പാരമ്പര്യ പെരുമയിൽ 'ഖത്തറിന്റെ കണ്ണാടി'
Mail This Article
ദോഹ ∙ ഖത്തറിന്റെ പാരമ്പര്യവും പ്രാദേശിക സംസ്‌കാരവും നഗരത്തിന്റെ പ്രത്യേകതകളും കോർത്തിണക്കിയുള്ള 'ഖത്തറിന്റെ കണ്ണാടി' എന്നു വിശേഷിപ്പിക്കപ്പെടുന്ന ലോകകപ്പ് സ്റ്റേഡിയമാണ് അഹമ്മദ് ബിൻ അലി.
ഖത്തറിന്റെ പ്രധാന നഗരങ്ങളിലൊന്നായ അൽ റയാനിൽ സ്ഥിതി ചെയ്യുന്ന സ്റ്റേഡിയത്തിന്റെ നിർമാണത്തിൽ ഇന്ത്യയുടെ കയ്യൊപ്പുമുണ്ട്. അൽ റയാൻ സ്റ്റേഡിയം എന്നായിരുന്നു ആദ്യം അറിയപ്പെട്ടിരുന്നതെങ്കിലും ഉദ്ഘാടനത്തോടനുബന്ധിച്ചാണ് അഹമ്മദ് ബിൻ അലി സ്റ്റേഡിയം എന്നാക്കിയത്.
പഴയ അഹമ്മദ് ബിൻ അലി സ്റ്റേഡിയം പൂർണമായും പൊളിച്ചു മാറ്റിയാണ് ലോകകപ്പിനായി പുതിയ സ്റ്റേഡിയം നിർമിച്ചതെങ്കിലും പഴയ പേര് നിലനിർത്തി 2020 ഡിസംബർ 18ന് ആയിരുന്നു ഉദ്ഘാടനം. 40,000 പേർക്ക് ഇരിക്കാം.
അൽ റയാൻ നഗരം മരുഭൂമിയുടെ കവാടം
ഖത്തറിന്റെ മരുഭൂമിയിലേക്കുള്ള പ്രവേശന കവാടമാണ് അൽ റയാൻ നഗരം. പാരമ്പര്യ തനിമയും സംസ്‌കാരവും പരിപോഷിപ്പിക്കുന്നതിൽ വലിയ ശ്രദ്ധ ചെലുത്തുന്ന ഇവിടെയാണ് ഏറ്റവും കൂടുതൽ സ്വദേശികൾ താമസിക്കുന്നതും. പ്രാദേശിക ക്ലബ്ബായ അൽ റയാന്റെ ആസ്ഥാനം കൂടിയായതിനാൽ ഇവിടുത്തെ കൊച്ചുകുട്ടികൾ പോലും ഫുട്‌ബോളിന്റെ ആരാധകരാണ്.
സാംസ്‌കാരികതയുടെ പ്രതീകം
മരുഭൂമിയിലെ മണൽകൂനകളുടെ ആകൃതിയിലാണ് സ്റ്റേഡിയം നിർമിച്ചിരിക്കുന്നത്. ഒറ്റ നോട്ടത്തിൽ ആരെയും ആകർഷിക്കുന്ന തിളക്കമാർന്ന മുഖപ്പാണ് സ്റ്റേഡിയത്തിന്റെ പ്രത്യേകതകളിൽ പ്രധാനം. അൽ റയാൻ നഗരത്തിന്റെ പ്രത്യേകതകളും കുടുംബത്തിന്റെ പ്രാധാന്യം, ജൈവ വൈവിധ്യം, മരുഭൂമിയുടെ സൗന്ദര്യം, പ്രാദേശിക-രാജ്യാന്തര വ്യാപാരം എന്നിങ്ങനെ വിഭിന്ന വീക്ഷണങ്ങൾ ഉൾക്കൊള്ളുന്നതാണ് മുഖപ്പ്. അതുകൊണ്ടു തന്നെയാണ് ഖത്തറിന്റെ കണ്ണാടി എന്നു വിശേഷിപ്പിക്കുന്നതും. റാംബോൾ ഗ്രൂപ്പിന്റേതാണ് ഡിസൈൻ.
സൗകര്യങ്ങൾ ഏറെ
സ്‌റ്റേഡിയത്തിനകത്ത് എല്ലാ വിഭാഗം കാണികൾക്കും മത്സരം ആസ്വദിക്കാനുള്ള സൗകര്യങ്ങളുണ്ട്. കളിക്കാർക്ക് വസ്ത്രം മാറാനുള്ള മുറികൾ പോലും അത്യാധുനിക ശൈലിയിലുള്ളതാണ്. പുറത്ത് 6 ഫുട്‌ബോൾ പരിശീലന പിച്ചുകൾ, ഒരു ക്രിക്കറ്റ് മൈതാനം, സൈക്കിൾ-ജോഗിങ് ട്രാക്കുകൾ, ജിം, അത്‌ലറ്റിക് ട്രാക്ക്, കുതിരകൾക്കുള്ള സവാരി ട്രാക്ക്, കാണികൾക്ക് വിശ്രമിക്കാൻ ഹരിതാഭമായ പാർക്കുകൾ, കഫേകൾ, ഫൗണ്ടനുകൾ, നടപ്പാതകൾ എന്നിവയും സ്റ്റേഡിയത്തോട് ചേർന്നുണ്ട്. ഖത്തറിന്റെ ആഡംബര മാളുകളിലൊന്നായ മാൾ ഓഫ് ഖത്തറും ഇവിടെ അടുത്താണ്. ലോകകപ്പ് കഴിഞ്ഞാൽ 20,000 സീറ്റുകൾ അവികസിത രാജ്യങ്ങൾക്ക് സംഭാവന നൽകും.
ഇന്ത്യൻ കയ്യൊപ്പ്
പ്രാദേശിക കമ്പനിയായ അൽ ബലാഗ് ട്രേഡിങ് ആൻഡ് കോൺട്രാക്ടിങ് കമ്പനിയും ഇന്ത്യയുടെ ലാഴ്‌സൺ ആൻഡ് ടർബോ ലിമിറ്റഡും (എൽആൻഡി) ചേർന്നാണ് സ്റ്റേഡിയം നിർമിച്ചത്. പൂർണമായും പരിസ്ഥിതി സുസ്ഥിരതാ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള നിർമാണം. നിർമാണം പൂർത്തിയാകുന്നതിന് മുൻപേ തന്നെ പരിസ്ഥിതി സൗഹൃദപരമായ ഡിസൈൻ, നിർമാണം, മാനേജ്‌മെന്റ്, ഊർജ കാര്യക്ഷമത എന്നിവയ്ക്ക് ഗൾഫ് ഓർഗനൈസേഷൻ ഫോർ റിസർച് ആൻഡ് ഡവലപ്‌മെന്റിന്റെ (ഗോർഡ്) ആഗോള സുസ്ഥിരതാ വിലയിരുത്തൽ സംവിധാനത്തിന്റെ 4-സ്റ്റാർ റേറ്റിങ് ലഭിച്ചിരുന്നു. ഇന്ത്യയിൽ നിന്ന് ഔദ്യോഗിക സന്ദർശനത്തിന് ഖത്തറിലെത്തുന്ന കേന്ദ്ര സർക്കാർ പ്രതിനിധികൾ ലോകകപ്പിന്റെ ചരിത്രത്തിൽ ആദ്യമായി ഇന്ത്യയുടെ കയ്യൊപ്പ് പതിഞ്ഞ സ്റ്റേഡിയം സന്ദർശിക്കാതെ മടങ്ങാറില്ല.
ആദ്യ മത്സരം
നവംബർ 21ന് യുഎസ്എയും വെയ്ൽസും തമ്മിലുള്ള ഗ്രൂപ്പ് ഘട്ട മത്സരത്തോടെ സ്‌റ്റേഡിയത്തിലെ ലോകകപ്പ് മത്സരങ്ങൾ തുടങ്ങും. ഗ്രൂപ്പ് ഘട്ടം, റൗണ്ട്-16 ഉൾപ്പെടെ 7 മത്സരങ്ങളാണ് ഇവിടെ നടക്കുക. ഉദ്ഘാടനത്തിന് ശേഷം ഫിഫ അറബ് കപ്പ് ഉൾപ്പെടെ ഒട്ടേറെ മത്സരങ്ങൾക്ക് വേദിയായിട്ടുണ്ട്.
മെട്രോയിലിറങ്ങാം
മെട്രോ ഗ്രീൻ ലൈനിലൂടെ അൽ റിഫ സ്റ്റേഷനിൽ ഇറങ്ങിയാൽ സ്റ്റേഡിയത്തിലേക്ക് നടക്കാവുന്ന ദൂരമേയുള്ളൂ. കർവ ബസുകളും ടാക്‌സികളും സുലഭം. കാണികൾക്കായി ഇവിടേയ്ക്ക് ദോഹയിൽ നിന്ന് സ്‌റ്റേഡിയം എക്‌സ്പ്രസ് ബസുണ്ട്.