അബുദാബി – ദുബായ് യാത്രയ്ക്ക് എക്സ്പ്രസ് ബസ് സർവീസ്
Mail This Article
അബുദാബി/ദുബായ്∙ അബുദാബിയിൽനിന്ന് ദുബായിലേക്കും തിരിച്ചും യാത്രക്കാരെ എത്തിക്കുന്നതിന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) പുതിയ എക്സ്പ്രസ് ബസ് സർവീസ് ആരംഭിക്കുന്നു. വിസ് എയർ വിമാന യാത്രക്കാർക്കു മാത്രമായാണു സേവനം. ഭാവിയിൽ മറ്റു വിമാന യാത്രക്കാർക്കും സേവനം ലഭ്യമാക്കും.
ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ ക്യാപ്പിറ്റൽ എക്സ്പ്രസ് ഫോർ റാപിഡ് ഇന്റർസിറ്റിയും ആർടിഎയും ഒപ്പുവച്ചു. ഇബ്ൻ ബത്തൂത്ത മാൾ കേന്ദ്രീകരിച്ചാണു സേവനം. ബസ് ചാർജ് വിമാന ടിക്കറ്റ് നിരക്കിൽ ഉൾപ്പെടും. യാത്രക്കാരുടെ ലഗേജ് വയ്ക്കാനുള്ള സൗകര്യവും എക്സ്പ്രസ് ബസുകളിൽ ഉണ്ടായിരിക്കും. സേവനം സുഗമമാക്കുന്നതിന് ആവശ്യമായ പാർക്കിങ് സ്ഥലങ്ങളും അടിസ്ഥാന സൗകര്യങ്ങളും ആർടിഎ ഒരുക്കും.
സ്‌റ്റേഷനിലെ എല്ലാ യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ഇബ്‌ൻ ബത്തൂത്ത ബസ് സ്റ്റേഷനിലെ സേവനത്തിന് ആർടിഎ മേൽനോട്ടം വഹിക്കും. സുഗമമായ യാത്ര ഉറപ്പുവരുത്തുന്നതിന് നിരീക്ഷണം ശക്തമാക്കും. ദുബായ്-അബുദാബി ഗതാഗതം മെച്ചപ്പെടുത്തുന്നതിനൊപ്പം പൊതു-സ്വകാര്യ പങ്കാളിത്തം ശക്തിപ്പെടുത്താനും പുതിയ സേവനം ഉപകരിക്കുമെന്ന് ആർടിഎ പബ്ലിക് ട്രാൻസ്പോർട്ട് ഏജൻസി സിഇഒ അഹമ്മദ് ഹാഷിം ബഹ്റൂസിയാൻ പറഞ്ഞു.
ഇരു എമിറേറ്റുകളിലും എത്തുന്ന വിനോദസഞ്ചാരികളെ ദുബായിലേക്കും അബുദാബിയിലേക്കും ആകർഷിക്കാനും പുതിയ സേവനം വഴിവയ്ക്കുമെന്നു ക്യാപ്പിറ്റൽ എക്സ്പ്രസ് ഫോർ റാപ്പിഡ് ഇന്റർസിറ്റി സിഇഒ ഇയാദ് ഇഷാഖ് അൽ അൻസാരി പറഞ്ഞു.