സൗദിയിൽ കെട്ടിട നിർമാണ ചട്ടം പാലിക്കാതിരുന്നാൽ കനത്ത പിഴ
Mail This Article
റിയാദ് ∙ സൗദിയിൽ കെട്ടിടങ്ങളുടെ മുൻഭാഗങ്ങളിലോ ബാൽക്കണിയിലോ സാറ്റലൈറ്റ് ഡിഷുകൾ സ്ഥാപിച്ചാൽ 100 മുതൽ 500 റിയാൽ വരെ പിഴ ചുമത്തുന്നതടക്കം മുനിസിപ്പൽ, റൂറൽ അഫയേഴ്സ് ആൻഡ് ഹൗസിങ് മന്ത്രാലയം നിയമങ്ങൾ പരിഷ്കരിക്കുന്നു. കെട്ടിടത്തിന്റെ രൂപത്തിനും സ്വഭാവത്തിനും അനുയോജ്യമല്ലാത്ത വസ്തുക്കൾ ഉപയോഗിച്ച് ബാൽക്കണി മറച്ചാൽ 200 മുതൽ 1,000 റിയാൽ വരെയും പിഴ ഈടാക്കിയേക്കും.
വാണിജ്യ കെട്ടിടങ്ങളുടെ ചുവരുകളിൽ അനുയോജ്യമല്ലാത്ത തരത്തിലുള്ള എഴുത്തുകൾ ഉണ്ടെങ്കിൽ 200 മുതൽ 1,000 റിയാൽ വരെയാണ് പിഴ ഈടാക്കുക. ഭിന്നശേഷിക്കാർക്ക് പ്രത്യേക വഴികളും പാർക്കിങ് സൗകര്യങ്ങളും ഒരുക്കിയില്ലെങ്കിൽ 500 മുതൽ 2,500 റിയാൽ വരെയും പിഴ ചുമത്തും. കെട്ടിടങ്ങളിൽ നിന്ന് പ്രധാന റോഡുകളിലേക്ക് നടപ്പാതകളോ അനുയോജ്യമായ വഴിയോ ഇല്ലെങ്കിൽ 100 റിയാൽ വരെ പിഴ ഇടാക്കും. കെട്ടിടങ്ങൾ ചട്ടങ്ങൾ ലംഘിക്കുന്ന ഉയരത്തിലാണെങ്കിൽ കുറഞ്ഞത് 100 റിയാലും പരമാവധി 500 റിയാലും പിഴ ചുമത്തും.
വാണിജ്യ കെട്ടിടങ്ങളുടെ മേൽക്കൂരയുടെ ഭിത്തികളിൽ ഇരുമ്പ് തൂണുകളോ സ്ക്രീനുകളോ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്ക് കുറഞ്ഞത് 1200 റിയാൽ പിഴയും പരമാവധി 6000 റിയാൽ പിഴയും ചുമത്തും. കെട്ടിടങ്ങളുടെ മുൻഭാഗങ്ങളിലെ വിള്ളലുകൾ, കേടുപാടുകൾ അല്ലെങ്കിൽ മുൻഭാഗങ്ങളിലെ ലോഹ വസ്തുക്കളിൽ ദൃശ്യമായ തുരുമ്പ് എന്നിവയ്ക്കുള്ള പിഴ 100 നും 500 നും ഇടയിലാണ്. വാണിജ്യ കെട്ടിടത്തിന്റെ മുൻവശത്ത് ദൃശ്യമാകുന്ന ഇലക്ട്രിക്കൽ, സാനിറ്ററി മെക്കാനിക്കൽ എക്സ്റ്റൻഷൻ പ്രവൃത്തികളുമായി ബന്ധപ്പെട്ട ലംഘനങ്ങൾക്ക് 200 റിയാൽ മുതൽ 1,000 റിയാൽ വരെ പിഴയും ഈടാക്കും.
English Summary : 5 levels of fines ranging from SR20 to SR6000 for building compliance violations in Saudi