ADVERTISEMENT

ദോഹ∙ ലോകകപ്പിനായി രാജ്യത്തെ അണിയിച്ചൊരുക്കുന്നതിൽ പങ്കാളികളാകാൻ ആഗ്രഹിക്കുന്നവർ  റജിസ്‌ട്രേഷൻ പൂർത്തിയാക്കണം.  സമയപരിധി  31 ന് അവസാനിക്കും. 2 ഘട്ടമായാണ് റജിസ്‌ട്രേഷൻ. അലങ്കാരത്തിന്റെ വിശദമായ ആശയങ്ങളോ ഡിസൈനോ ഡ്രോയിങോ സമർപ്പിക്കുന്നതാണ് ആദ്യ ഘട്ടം.

 

അനുമതി ലഭിച്ചാൽ അലങ്കാരങ്ങൾ പൂർത്തിയാക്കി ചിത്രങ്ങളെടുത്ത് സമർപ്പിക്കണം. വ്യവസ്ഥകളും നിബന്ധനകളും കൃത്യമായി  പാലിച്ചു വേണം അലങ്കാരങ്ങൾ ചെയ്യാൻ. ഏതൊക്കെ പ്രമേയങ്ങളിൽ അലങ്കാരങ്ങൾ ചെയ്യാം എന്നത് കൃത്യമായി നിർവചിച്ചിട്ടുണ്ട്. നമുക്ക് ആഘോഷിക്കാം  എന്ന തലക്കെട്ടിൽ ഇക്കഴിഞ്ഞ ജൂണിലാണ് സീന പദ്ധതി പ്രഖ്യാപിച്ചത്. ജൂലൈ 1 മുതലാണ് ആദ്യ ഘട്ട റജിസ്‌ട്രേഷൻ തുടങ്ങിയത്.

 

റോഡുകളും പൊതുസ്ഥലങ്ങളും സൗന്ദര്യവൽക്കരിക്കുന്ന പൊതുമരാമത്ത് അതോറിറ്റിയുടെ (അഷ്ഗാൽ) സൂപ്പർവൈസറി കമ്മിറ്റിയുടെ കീഴിലാണ് പദ്ധതി. വീടുകൾ, സ്‌കൂളുകൾ, സർവകലാശാലകൾ, പ്ലാസകൾ, പൊതുസ്ഥലങ്ങൾ, പൊതു കെട്ടിടങ്ങൾ എന്നിവയുടെ മുഖപ്പുകൾ അലങ്കരിച്ച് ആഗോള തലത്തിലുള്ള ഫുട്‌ബോൾ ആരാധകരെ രാജ്യത്തേക്ക് സ്വാഗതം ചെയ്യാൻ ലക്ഷ്യമിട്ടാണിത്. 2 വിഭാഗമായാണ് അലങ്കാരങ്ങളിലെ പങ്കാളിത്തം.

 

വീടുകൾ, പാർപ്പിട യൂണിറ്റുകൾ എന്നിവ അലങ്കരിക്കാൻ പൗരന്മാർക്കും പ്രവാസികൾക്കുമുള്ള അവസരമാണ് ആദ്യത്തേത്. രണ്ടാമത്തെ വിഭാഗത്തിൽ 3 മേഖലകൾക്കാണ് അവസരം. സ്‌കൂളുകൾ, കിന്റർഗാർട്ടനുകൾ സർവകലാശാലകൾ എന്നിവയാണ് ആദ്യത്തെ മേഖല. രണ്ടാമത്തേത്  പൊതു-സ്വകാര്യ മേഖലകളും മൂന്നാമത്തേത്  നഗരസഭകളുമാണ്. രണ്ടാമത്തെ 3 വിഭാഗങ്ങളിലും മികച്ച അലങ്കാരങ്ങൾക്ക് ക്യാഷ് പ്രൈസും സമ്മാനമായി ലഭിക്കും.

 

റജിസ്‌ട്രേഷൻ വെബ്സൈറ്റിൽ

 

∙https://zeeenah.ashghal.gov.qa/EN എന്ന വെബ്‌സൈറ്റിൽ വേണം റജിസ്റ്റർ ചെയ്യാൻ.

 

∙വെബ്‌സൈറ്റിൽ പ്രവേശിച്ച് പങ്കെടുക്കുമ്പോൾ പാലിക്കേണ്ട നിബന്ധനകളും വ്യവസ്ഥകളും വിശദമായി വായിച്ചു മനസ്സിലാക്കണം. 

 

∙ഏതു വിഭാഗത്തിലാണ് പങ്കാളിത്തമെന്നത് തിരഞ്ഞെടുത്ത ശേഷം ആവശ്യമായ വിവരങ്ങൾ അപ്‌ലോഡ് ചെയ്യണം. 

 

∙ആവശ്യപ്പെട്ട വിവരങ്ങൾ എല്ലാം നൽകിയെന്നുറപ്പാക്കി നിബന്ധനകളും വ്യവസ്ഥകളും വീണ്ടും വായിച്ചു മനസിലാക്കിയ ശേഷം റജിസ്‌ട്രേഷൻ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യണം. 

 

∙രണ്ടാം ഘട്ടം സെപ്റ്റംബർ 1 മുതൽ ഒക്‌ടോബർ 31 വരെയാണ്. അധികൃതരുടെ അനുമതി ലഭിച്ചവർ പൂർത്തിയാക്കിയ അലങ്കാരത്തിന്റെ ചിത്രങ്ങളാണ് രണ്ടാം ഘട്ടത്തിൽ സമർപ്പിക്കേണ്ടത്.

 

∙മികച്ച അലങ്കാരങ്ങൾക്കുള്ള പുരസ്‌കാരം 2023 ജനുവരി ആദ്യവാരം നടക്കും.

 

∙എല്ലാ വിധ അലങ്കാരങ്ങളും 2023 ജനുവരിക്കകം എടുത്തുമാറ്റണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com