സഞ്ചാരികൾക്ക് സമ്മർ പാസുമായി അബുദാബി; ആസ്വദിക്കാം, മരുഭൂമിയിലെ വേറിട്ട വേനൽക്കാലം
Mail This Article
അബുദാബി∙ മരുഭൂമിയിലെ വേനൽക്കാലത്തിലേക്ക് വിനോദസഞ്ചാരികളെ ആകർഷിക്കാൻ സമ്മർ പാസുമായി അബുദാബി. വാർണർ ബ്രോസ് വേൾഡ്, ഫെറാറി വേൾഡ്, യാസ് വാട്ടർവേൾഡ് അബുദാബി എന്നീ മൂന്നു തീം പാർക്കുകളിലേക്കും മറ്റു സാംസ്കാരിക കേന്ദ്രങ്ങളിലേക്കും പ്രവേശനം നൽകുന്ന സമ്മർ പാസാണ് പുറത്തിറക്കിയത്.
സമ്മർ ലൈക്ക് യു മീൻ ഇറ്റ് എന്ന പ്രമേയത്തിൽ നടക്കുന്ന ക്യാംപെയ്നിലൂടെ ആഗോള വിനോദ സഞ്ചാരികളെ യുഎഇ തലസ്ഥാന എമിറേറ്റിലേക്ക് ആകർഷിക്കുകയാണ് ലക്ഷ്യം.
അബുദാബിയിൽ പുതുതായി തുറന്ന നാഷനൽ അക്വേറിയത്തിലെ സ്രാവുകൾക്കൊപ്പം നീന്തൽ, അൽഐനിലെ മൃഗശാലയിൽ ജിറാഫിനൊപ്പം പ്രഭാത സവാരി, സിംഹത്തിനൊപ്പം അത്താഴം, ലൂവ്റ് അബുദാബിയിലെ യോഗ തുടങ്ങി സഞ്ചാരികൾക്ക് വ്യത്യസ്ത അനുഭവമേകുന്ന പദ്ധതികളാണ് സമ്മർപാസിലുള്ളത്.
യുഎഇയുടെ ചരിത്രമറിയിക്കുന്ന ഖസർ അൽഹൊസൻ, പ്രസിഡൻഷ്യൽ പാലസ്, വാഹത് അൽ കരാമ, ഖസർ അൽ വതൻ, ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക്, ജബൽ ഹഫീത് തുടങ്ങി എമിറേറ്റിലെ സാംസ്‌കാരിക കേന്ദ്രങ്ങൾ സൗജന്യമായി സന്ദർശിക്കാനും സാധിക്കും.
കാത്തിരിക്കുന്നു സമ്മാനങ്ങൾ
വിവിധ ഷോപ്പിങ് മാളുകളിൽ വേനൽക്കാല പ്രമോഷൻ പദ്ധതികളിൽ പങ്കെടുത്ത് കൈനിറയെ സമ്മാനം നേടാനും സന്ദർശകർക്ക് അവസരമുണ്ട്.
ഗതാഗതത്തിന് യാസ് എക്സ്പ്രസ്, അബുദാബി ബസ് എന്നിവ ഉപയോഗപ്പെടുത്താമെന്ന് അബുദാബി സാംസ്കാരിക, വിനോദസഞ്ചാര വിഭാഗം ഡയറക്ടർ ജനറൽ സാലിഹ് മുഹമ്മദ് സാലിഹ് അൽ ഗെസിരി പറഞ്ഞു.
വേനൽക്കാലത്ത് വീടുകളിൽ ഒതുങ്ങുന്ന ജനങ്ങളെയും സമ്മർ പാസിലൂടെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കു ആകർഷിക്കാമെന്നാണ് പ്രതീക്ഷയെന്നും പറഞ്ഞു. കുടുംബാംഗങ്ങൾക്ക് ഒന്നിച്ച് പങ്കെടുക്കാവുന്ന ഒട്ടേറെ വിനോദ പരിപാടികളും ഒരുക്കിയിട്ടുണ്ട്.
മരുഭൂമിയുടെ വന്യതയിലേക്കും സന്ദർശകരെകൂട്ടിക്കൊണ്ടുപോകും.അബുദാബിയുടെ മനോഹാരിത ക്യാംപെയ്നിലൂടെ അടുത്തറിയാമെന്നും അധികൃതർ അറിയിച്ചു.
കുറഞ്ഞ നിരക്കുമായി ഹോട്ടലുകൾ
വേനൽക്കാല പദ്ധതികളിലൂടെ വിനോദ സഞ്ചാരികൾ അബുദാബിയിലെത്തുമ്പോൾ എമിറേറ്റിലെ ഹോട്ടലുകളും സജീവമാകും.
തിരക്കുള്ള സമയത്തെക്കാൾ 30% കുറഞ്ഞ നിരക്കിലാണ് സമ്മർപാസിൽ ഹോട്ടൽ താമസമൊരുക്കുന്നത്. ഇതും കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ വഴിയൊരുങ്ങും.
അറേബ്യൻ ട്രാവൽ മാർക്കറ്റിൽ പുറത്തിറക്കിയ ട്രാവൽ പാസ് നിരക്ക് ഉൾപ്പെടെ കൂടുതൽ വിശദാംശങ്ങൾ വരുംദിവസങ്ങളിൽ വിശദീകരിക്കുമെന്ന് സാംസ്കാരിക, വിനോദസഞ്ചാര വിഭാഗം അറിയിച്ചു.