നടത്തത്തിലും പങ്കെടുത്തു. ഹമദ് ബിന്‍ ഖലീഫ മെഡിക്കല്‍ സിറ്റിയില്‍ ജീവനക്കാര്‍ക്കൊപ്പം നടത്തത്തില്‍ പങ്കെടുത്താണ് പൊതുജനാരോഗ്യ മന്ത്രി ഡോ.ഹനാന്‍ മുഹമ്മദ് അല്‍ ഖുവാരി കായികദിനം ആഘോഷിച്ചത്.