പുട്ടുകുറ്റിയിലുണ്ട് ഐസ്ക്രീം, കോണിലെത്തും പായസ ക്രീം; കരിക്കുണ്ടോ, കഥമാറും !
Mail This Article
ദുബായ് ∙ കപ്പിലും കോണിലും രുചിയുടെ 'ഐക്യമുന്നണി' തീർത്ത് ഐസ് ക്രീം കാലം. ഐസ്ക്രീം രുചിയുള്ള പായസവും പാലട പ്രഥമന്റെ രുചിയുള്ള ഐസ്ക്രീമുമാണ് മനം കവരുന്നത്. വേനൽ അടുത്തതോടെ ഐസ്ക്രീം കടകൾ സജീവമാകുകയാണ്.
കരിക്ക് മുതൽ ചക്കപ്പഴം വരെ ഐസ്ക്രീമിൽ ഒളിഞ്ഞും തെളിഞ്ഞും കൊതിപ്പിക്കുന്നു. ലോകത്തെ സകല ബ്രാൻഡുകളുമുള്ള ദുബായിൽ മലയാളത്തിന്റെ നാട്ടുരുചികൾക്ക് 'ഇന്റർനാഷനൽ ഗ്ലാമർ'. പാലട ഐസ്ക്രീം സ്വദേശികളും ഫിലിപ്പിനോകളും ഇഷ്ടപ്പെടുന്നതായി കച്ചവടക്കാർ പറയുന്നു.
പാലടയിലെ അടമാറ്റി പ്രത്യേക രീതിയിൽ ക്രീമാക്കി ഐസ്ക്രീം കോണിൽ വിളമ്പുന്നു. തണുപ്പിച്ച പാലടയ്ക്കു പുറമേ ബോളി, കേക്ക്, പാലട, വെണ്ണ, പാൽ എന്നിവ വിവിധ പാളികളായി ചെറു കുപ്പിപ്പാത്രത്തിലാക്കി തണുപ്പിച്ചെടുക്കുന്ന വണ്ടർകേക്ക് തുടങ്ങിയവയും ലഭ്യമാണ്. പുട്ട് ഐസ്ക്രീമാണ് മറ്റൊരു താരം.
ഫ്രീസറിൽ നിന്നെടുത്ത പുട്ടുകുറ്റിയിൽ നിന്ന് 'ആവി' പറക്കുന്ന 'പുട്ട്' നേരെ പ്ലേറ്റിലേക്കു വീഴുമ്പോൾ ഐസ്ക്രീം കുടുംബത്തിലെ താരങ്ങളെ കാണാം. വനില, സ്ട്രോബറി, ചോക്‌ലേറ്റ്, ബട്ടർസ്കോച്ച്, പലതരം പഴങ്ങൾ എന്നിവ പാളികളായി അടുക്കിയ പുട്ട് ഐസ്ക്രീം മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ പ്രിയങ്കരം. ഇതിലുമുണ്ട് ചില വെറൈറ്റികൾ.
കരിക്കുണ്ടോ, കഥമാറും!
ഐസ്ക്രീമിന്റെ കാര്യത്തിൽ ഫിലിപ്പിനോകളും ഒപ്പത്തിനൊപ്പം. കരിക്ക്, ചക്ക, മാങ്ങ, പൈനാപ്പിൾ, മാതളം, ആപ്പിൾ തുടങ്ങിയ ഏതു പഴവും സീസൺ മാറുന്നതിനുസരിച്ച് ഐസ്ക്രീമിൽ കാണാം. ഇതിൽ കരിക്കാണ് 'സകലകാല താരം'. കരിക്ക് അരച്ച് ക്രീം ആക്കിയതും തേങ്ങാപ്പാലുമൊക്കെ ചേർന്ന ഐസ്ക്രീമുകൾ മലയാളികളും ഇഷ്ടപ്പെടുന്നു.
പുഡ്ഡിങ്, ഫ്രൂട് സാലഡ് എന്നിവയിലും കരിക്ക് വിട്ടൊരു കളിയില്ല. ഫിലിപ്പീൻസിലെ ജനപ്രിയ ഫ്രൂട് സാലഡ് ആണിത്. ചക്കപ്പഴം, കരിക്ക്, ഏത്തപ്പഴം, ചോക് ലേറ്റ്, ഐസ്ക്രീം, പാൽ തുടങ്ങിയവ ചേർത്ത 'ഹാലോ' ഫ്രൂട് സാലഡിന് ആരാധകരേറെയാണ്. യുഎഇയിൽ ഒട്ടകപ്പാൽ കൊണ്ടുള്ള ഐസ്ക്രീമും ലഭ്യമാണ്.
ദുബായിൽ 'ഐസ്ക്രീം എക്സ്പോ'
ദുബായ് എക്സ്പോയും പുതിയ ഐസ്ക്രീമുകൾ പരിചയപ്പെടുത്തി. ദക്ഷിണ കൊറിയൻ, മലേഷ്യൻ, ലാറ്റിനമേരിക്കൻ രുചിക്കൂട്ടുകൾക്ക് മുന്നിൽ കൊതിപിടിച്ചിരിക്കുകയാണ് ഐസ്ക്രീം പ്രേമികൾ. മരുഭൂമിയിലെ എക്സ്പോ ആയതിനാൽ എല്ലാ രാജ്യങ്ങളും ചേർന്നു സന്ദർശകരെ മൊത്തത്തിൽ തണുപ്പിച്ചെടുത്തു.
ഐസ്ക്രീം, ഫ്രൂട് സാലഡ്, പുഡ്ഡിങ്, കൊക്കോയും മറ്റും ചേർന്ന തണുപ്പിച്ച പാനീയങ്ങൾ, കേക്കുകൾ, പേസ്ട്രികൾ എന്നിവയ്ക്കു മാത്രമായി പ്രത്യേക മേഖലയുണ്ട്. കൊറിയക്കാരുടെ 'പറ്റ്ബിങ്ങ്സു' ഐസ്ക്രീമിനെ ചെറിയ കുന്നെന്നു വിശേഷിപ്പിക്കാം. ഫലൂദയുടെ ഐസ്ക്രീം മോഡൽ എന്ന് ഒറ്റനോട്ടത്തിൽ തോന്നാമെങ്കിലും രുചി അതിനും മുകളിൽ. ചായങ്ങൾ ചേർക്കില്ല. അണ്ടിപ്പരിപ്പും ബദാമുമടക്കം കൊറിക്കാൻ എന്തെങ്കിലുമുണ്ടാകും.
പഴച്ചാറുകൾ, പഴങ്ങൾ, പാൽ, ക്രീം തുടങ്ങിയവയാണ് മറ്റു ചേരുവകൾ. സന്ദർശകരുടെ ഇഷ്ടമനുസരിച്ചുള്ള പഴങ്ങൾക്ക് മുൻഗണന നൽകി തയാറാക്കുന്നു. സ്ട്രോബറി, മുന്തിരി, മാമ്പഴം, ഓറഞ്ച്, മിക്സഡ് ബെറി എന്നിങ്ങനെ വെറൈറ്റി താരങ്ങളുണ്ടാകും. പുഡ്ഡിങ്, പേസ്ട്രി എന്നിവയിലും പഴങ്ങളുടെ സ്വാധീനം കാണാം. മലേഷ്യൻ സ്പെഷൽ ഐസ്ക്രീമിൽ തേങ്ങയാണ് പ്രധാനി.
പായസം 'കൂൾ’ രുചികൾ 'ഹിറ്റായി'
പായസ കുടുംബത്തിലെ പുതിയ അംഗമാണ് ഐസ്ക്രീം പായസം. ബട്ടർസ്കോച്ച് ഐസ്ക്രീം രുചിയിൽ വരെ പായസമുണ്ടാക്കാമെന്നു ഷെഫുമാർ പറയുന്നു. പായസമെന്നു കേട്ടാൽ ചാടിവീഴുന്നവരുടെ എണ്ണത്തിലും വർധന.വിശേഷദിവസങ്ങൾക്കു മാത്രം അരങ്ങിലെത്തിയിരുന്ന പായസം, കടകളിൽ വ്യാപകമാകുന്നു.
പായസത്തിനു മാത്രമുള്ള കടകളുമുണ്ട്. കേരള, ആന്ധ്ര, തമിഴ്, കന്നഡ പായസങ്ങളിലും ഉത്തരേന്ത്യൻ ഖീറുകളിലും ആരാധകരുടെ പിടിവിട്ടുപോകുന്ന രുചിക്കൂട്ടുകൾ. പഴപ്രഥമൻ, ചക്കപ്പഴ പ്രഥമൻ, കടലപ്പരിപ്പ് പ്രഥമൻ, പലട, അടപ്പായസം എന്നിവ എല്ലാ രാജ്യക്കാരുടെയും പ്രിയപ്പെട്ടവയായി മാറി.
വിശേഷദിവസങ്ങളിൽ ചേന, മത്തങ്ങ, കാരറ്റ്, പൈനാപ്പിൾ, മുളയരി, അവിൽ പായസം എന്നിവ അരങ്ങിലെത്തും. നാട്ടിൽ പോലും കിട്ടാത്ത പായസം കുടിച്ച് മലയാളികളും രസം പിടിച്ചു.