ADVERTISEMENT

ദുബായ്∙ നിയന്ത്രണ-ബോധവൽക്കരണ നടപടികൾ ഊർജിതമാക്കിയിട്ടും കൗമാരക്കാരടക്കം 'പുകവലയത്തിൽ'. ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കിടയാക്കുന്ന പുകവലിശീലം എല്ലാ പ്രായക്കാരിലും കൂടുന്നതായാണ് റിപ്പോർട്ട്.നസുഹൃത്തുക്കൾക്കൊപ്പം കൗതുകത്തിനു തുടങ്ങുന്ന ശീലം ഏറെപ്പേർക്കും പിന്നീട് മാറ്റാനാവുന്നില്ലെന്നു മാത്രമല്ല, ഉപയോഗം കൂടുകയും ചെയ്യുന്നു. കോവിഡ് സാഹചര്യത്തിൽ അടിയന്തരമായി ഉപേക്ഷിക്കേണ്ട ശീലമാണിതെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി.

ലോകത്ത് 13നും 15നും ഇടയ്ക്കു പ്രായമുള്ള 5 കോടിയിലേറെ കുട്ടികൾ സിഗരറ്റോ പുകയില ഉൽപന്നങ്ങളോ ഉപയോഗിക്കുന്നതായി ടൊബാക്കോ അറ്റ്ലസ് റിപ്പോർട്ടിൽ പറയുന്നു.  63% പേരും കൗതുകം തോന്നി വലിച്ചു തുടങ്ങി വൈകാതെ ശീലത്തിന് അടിമപ്പെടുന്നു.

smoking-covid

മറ്റു ചിലർ ഉന്മേഷത്തിനും പിരിമുറുക്കം അകറ്റാനുമൊക്കെ വലിച്ചു തുടങ്ങുന്നു. പരീക്ഷക്കാലത്ത് സുഹൃത്തുക്കൾ ഒരുമിച്ചിരുന്നു വലിച്ച് പലർക്കും പിന്നീട് സിഗരറ്റ് ഉപേക്ഷിക്കാനാവാതെ വരുന്നു. ഇ-സിഗരറ്റ് അപകടകാരിയല്ലെന്ന ധാരണയും തിരുത്താം. ഇതിലെ ഘടകങ്ങൾ അർബുദത്തിനും ഹൃദ്രോഗത്തിനും കാരണമാകുമെന്നു കണ്ടെത്തിയിട്ടുണ്ട്.

തുടർച്ചയായി ഉപയോഗിച്ചാൽ സിഗരറ്റ് വലിക്കുന്നതിനേക്കാൾ അപകടമാണ്. പലർ ചേർന്നു ശീഷ വലിക്കുന്നതു ഗുരുതര ആരോഗ്യ പ്രശ്‌നമുണ്ടാക്കും. ശ്വാസകോശ രോഗങ്ങൾ ഇതിൽനിന്നു പകർന്നേക്കാം. വളരെ വേഗത്തിലാണ് ഈ ശീലത്തിന് അടിമപ്പെടുന്നത്. വിവിധ സുഗന്ധത്തിലും രുചിയിലുമുള്ള കട്ടകളാണ് ശീഷയിലെ കനിലിലിടുന്നത്. സ്‌ട്രോബറി, ചോക്‌ലേറ്റ്, ലൈം, മിന്റ് തുടങ്ങിയ രുചികളിൽ ലഭ്യമാണ്.

smoking

രണ്ടോ മൂന്നോ തവണ ഇതിന്റെ രുചിയറിഞ്ഞാൽ വീണ്ടും വലിക്കണമെന്ന തോന്നലുണ്ടാകുന്നു. പുകവലി ശീലമൊരു രോഗമാണെന്നു തിരിച്ചറിയുകയും മാറ്റിയെടുക്കാൻ തയാറെടുക്കുകയും വേണമെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി അറിയിച്ചു. കൂടെയുള്ളവർ ഇവർക്കു മാനസിക പിന്തുണ നൽകണം. ചിലർക്ക് മരുന്നുകൾ ആവശ്യമായി വരും.

കൗൺസലിങ്ങും മരുന്നുകളും സംയോജിപ്പിച്ചുള്ള ചികിത്സ വളരെ ഫലപ്രദമാണ്. പുകവലി പെട്ടെന്നു നിർത്തുമ്പോഴുള്ള ശാരീരികവും മാനസികവുമായ അസ്വസ്ഥതകൾ മറികടക്കാൻ രോഗിയെ പ്രാപ്തനാക്കുക പ്രധാനമാണ്. പെട്ടെന്നു പ്രകോപിതരാകുക, ഉത്കണ്ഠ, ശ്രദ്ധക്കുറവ്, ഉറക്കമില്ലായ്മ എന്നിവയുണ്ടാകാം.

smoking-ban

മനസ്സുവച്ചാൽ  മാറ്റിയെടുക്കാം

∙കുട്ടികളുടെ ശീലങ്ങൾ പെട്ടെന്നു കണ്ടെത്താൻ രക്ഷിതാക്കൾക്കും അധ്യാപകർക്കും കഴിയും. പുകവലിക്കുന്ന രക്ഷിതാക്കളാണെങ്കിൽ ഇതിനു പരിമിതികളേറെ. 

∙പുകവലിക്കെതിരെ സ്കൂളുകളിൽ ബോധവൽക്കരണം ഊർജിതമാക്കുക. ദൂഷ്യഫലങ്ങൾ മനസ്സിലാക്കി ശീലം ഉപേക്ഷിക്കാൻ കുട്ടികളെ പ്രേരിപ്പിക്കുക. കുട്ടികൾക്ക് എന്തെങ്കിലും മാനസിക ബുദ്ധിമുട്ടുണ്ടോയെന്നു കണ്ടെത്തുകയുംകൗൺസലിങ്ങിനു വിധേയമാക്കുകയും വേണം. 

Photo credit : Brian A Jackson / Shutterstock.com
Photo credit : Brian A Jackson / Shutterstock.com

∙ ആശുപത്രിയിൽ പരിചയ സമ്പന്നരായ ഡോക്ടർമാർ, നഴ്സുമാർ എന്നിവർക്കു പുറമേ കൗൺസലിങ് വിദഗ്ധരുമുണ്ട്.

∙ കൗൺസലിങ് ആണ് ആദ്യഘട്ടത്തിൽ. പുകവലിയുടെ ദൂഷ്യവശങ്ങൾ ഉദാഹരണം സഹിതം വിവരിക്കുന്നു. കുടുംബാംഗങ്ങൾക്കും അടുത്തിടപഴകുന്നവർക്കും പുകവലിക്കാർ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നു ബോധ്യപ്പെടുത്തണം.

∙ ഡോക്ടർ നിർദേശിക്കുന്ന ദിവസങ്ങളിൽ കൃത്യമായി സന്ദർശനം നടത്തുകയും മരുന്നുകൾ കഴിക്കുകയും വേണം.

∙ രക്തം, കരൾ, വൃക്ക, ഹൃദയം, ശ്വാസകോശം എന്നിവ പരിശോധിക്കും.

∙ നിക്കോട്ടിൻ റീപ്ലേസ്മെന്റ് തെറപ്പിയാണ് അടുത്തത്. പുകവലിക്കണമെന്നു തോന്നുമ്പോൾ പകരം സംവിധാനമൊരുക്കുന്നു. നിക്കോട്ടിൻ അടങ്ങിയ ച്യുയിങം ഉൾപ്പെടെ പരീക്ഷിക്കുന്നു.

∙തുടർന്നും മാറ്റമില്ലെങ്കിൽ ആസക്തി കുറയ്ക്കാനുള്ള മരുന്നുകൾ നൽകും. 8 ആഴ്ച വരെ നീളുന്ന ചികിത്സയാണിത്

Photo credit : ANDRANIK HAKOBYAN / Shutterstock.com
Photo credit : ANDRANIK HAKOBYAN / Shutterstock.com

പുകയ്ക്കൊപ്പം  മാരകരോഗങ്ങൾ 

കാൻസർ ഉൾപ്പെടെയുള്ള മാരകരോഗങ്ങൾ പിടിപെടാനും പല രോഗങ്ങളും സങ്കീർണമാകാനും  പുകയില ഉപയോഗം കാരണമാകുമെന്നാണു ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. പുകവലിക്കുന്നവർക്കു കോവിഡ് ബാധിച്ചാൽ ഗുരുതരമാകാൻ സാധ്യതയേറെയെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു.

സിഗരറ്റ്-ബീഡി, ഇ-സിഗരറ്റ്, മറ്റ് പുകയില ഉൽപന്നങ്ങൾ എന്നിവ ഏതുരോഗവും ഗുരുതരമാക്കുമെന്നിരിക്കെ ശ്വാസകോശത്തെ ബാധിക്കുന്ന കോവിഡിനെ കൂടുതൽ മാരകമാക്കാൻ കഴിയും.

പൊതുവേ പുകവലിക്കാർക്ക് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകും. ശ്വാസ തടസ്സം, ചുമ, കഫക്കെട്ട് തുടങ്ങിയവ ലക്ഷണങ്ങളാണ്. ക്രമേണ ഗുരുതരമാകാം. ഇതു കോവിഡ്, ന്യുമോണിയ എന്നിവയുടെ സാധ്യത വർധിപ്പിക്കുമെന്നും റിപ്പോർട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com