പ്ലസ് ടു ഫലം: 3 പാക്ക് വിദ്യാർഥികൾ ഉൾപ്പെടെ നാലു പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ്
Mail This Article
അബുദാബി∙ കേരള ഹയർ സെക്കൻഡറി പരീക്ഷയിൽ 4 വിദേശ വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. ഉമ്മുൽഖുവൈൻ ദ് ഇംഗ്ലിഷ് പ്രൈവറ്റ് സ്കൂൾ വിദ്യാർഥികളായ ഫിലിപ്പീൻസ് സ്വദേശി യൂസഫ് അബ്ദുൽറഹ്മാൻ എസ്ബില്ലൊ ലവാൽ, പാക്കിസ്ഥാൻ സ്വദേശികളായ ഉമാമ അലി, ആസിയ മുഹമ്മദ്, യാസിർ ഹസ്സൻ എന്നിവരാണ് മികച്ച വിജയം നേടിയത്. സയൻസ് സ്ട്രീമിലെ വിദ്യാർഥികളാണ് ഇവർ.
ഇതേ സ്കൂളിൽ എ പ്ലസ് നേടിയ 8 പേരിൽ നാലും വിദേശികളാണ്. ഉമാമ അലി 98.08%, യൂസഫ് അബ്ദുൽറഹ്മാൻ 97.58%, ആസിയ മുഹമ്മദ് 97.5%, യാസിർ ഹസ്സൻ 95.41% മാർക്കു നേടിയാണ് സ്കൂളിന് അഭിമാനമായത്. മെഡിസിനു ചേർന്നു പഠിക്കാനാണ് ഉമാമയ്ക്കും യൂസഫ് അബ്ദുൽറഹിമാനും താൽപര്യം. കേരള സിലബസിന് വിദേശങ്ങളിലുള്ള അംഗീകാരമാണ് ഇവരുടെ പ്രധാന ആകർഷണം.
ഈ സിലബസിൽ പഠിച്ച വിവിധ രാജ്യക്കാരായ മുൻ വിദ്യാർഥികൾ ഉന്നത പദവികളിൽ എത്തിയ അനുഭവത്തിന്റെ പുറത്ത് എത്തിയവരുമുണ്ട്. വ്യവസ്ഥാപിത വിദ്യാഭ്യാസ സംവിധാനവും പരിശീലനവും ചോദ്യങ്ങൾക്ക് സ്വന്തം ശൈലിയിൽ ഉത്തരമെഴുതാനുള്ള സ്വാതന്ത്ര്യവുമെല്ലാം ചേർത്ത് കേരള സിലബസിന് ഈ വിദേശികൾ നൽകുന്നത് നൂറിൽ നൂറ് മാർക്ക്.