സെപയിലൂടെ കൈകോർത്ത് യുഎഇ-ഇസ്രയേൽ മുന്നോട്ട്
Mail This Article
ദുബായ്∙ ഇസ്രയേലുമായി യുഎഇ ഒപ്പുവച്ച സമഗ്ര സാമ്പത്തിക സഹകരണ കരാർ(സെപ) ആഗോള വിതരണ ശൃംഖലയും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കാൻ സഹായകരമാകുമെന്ന് വിലയിരുത്തൽ. ആഗോള സാമ്പത്തിക രംഗം നിർണായക വെല്ലുവിളികൾ നേരിടുന്ന സമയത്തു ഇസ്രയേലുമായി സെപ ഒപ്പുവച്ചത് ഏറെ ഗുണകരമാണെന്ന് വിദേശ വ്യാപാര സഹമന്ത്രി ഡോ.താനി ബിൻ അഹമ്മദ് അൽ സയൂദിയും ചൂണ്ടിക്കാട്ടുന്നു.
ഭക്ഷ്യവിതരണ ശൃംഖല ആഗോളതലത്തിൽ ശക്തിപ്പെടാനും കാർഷിക- ഭക്ഷ്യ ഉൽപന്നങ്ങൾ ഒരുപോലെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു എത്തിക്കാനും കരാർ വഴി സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. 2020 സെപ്റ്റംബറിൽ ഏബ്രഹാം ഉടമ്പടി ഇരുരാജ്യങ്ങളും ഒപ്പുവച്ചതിനു ശേഷം വ്യാപാര രംഗത്ത് വൻപുരോഗതിയാണ് ഉണ്ടായിരിക്കുന്നത്. എണ്ണയിതര മേഖലയിൽ വൻകുതിപ്പു നടത്താനും സാധിച്ചിട്ടുണ്ട്.
പരസ്പര ബഹുമാനം, സഹിഷ്ണുത, തുറന്ന സംവാദം, ചിന്തകളിലെയും പ്രവർത്തികളിലെയും ഐക്യം എന്നിവയ്ക്കെല്ലാം മാതൃകയായി മാറാൻ ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്ര ബന്ധം സ്ഥാപിച്ചതു മുതൽ സാധിച്ചിട്ടുണ്ടെന്നും വിലയിരുത്തപ്പെടുന്നു. വ്യാപാര-വാണിജ്യ മേഖലയിലും ഇരുരാജ്യങ്ങൾക്കും ഏറെ ഗുണകരമായി ഈ അടുപ്പം. കയറ്റുമതി രംഗത്തും സേവനവുമായി ബന്ധപ്പെട്ട മേഖലകളിലും വൻ കുതിപ്പുണ്ടാകും.
അലൂമിനിയം, പെട്രോ കെമിക്കലുകൾ, പോളിമെറുകളായ എഥിലീൻ, പ്രൊപ്പിലീൻ എന്നിവ ധാരാളമായി ഇസ്രയേലിലേക്ക് കയറ്റുമതി ചെയ്യാൻ അവസരമൊരുങ്ങും. ബിസിനസ് സേവനങ്ങൾ, കമ്യൂണിക്കേഷൻ രംഗം, സാമ്പത്തിക സേവനം, വിനോദസഞ്ചാരം, ഗതാഗത മേഖല തുടങ്ങിയവയുമായി ബന്ധപ്പെട്ട സേവനങ്ങൾക്കും ഇസ്രയേലിൽ വൻസാധ്യതയുണ്ട്.
യുഎഇയിലേക്ക് ഇസ്രയേൽ കയറ്റുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക് അവർ സബ്സിഡികൾ നൽകില്ലെന്നും പകരം മറ്റ് വ്യാപാര പങ്കാളികളായ രാജ്യങ്ങൾക്ക് നൽകാത്ത ഇതര വിതരണ സേവനങ്ങളാണ് നൽകുകയെന്നും അൽ സയൂദി വ്യക്തമാക്കി. ഇരു രാജ്യങ്ങളിലേക്കും നിക്ഷേപങ്ങളുടെ ഒഴുക്കു തന്നെയുണ്ടാകുമെന്ന് ഉറപ്പാണെന്നും 300 കോടി ഡോളറിന്റെ ഏബ്രഹാം ഫണ്ട് ഉൾപ്പെടെ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.
ദി അബുദാബി ഇൻവെസ്റ്റ്മെന്റ് ഓഫിസിന്റെ ആദ്യ വിദേശ ഓഫിസ് ഇസ്രയേലിലെ ടെൽ അവീവിലാണ് ആരംഭിച്ചത്. അതുപോലെ ദുബായ് ഇൻവെസ്റ്റ്മെന്റ് ഡവലപ്മെന്റ് ഏജൻസി ഇസ്രയേലിലെ നിർമാതാക്കളുടെ സംഘടനയുമായും ധാരാണാപത്രം ഒപ്പുവച്ചിട്ടുണ്ട്. വിനോദസഞ്ചാര മേഖലയിൽ കൂടുതൽ പദ്ധതികൾ വരാനും ഇരുരാജ്യങ്ങൾക്കുമിടയിൽ കൂടുതൽ വിമാനസർവീസുകൾ ആരംഭിക്കാനും സെപ കാരണമാകും. അടുത്ത മാസം മുതൽ ദിവസേനയുള്ള വിമാനസർവീസുകൾ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഏബ്രഹാം ഉടമ്പടി ഒപ്പുവച്ച ശേഷം 2021 വരെ ഇസ്രയേലിൽ നിന്ന് ഏതാണ്ട് രണ്ടരലക്ഷത്തിലധികം പേരാണ് യുഎഇയിലെത്തിയത്. യുഎഇപൗരന്മാർക്ക് ഇസ്രയേലിൽ വീസ ഇല്ലാതെ പോകാം. ഇനി എമിറേറ്റ്സ്, ഇത്തിഹാദ്, വിസ് എയർ എന്നീ വിമാനക്കമ്പനികൾ ഈ മാസം മുതൽ ദിവസേന വിമാനസർവീസ് ആരംഭിക്കുമ്പോൾ ഇത് പതിന്മടങ്ങാകും.
ഊർജപുനരുപയോഗം, ആരോഗ്യരംഗം, ഉന്നത സാങ്കേതിക വിദ്യാരംഗം, ജലസംരക്ഷണം, ഭക്ഷ്യസുരക്ഷ, ബഹിരാകാശ ശാസ്ത്രം എന്നിവയിലെല്ലാം ധാരണാപത്രങ്ങളും കരാറുകളും ഇരുരാജ്യങ്ങൾക്കുമിടയിൽ ഒപ്പുവച്ചിട്ടുണ്ട്. സെപ നടപ്പാകുന്നതോടെ കൂടുതൽ സഹകരണവും നിക്ഷേപ ഒഴുക്കും ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.