ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വേർപാടിൽ അനുശോചനം
Mail This Article
ദുബായ്∙യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വേർപാടിൽ പ്രവാസ ലോകവും വേദനയിൽ. പ്രമുഖ വ്യക്തികളും സംഘടനകളും അനുശോചിച്ചു. പല സംഘടനകളും പ്രാർഥനാ സദസ്സുകളും യോഗങ്ങളും നടത്തി.
യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്തിൽ യുഎഇ കെഎംസിസി അനുശോചിച്ചു. വിവിധ എമിറേറ്റുകളിൽ സംഘടന നടത്താനിരുന്ന എല്ലാ പരിപാടികളും ഏഴു ദിവസത്തേക്ക് മാറ്റി വച്ചതായി നാഷനൽ കമ്മിറ്റി പ്രസിഡന്റ് പുത്തൂർ റഹ്മാൻ, വർക്കിംങ് പ്രസിഡന്റ് അബ്ദുല്ല ഫാറൂഖി, ജന.സെക്രട്ടറി പി.കെ അൻവർ നഹ, ട്രഷറർ നിസാർ തളങ്കര എന്നിവർ അറിയിച്ചു.
ഔദ്യോഗിക ദുഖാചരണത്തിന്റെ ഭാഗമായി പ്രത്യേക പ്രാർഥനാ സദസുകൾ ഒരുക്കുമെന്നും അറിയിച്ചു. ക്രിസ്തീയ സഭയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന അദ്ദേഹം യുഎഇ യിലെ വിവിധ എമിറേറ്റുകളിൽ ദൈവാലയങ്ങൾ നിർമിക്കുന്നതിന് ചെയ്ത സഹായങ്ങൾ നന്ദിയോടെ സ്മരിക്കുന്നതായും യൂണിവേഴ്സൽ സിറിയൻ ഓർത്തഡോക്സ് സഭയുടെ(യാക്കോബായ) കീഴിൽ യുഎഇയിലെ എല്ലാ എമിറേറ്റുകളിലും ഉള്ള യുഎഇ ഭദ്രാസന ദേവാലയങ്ങളുടെ പേരിൽ പ്രാർഥനകൾ അർപ്പിക്കുകയും അനുശോചിക്കുകയും ചെയ്യുന്നതായി യുഎഇ പാത്രിയാർക്കൽ വികാരി ഐസക് മാർ ഒസ്താത്തിയോസ് അറിയിച്ചു.
എല്ലാ മതങ്ങൾക്കും യുഎഇയിൽ പ്രവർത്തന സ്വാതന്ത്ര്യം നൽകി മതനിരപേക്ഷത വളർത്തിയെടുക്കാൻ മുൻകയ്യെടുത്ത ഷെയ്ഖ് ഖലീഫയുടെ വേർപാട് രാജ്യാന്തര സമൂഹത്തിന് തീരാ നഷ്ടമാണെന്ന് മലങ്കര കത്തോലിക്കാ സഭ യുഎഇ മലങ്കര കൗൺസിൽ സെൻട്രൽ കമ്മിറ്റി അനുശോചിച്ചു. യുഎഇ കോഓർഡിനേറ്റർ ഫാ.ഡോ.റജി മനയ്ക്കലേത്ത് അധ്യക്ഷത വഹിച്ചു. പ്രീസ്റ്റ് ഇൻചാർജ് ഫാ.മാത്യൂസ് ആലുമ്മൂട്ടിൽ, പ്രസിഡന്റ് ഷാജു ബേബി, രാജേഷ് ജോൺ, അലക്സ് കെ.ബേബി, ജോർജ് വില്യംസ്, ഡാനിയേൽ ജോൺ, ആൻസി ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.
തൃശൂർ തളിക്കുളം ദാറുൽ മുസ്തഫ ഗ്രാൻഡ് മസ്ജിദിൽ ഇന്നലെ ഷെയ്ഖ് ഖലീഫയ്ക്കു വേണ്ടി പ്രത്യേക പ്രാർഥന നടത്തി. കാന്തപുരം എ.പി. അബൂബക്കർ മുസല്യാർ മസ്ജിദ് ഉദ്ഘാടനം നിർവഹിച്ച ശേഷമായിരുന്നു പ്രാർഥന. ഇന്ത്യയടക്കമുള്ള രാജ്യങ്ങളുമായി ഊഷ്മള ബന്ധം നിലനിർത്തുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് നിസ്തുലമായിരുന്നെന്ന് കാന്തപുരം അബൂബക്കർ മുസല്യാർ അനുസ്മരിച്ചു. വികസന മുന്നേറ്റത്തിന് വലിയ പങ്കുവഹിച്ച ഷെയ്ഖ് ഖലീഫ മലയാളികളുടെ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ നൽകിയ ഭരണാധികാരിയായിരുന്നുവെന്ന് ഷാർജ ഇന്ത്യ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.വൈ.എ റഹിം അനുശോചിച്ചു.
യുഎഇയെ ഏറ്റവും സമ്പന്ന രാജ്യങ്ങളിൽ ഒന്നാക്കിയ ദീർഘവീക്ഷണമുള്ള നേതാവിനെയാണ് നഷ്ടമായതെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ചെയർമാനും എംഡിയുമായ ഡോ.ആസാദ് മൂപ്പൻ പറഞ്ഞു. ഷെയ്ഖ് ഖലീഫയുടെ വേർപാടിൽ പെയ്സ് ഗ്രൂപ്പ് അനുശോചിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ രാജ്യം അഭൂതപൂർവമായ പുരോഗതിയാണ് കൈവരിച്ചതെന്നും മാതൃകാ വ്യക്തിയേയാണ് രാജ്യത്തിന് നഷ്ടപ്പെട്ടതെന്നു പേസ് ഗ്രൂപ്പ് എംഡി പി.എ സൽമാൻ ഇബ്രാഹിം പറഞ്ഞു. ഗവേണിങ് ബോഡിയിലെ ലത്തീഫ് ,അബ്ദുല്ല, അമീൻ, സുബൈർ, ബിലാൽ,ആദിൽ, ആയിഷ, ഹയ ഫാത്തിമ, അസീഫ് മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിൽ അനുശോചന യോഗം ചേർന്നു.
മാനവ സമൂഹത്തിന് ഉണ്ടായ അപരിഹാര്യമായ നഷ്ടമാണ് ഷെയ്ഖ് ഖലീഫയുടെ വിടവാങ്ങലിലൂടെ ഉണ്ടായിരിക്കുന്നതെന്ന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇന്റർനാഷനൽ ഓപ്പറേഷൻസ് എംഡി ഷംലാൽ അഹമ്മദ് പറഞ്ഞു. യുഎഇയെ വൻ രാഷ്ട്രങ്ങളുടെ നിരയിലേക്ക് മാറ്റിയതിൽ അദ്ദേഹത്തിന്റെ പങ്ക് വലുതാണ്. എല്ല മേഖലയിലുള്ള ആളുകൾക്കും അദ്ദേഹം പ്രചോദനമാണെന്നും ഷംലാൽ ചൂണ്ടിക്കാട്ടി.
യുഎൻ രക്ഷാസമിതിയുടെ ആദരം
അബുദാബി∙ അന്തരിച്ച യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന് യുഎൻ രക്ഷാസമിതിയിൽ ആദരാഞ്ജലികൾ അർപ്പിച്ച് ഇന്ത്യ. യുഎൻ സുരക്ഷാ കൗൺസിൽ ചർച്ചയ്ക്കിടെ ഇന്ത്യയുടെ ഡപ്യൂട്ടി യുഎൻ അംബാസഡർ ആർ.രവീന്ദ്ര ആദരാഞ്ജലികൾ അർപ്പിച്ചു. യുഎഇയെ നവീകരിക്കുകയും ശാക്തീകരിക്കുകയും ചെയ്ത മഹത്തായ രാഷ്ട്രതന്ത്രജ്ഞനും ദീർഘവീക്ഷണമുള്ള നേതാവുമായി ഷെയ്ഖ് ഖലീഫയെ ഓർമിക്കപ്പെടുമെന്നു അനുസ്മരിച്ചു.
ഇന്ത്യ-യുഎഇ ബന്ധത്തിന്റെ പരിവർത്തനത്തിന് അടിത്തറയിട്ട ഷെയ്ഖ് ഖലീഫുടെ നിര്യാണത്തിൽ യുഎഇ ജനതയുടെ ദുഃഖത്തിൽ ഇന്ത്യയും പങ്കുചേരുന്നതായും പറഞ്ഞു. ബ്രിട്ടൻ, യുഎസ്, ബ്രസീൽ, ചൈന, ഘാന, നോർവേ, അയർലൻഡ്, കെനിയ, മെക്സിക്കോ എന്നീ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളും ഷെയ്ഖ് ഖലീഫയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ചു. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും അനുശോചിച്ചു.
മാനുഷിക പ്രശ്‌നങ്ങളിലും മതസൗഹാർദ സംഭാഷണങ്ങളിലും പ്രാദേശിക രാജ്യാന്തര സമാധാനം, സുരക്ഷ, സുസ്ഥിര വികസനം തുടങ്ങിയ വിഷയങ്ങളിൽ യുഎഇയുമായി യുഎൻ യോജിച്ചു പ്രവർത്തിക്കുന്നത് തുടരുമെന്നും കൂട്ടിച്ചേർത്തു. അടുത്തയാഴ്ച ഷെയ്ഖ് ഖലീഫയ്ക്കായി ന്യൂയോർക്ക് ചേംബറിൽ നയതന്ത്രജ്ഞർ ഒരു നിമിഷം മൗനം ആചരിക്കും.