മാലിന്യം അകന്നു, പിറന്നു മനോഹര ഉൽപന്നങ്ങൾ; ടീഷർട്ട് മുതൽ ഊർജം വരെ
Mail This Article
ദുബായ് ∙ എക്സ്പോ മാലിന്യങ്ങളിൽ നിന്നു മനംകവരുന്ന സംശുദ്ധ ഉൽപന്നങ്ങൾ നിർമിച്ചു ലോകത്തിനു ദുബായ് കൈമാറിയത് മാറ്റങ്ങൾക്ക് ഊർജമേകുന്ന സാങ്കേതിക വിദ്യകൾ. 6 മാസത്തെ മേളയിൽ പരിസ്ഥിതി സൗഹൃദ അലങ്കാര വസ്തുക്കളും പാത്രങ്ങളും മാത്രമല്ല, ടീഷർട്ടുകൾ വരെ മാലിന്യപ്പെട്ടികളിൽ നിന്നു 'പുനർജനിച്ചു'. പദ്ധതികൾ ഓരോ രാജ്യവും ഏറ്റെടുത്തതോടെ കടലിലും കരയിലും കുമിഞ്ഞുകൂടുന്ന മാലിന്യങ്ങൾ ഒഴിവാകുമെന്നാണ് പ്രതീക്ഷ. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ പുതിയ പദ്ധതികൾക്കു തുടക്കമാകുന്നതായും റിപ്പോർട്ടുണ്ട്.
'ക്ലീൻ' ആയി, ടൺ കണക്കിന് മാലിന്യം
11 ലക്ഷത്തിലേറെ ടൺ മാലിന്യം സംസ്കരിച്ചു പുനരുപയോഗിക്കാനായെന്ന് മാലിന്യ സംസ്കരണത്തിന്റെ ചുമതല വഹിച്ച ഡൽസ്കോ മേധാവി ജോയെല്ലെ സാബ് പറഞ്ഞു. ജൈവ, പ്ലാസ്റ്റിക് ഘടകങ്ങൾ പ്രത്യേകം വേർതിരിച്ച് സംസ്കരിക്കാൻ സൗകര്യമൊരുക്കിതോടെ മാലിന്യനിക്ഷേപ മേഖലകളിലെ 90 ശതമാനത്തിലേറെ മാലിന്യങ്ങളും ഒഴിവായി. ഏറ്റവും കൂടുതൽ ഹരിത സാങ്കേതിക വിദ്യകൾ അവതരിപ്പിച്ച ആദ്യ എക്സ്പോയെന്ന ഖ്യാതിയാണ് എക്സ്പോ 2020 ദുബായ് സ്വന്തമാക്കിയത്.
ടീഷർട്ട് മുതൽ ഊർജം വരെ
പ്ലാസ്റ്റിക് മാലിന്യം ഉപയോഗിച്ച് ടീഷർട്ടുകളും പലതരം ബാഗുകളും നിർമിച്ചു. ഭക്ഷണ അവശിഷ്ടങ്ങൾ പൂർണമായും വളമാക്കി. കടലാസ്, കാനുകൾ, ഗ്ലാസുകൾ, പാചകശേഷമുള്ള എണ്ണ തുടങ്ങിയവ വിവിധ ഉൽപന്നങ്ങളായി മാറി. മാലിന്യങ്ങൾ നീക്കം ചെയ്യാനുള്ള പരിസ്ഥിതി സൗഹൃദ ബാഗുകൾ വരെ ഇങ്ങനെയാണ് നിർമിച്ചത്.
നിർമാണ മേഖലയിലെ കോൺക്രീറ്റ് അവശിഷ്ടങ്ങൾ വരെ പുനരുപയോഗപ്പെടുത്തി. ഓരോ മേഖലയും കൃത്യമായ ഇടവേളകളിൽ അണുമുക്തമാക്കി മാലിന്യങ്ങൾ അപ്പപ്പോൾ നീക്കം ചെയ്തു. ചപ്പുചവറുകൾ വിവിധ ഉൽപന്നങ്ങളായി സന്ദർശകരുടെ കൈകളിലെത്തി. കടലാസും കാർഡ്ബോർഡും സംസ്കരിച്ചു പഴക്കൂടകൾ, ഭക്ഷ്യസാധനങ്ങൾ കൊണ്ടുപോകാനുള്ള ട്രേ, സമ്മാനം നൽകാനുള്ള ചെറുപെട്ടികൾ, പാനീയങ്ങൾക്കുള്ള കപ്പ് എന്നിവയാക്കി മാറ്റി.
മെഴുകുതിരിക്കാലുകൾ, ട്രേകൾ, അലങ്കാരദീപങ്ങൾ എന്നിവയാണ് ഗ്ലാസ് മാലിന്യങ്ങളിൽ നിന്നു പ്രധാനമായും നിർമിച്ചത്. പ്രതിദിനം 200 ടൺ മാലിന്യം സംഭരിക്കാൻ കഴിയുന്ന പടുകൂറ്റൻ കേന്ദ്രം വേദിയോടനുബന്ധിച്ചു നേരത്തേ ഒരുക്കിയിരുന്നു. യുഎഇയിലും ആഫ്രിക്കൻ രാജ്യങ്ങളിലും കൂടുതൽ പുനർസംസ്കരണ പദ്ധതികൾക്കു തുടക്കം കുറിക്കുകയാണ്.