ഇത്തിഹാദ് എയർവേയ്സിൽ കാബിൻ ക്രൂ ആകണോ? ദുബായിൽ റിക്രൂട്ട്‌മെന്റ് ഡ്രൈവ്
Mail This Article
ദുബായ് ∙ ഇത്തിഹാദ് എയർവേയ്‌സ് കാബിൻ ക്രൂവിനായി ദുബായിൽ റിക്രൂട്ട്‌മെന്റ് ഡ്രൈവ് നടത്തുന്നു. താൽപര്യമുള്ള അപേക്ഷകർക്ക് ഇന്ന് (13) ദുബായ് ദുസിത് താനി ഹോട്ടലിലെ കൗണ്ടറിൽ ബയോഡാറ്റ റജിസ്റ്റർ ചെയ്യാം. തിരഞ്ഞെടുക്കപ്പെട്ട അപേക്ഷകരെ നാളെയും മറ്റന്നാളും നേരിട്ടുള്ള അഭിമുഖത്തിന് ക്ഷണിക്കും.
വേനലവധിക്കാലത്ത് തിരക്കേറിയതിനാലും പുതിയ എയർബസ് എ 350 ഫ്ലീറ്റിലേക്ക് പ്രവേശിക്കുകയും ചെയ്യുന്ന സാഹചര്യത്തിലും ഇത്തിഹാദ് എയർവേയ്‌സ് പുതിയ റിക്രൂട്ട്മെന്റ് നടത്തുകയാണെന്ന് വക്താവ് പറഞ്ഞു. ആധുനിക താമസ സൗകര്യങ്ങളും യാത്രാ അലവൻസുകളും മാത്രമല്ല, പഠിക്കാനും വളരാനും ലോകം കാണാനും രാജ്യാന്തര അംഗീകാരമുള്ളതും അവാർഡ് നേടിയ ടീമിന്റെ ഭാഗമാകാനുമുള്ള അവസരവും ക്യാബിൻ ക്രൂവിന് ഒരുക്കുന്നു. കൂടാതെ മികച്ച ശമ്പളവും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ഒക്ടോബറിൽ ക്യാബിൻ ക്രൂവായി 1000 പേരെ നിയമിക്കുമെന്ന് ഇത്തിഹാദ് അറിയിച്ചിരുന്നു. യുഎഇ കൂടാതെ ഈജിപ്ത്, ലെബനൻ, റഷ്യ, സ്പെയിൻ, ഇറ്റലി, നെതർലൻഡ്‌സ് എന്നിവയുൾപ്പെടെ 10 രാജ്യങ്ങളിൽ റിക്രൂട്ട്‌മെന്റ് നടക്കും.
കാബിൻ ക്രൂ, ഗ്രൗണ്ട് സ്റ്റാഫ് എന്നിവരോടൊപ്പം, ഐടിയുമായി ബന്ധപ്പെട്ട തസ്തികകളിലും ഊന്നൽ നൽകുന്നു. സൈബർ സുരക്ഷ, ടെക്‌നിക്കൽ പ്രൊഡക്‌റ്റ് മാനേജ്‌മെന്റ്, ഡെവോപ്‌സ്, ഹൈബ്രിഡ് ക്ലൗഡ് എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ വൈദഗ്ധ്യമുള്ള 500 ലേറെ ഐടി പ്രഫഷനലുകളെ അടുത്ത 6 മാസത്തിനകം റിക്രൂട്ട് ചെയ്യാൻ ശ്രമിക്കുന്നതായി എമിറേറ്റ്സും കഴിഞ്ഞ വർഷം അറിയിച്ചു.