ADVERTISEMENT

ദുബായ് ∙അതിവേഗ സേവനങ്ങളുമായി ദുബായ് പൊലീസിന്റെ സ്മാർട് പൊലീസ് സ്റ്റേഷൻ (എസ്പിഎസ്)ഇനി ഒഴുകിയെത്തും. നഗരത്തിനു പുറത്ത് ദ് വേൾഡ് ഐലൻഡ്സിലും മറ്റും താമസിക്കുന്നവരുടെ സൗകര്യാർഥമാണ് ഒഴുകുന്ന സ്റ്റേഷൻ ഒരുങ്ങുന്നത്. എക്സ്പോയിൽ ഇതിന്റെ മാതൃക പ്രദർശിപ്പിച്ചു.

3 നിലയുള്ള രാജകീയ ബോട്ടിന്റെ ഒരു നില വെള്ളത്തിനടിയിലും 2 നിലകൾ മുകളിലുമാണ്.  ഉദ്യോഗസ്ഥരില്ലാത്ത സ്റ്റേഷനിൽ എല്ലാ സ്മാർട് സേവനങ്ങളും വിരൽത്തുമ്പിൽ. സാങ്കേതിക സംവിധാനങ്ങളും മറ്റുമാണ് താഴത്തെ നിലയിലുള്ളത്. ജലോപരിതലത്തിലെ ആദ്യ നിലയിലാണ് സന്ദർശകർക്കുള്ള സേവന മേഖല. ഡ്രോണുകളും മറ്റും ഉൾപ്പെടുന്ന നിരീക്ഷണ സംവിധാനങ്ങളാണ് മുകൾ നിലയിലുള്ളത്.

ബോട്ടുകൾ, യോട്ടുകൾ, വഞ്ചികൾ എന്നിവയിൽ പോകുന്നവർക്ക് പരാതികൾ നൽകാനും പിഴകളടയ്ക്കാനും മറ്റു സേവനങ്ങൾക്കും ഉപയോഗപ്പെടുത്താം. അറബിക്, ഇംഗ്ലിഷ്, സ്പാനിഷ്, ഫ്രഞ്ച്, ജർമൻ, റഷ്യൻ, ചൈനീസ് ഭാഷകളിൽ 45 സേവനങ്ങൾ ലഭ്യമാണ്. എല്ലാ ദിവസവും രാത്രിയും പകലും പ്രവർത്തിക്കും. നഗരത്തിൽ 15ൽ ഏറെ സ്മാർട് പൊലീസ് സ്റ്റഷനുകളാണുള്ളത്. എക്സ്പോയിൽ മാത്രം നാലെണ്ണം.

2017ലാണ് സ്മാർട് പൊലീസ് സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചത്. പരാതി റജിസ്റ്റർ ചെയ്ത് 25 മിനിറ്റിനകം വിവരങ്ങൾ ലഭ്യമാകും.നിശ്ചയദാർഢ്യവിഭാഗക്കാർക്കും സൗകര്യമൊരുക്കിയിട്ടുണ്ട്. കേന്ദ്രീകൃത ശൃംഖലയുമായി ബന്ധിപ്പിച്ച 'എസ്പിഎസ് എക്സ്പ്രസ്' സംവിധാനമുള്ളതാണ് മറ്റൊരു പ്രത്യേകത. രാത്രിയിൽ പോലും സൂക്ഷ്മമായി ചിത്രങ്ങൾ പകർത്താൻ കഴിയുന്ന വിഡിയോ ക്യാമറകളോടു കൂടിയ സ്മാർട് സംവിധാനമാണിത്.

അടിയന്തര സാഹചര്യങ്ങളിൽ പൊലീസിനെ വിവരം ധരിപ്പിക്കാൻ നിമിഷങ്ങൾക്കുള്ളിൽ കഴിയും. പരാതിക്കാർ ഈ ഉപകരണത്തിൽ എമിറേറ്റ്സ് ഐഡി  സ്കാൻ ചെയ്താൽ പ്രവർത്തനസജ്ജമാകും. തുടർന്നുള്ള നിർദേശങ്ങൾ പാലിച്ച് ഏതു സേവനവും തേടാം. പരാതിക്കാരെക്കുറിച്ചുള്ള വിവരങ്ങൾ രഹസ്യമായിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com