ഗ്രാൻഡ് മോസ്കിന് ട്രാവലേഴ്‌സ് ചോയ്‌സ് അവാർഡ്
Mail This Article
അബുദാബി∙ ലോകത്തിലെ മികച്ച ടൂറിസം കേന്ദ്രങ്ങളിൽ ഒന്നായി അബുദാബിയിലെ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക് തിരഞ്ഞെടുക്കപ്പെട്ടു. ട്രിപ്അഡ്വൈസർ നടത്തിയ അഭിപ്രായ സർവേയിലാണ് 2022-ലെ ട്രാവലേഴ്‌സ് ചോയ്‌സ് അവാർഡിനായി ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കിനെ തിരഞ്ഞെടുത്തത്. മേഖലയിൽ ഒന്നാമതും ആഗോളതലത്തിൽ നാലാമതുമാണ് ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക്.
മികച്ച സാംസ്കാരിക, ചരിത്ര പര്യടന കേന്ദ്ര വിഭാഗത്തിൽ ആഗോളതലത്തിൽ ഒൻപതാം സ്ഥാനമുണ്ട്. ലോക സംസ്‌കാരങ്ങൾക്കിടയിൽ യുഎഇയുടെ സഹവർത്തിത്വം, സമാധാനം, അനുകമ്പ എന്നീ സന്ദേശം പ്രചരിപ്പിക്കുന്നതിലും ഇസ്‌ലാമിക നാഗരികതയെ പുനരുജ്ജീവിപ്പിക്കുന്നതിലും ഷെയ്ഖ് സായിദ് മോസ്ക് വഹിച്ച പങ്കാണ് പുരസ്കാരത്തിന് അർഹമാക്കിയത്.
പള്ളിയുടെ വാസ്തുശിൽപകലയും ലോകപ്രശസ്തം. രാഷ്ട്ര നേതാക്കൾ മുതൽ സാധാരണക്കാർ വരെ വർഷത്തിൽ 70 ലക്ഷം പേർ പള്ളി സന്ദർശിക്കുന്നു. അറബിക്, ഇംഗ്ലിഷ് ഭാഷകളിൽ ടൂറിസ്റ്റ് ഗൈഡുകളുടെ സേവനവും ലഭിക്കും. സാംസ്കാരിക സംവാദത്തിന്റെയും ഒത്തുചേരലിന്റെയും വേദികൂടിയാണ് ഈ ആരാധനാലയം.