കുട്ടികൾ 'വിഐപി'കൾ, സ്കൂൾ ബസ് യാത്ര സുരക്ഷിതമാക്കാൻ നടപടി
Mail This Article
അബുദാബി ∙ സ്കൂൾ തുറക്കുന്നതോടെ വിദ്യാർഥികളുടെ യാത്ര സുരക്ഷിതമാക്കാൻ വിപുല ക്രമീകരണങ്ങളുമായി അധികൃതർ. എല്ലാ ബസുകളുടെയും സാങ്കേതിക പരിശോധനകൾ പൂർത്തിയായി.
ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട് സെന്റർ(ഐടിസി), അബുദാബി മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്പോർട് ഡിപാർട്മെന്റ് എന്നിവയുടെ നേതൃത്വത്തിൽ സ്കൂൾ ബസ് ഡ്രൈവർമാർക്കും സൂപ്പർവൈസർമാർക്കും ബോധവൽക്കരണ ക്ലാസുകളും ശിൽപശാലകളും നടത്തി. മാർഗനിർദേശങ്ങൾ പാലിക്കാത്ത ജീവനക്കാർക്കെതിരെ കർശന നടപടിയുണ്ടാകും. അബുദാബി എമിറേറ്റിൽ 1.55 ലക്ഷത്തിലേറെ കുട്ടികളാണ് സ്കൂൾ ബസുകളിൽ യാത്ര ചെയ്യുന്നത്.
പരാതി നൽകാം
ബസ് ജീവനക്കാരെക്കുറിച്ചോ വാഹനത്തിന്റെ സുരക്ഷാ നിലവാരത്തെക്കുറിച്ചോ പരാതിയുണ്ടെങ്കിൽ രക്ഷിതാക്കൾക്ക് അബുദാബി ഗവൺമെന്റ് കോൾ സെന്ററിൽ അറിയിക്കാം. ഫോൺ 800555.
ഡ്രൈവറുടെ ശ്രദ്ധയ്ക്ക്
കുട്ടികൾ ബസിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും മറ്റു വാഹനങ്ങൾ സുരക്ഷിത അകലത്തിൽ നിർത്താനുള്ള റെഡ് സ്റ്റോപ് സിഗ്നൽ ലൈറ്റ് കാണിക്കണം. ഇതു കണ്ടാൽ മറ്റുവാഹനങ്ങൾ 5 മീറ്റർ അകലത്തിൽ നിർത്തണം. ലംഘിച്ചാൽ 1,000 ദിർഹം പിഴയും 10 ബ്ലാക് പോയിന്റുമാണ് ശിക്ഷ.
സിഗ്നൽ ഇടാൻ മറക്കുന്ന ബസ് ഡ്രൈവർക്ക് 500 ദിർഹം പിഴയും 6 ബ്ലാക് പോയിന്റുമാണ് ശിക്ഷ. കുട്ടികൾ റോഡിനു കുറുകെ കടക്കുമ്പോൾ ബസ് ഡ്രൈവർ ഫ്ലാഷ് ലൈറ്റ് തെളിക്കണം.
സൂപ്പർവൈസർമാരുടെ ചുമതലകൾ
വാഹനത്തിന്റെ അറ്റകുറ്റപ്പണി ദിവസവും നടത്തി സുരക്ഷിതത്വം ഉറപ്പാക്കണം. നിശ്ചിത വേഗത്തിൽ അനുവദനീയ പാതകളിൽ കൂടി മാത്രമാകണം ബസിന്റെ യാത്ര. സ്മാർട് സംവിധാനത്തിലൂടെ നിരീക്ഷണമുണ്ടാകും. ഓരോ കുട്ടിയും അതത് സ്റ്റോപ്പുകളിലാണ് ഇറങ്ങുന്നതെന്നു ബസ് സൂപ്പർവൈസർമാർ ഉറപ്പുവരുത്തണം. ട്രിപ്പ് കഴിയുമ്പോൾ ഏതെങ്കിലും കുട്ടി വാഹനത്തിൽ കുടുങ്ങിയിട്ടുണ്ടോയെന്നും പരിശോധിക്കണം.
11 വയസ്സിൽ താഴെയുള്ള കുട്ടിയാണെങ്കിൽ റോഡിനു കുറുകെ കടക്കാൻ സഹായിക്കുകയും രക്ഷിതാക്കളെ ഏൽപിക്കുകയും വേണം. കുട്ടികൾ സീറ്റ് ബെൽറ്റ് ധരിച്ചെന്ന് ഉറപ്പാക്കേണ്ട ചുമതല സൂപ്പർവൈസർക്കാണ്. എല്ലാ വാഹനങ്ങളിലും പ്രഥമ ശുശ്രൂഷാ കിറ്റുകൾ ഉണ്ടാകണം. വാഹനങ്ങൾ പതിവായി സാനിറ്റൈസ് ചെയ്യണം.
English Summary : Integrated Transport Centre initiatives to reinforce safety of school transport