വിക്രം വിജയത്തിൽ മലയാളികൾക്ക് നിർണായക പങ്കെന്ന് കമൽഹാസൻ
Mail This Article
അബുദാബി∙ വിക്രം സിനിമയുടെ വിജയത്തിൽ മലയാളികൾക്കു നിർണായക പങ്കുണ്ടെന്ന് ഉലക നായകൻ കമൽ ഹാസൻ പറഞ്ഞു. തമിഴരെ പോലെ അല്ലെങ്കിൽ അതിനെക്കാൾ കൂടുതൽ മലയാളികൾ തന്നെയും തന്റെ സിനിമയെയും സ്നേഹിക്കുന്നുണ്ട്. കേരളത്തിൽ നിറഞ്ഞ സദസ്സിലാണ് സിനിമ ഓടിക്കൊണ്ടിരിക്കുന്നത്.
18 വയസ്സിൽ ലഭിച്ചുതുടങ്ങിയ ഈ സ്നേഹവായ്പ് അനുദിനം കൂടിവരുന്നതായും മലയാളികളോട് ഏറെ കടപ്പെട്ടിരിക്കുന്നുവെന്നും പറഞ്ഞു. സിനിമയുടെ പ്രചരണാർഥം യുഎഇയിലെത്തിയ അദ്ദേഹം അബുദാബി ഇന്ത്യാ സോഷ്യൽ സെന്ററിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു.
പ്രളയം, കോവിഡ് കെടുതിയിൽപെട്ട് പ്രയാസപ്പെടുന്ന കേരളത്തിന്റെ ക്ഷേമം അന്വേഷിച്ച തന്നോട് മലയാളികൾ ആവശ്യപ്പെട്ടത് തമിഴ്നാട്ടിൽ വ്യവസായം നന്നായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നാണ്. തമിഴ്നാട്ടിൽനിന്ന് ഭക്ഷ്യോൽപന്നങ്ങൾ എത്തിയാലെ കേരളത്തിൽ വിശപ്പടക്കാനാകൂവെന്നു മലയാളികൾ പറഞ്ഞതായും അദ്ദേഹം ഓർമിച്ചു.
അനുമതി എടുത്തതിലെ ആശയക്കുഴപ്പം മൂലം ഐഎസ്.സിയിൽ 6.30ന് നടക്കേണ്ടിയുന്ന കമൽഹാസനുമായുള്ള സംവാദം രണ്ടര മണിക്കൂർ വൈകി. സിനിമാ നടൻ കമൽ ഹാസനുമായുള്ള ഇന്ററാക്ഷൻ എന്ന നിലയിലാണ് അനുമതി എടുത്തതെന്നാണ് ഐഎസിയുടെ വിശദീകരണം.
എന്നാൽ രാഷ്ട്രീയ പരിപാടി അല്ലെന്ന് സാംസ്കാരിക, വിനോദ സഞ്ചാര വിഭാഗം ഉദ്യോഗസ്ഥർ എത്തി പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് അന്തിമ അനുമതി നൽകിയത്.