വിദ്യാർഥികൾക്കു സംഗീതപാഠങ്ങൾ പകർന്നു ബോളിവുഡ് ഗായകൻ ശേഖർ
Mail This Article
ദുബായ്∙ ബോളിവുഡ് ഗായകൻ, സംഗീത സംവിധായകൻ, പ്രചോദകപ്രസംഗകൻ എന്നീ നിലകളിൽ പ്രശസ്തനായ ശേഖർ റവ്ജിയാനി ദുബായ് ഗ്ലോബൽ ഇന്ത്യൻ ഇന്റർനാഷണൽ സ്‌കൂൾ (ജിഐഐഎസ്) കുട്ടികളുമായി സംവദിച്ചു.
തിരഞ്ഞെടുത്ത വിദ്യാർഥികളുമായുള്ള പ്രത്യേക സെഷൻ മാസ്റ്റർക്ലാസും നടന്നു.
കുട്ടികൾ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുകയും അവ പരിപോഷിക്കാൻ ശേഖർ മാർഗനിർദേശങ്ങൾ നൽകുകയും ചെയ്തു. വിശാൽ–ശേഖർ ജോഡികളുടെ അവാർഡ് നേടിയ ഗാനങ്ങള്‍ അവതരിപ്പിച്ചു കൊണ്ടാണു വിദ്യാർഥികൾ അദ്ദേഹത്തെ സ്വാഗതം ചെയ്തത്.
2020ൽ ശേഖർ റവ്ജിയാനി സ്കൂൾ ഓഫ് മ്യൂസിക് ആരംഭിച്ചതു മുതൽ ഗായകൻ ജിെഎെഎഎസുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നു. അത്യാധുനിക സാങ്കേതിക വിദ്യകളുപയോഗിച്ച് സംഗീത പ്രതിഭകളെ വാർത്തെടുക്കുകയാണു ശേഖർ–ജിെഎ െഎസ് കൂട്ടുകെട്ടിന്റെ പ്രധാന ഉദ്ദേശ്യം. ലോകമെമ്പാടുമുള്ള ജിെഎ െഎസിന്റെ 26 ക്യാംപസുകളിലെ 15,000 വിദ്യാർഥികൾക്കു സംഗീത വിദ്യാലയത്തിൽ പ്രവേശനമുണ്ടായിരിക്കും.
സംഗീതത്തോട് അഭിനിവേശമുള്ള വിദ്യാർഥികൾ തങ്ങളുടെ ജീവിതത്തിൽ ഏറെ മുന്നോട്ടു പോകുമെന്ന് ഉറപ്പുണ്ടെന്നു ശേഖർ പറഞ്ഞു. സംഗീതം വിദ്യാഭ്യാസത്തിന്റെ ഒരു പ്രധാന ഭാഗമാണ്. സർഗാത്മക മനോഭാവം വികസിപ്പിക്കാൻ ഇതു സഹായിക്കും. അവരെ ഇതിന് ശാക്തീകരിക്കുന്നതിൽ സന്തോഷമുണ്ട്. വിശാൽ–ശേഖർ ജോഡിയാണ് ഷാരൂഖ് ഖാന്റെ പുതിയ ഹിന്ദി ചിത്രത്തിന് സംഗീതം പകരുന്നത്. സ്കൂളുകൾ അവരുടെ അക്കാദമിക് പാഠ്യപദ്ധതിയിൽ സംഗീതം പോലുള്ള നൂതനമായ വിഷയങ്ങൾ ഉൾപ്പെടുത്തുന്നതിൽ അഭിമാനമുണ്ടെന്ന് ജിഐഐഎസ് ദുബായ് ഓപ്പറേഷൻസ് സീനിയർ ഡയറക്ടർ അമോൽ വൈദ്യ പറഞ്ഞു.