ഷെയ്ഖ് ഹംദാന്റെ ആരാധകൻ: ദുബായിൽ താമസിച്ച് മെഴുക് പ്രതിമ നിര്‍മിച്ചു, പ്രതീക്ഷയോടെ ഇന്ത്യക്കാരൻ
Mail This Article
ദുബായ് ∙ ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ മെഴുക് പ്രതിമ നിർമിച്ച് ഇന്ത്യൻ കലാകാരൻ. ബെംഗളൂരു സ്വദേശി സക്കീർ ഖാൻ (34) ആണ് പ്രതിമ ഷെയ്ഖ് ഹംദാന് സമ്മാനിക്കാൻ കാത്തിരിക്കുന്നത്.
38 ദിവസം ചെലവഴിച്ചാണ് 1.7 മീറ്ററിലേറെ ഉയരമുള്ള പൂർണകായ പ്രതിമ നിര്‍മിച്ചത്. ഇതിന് 120 കിലോഗ്രാം മെഴുക് ഉപയോഗിച്ചു. താനും 8 വയസ്സുള്ള മകൻ അയാനും ഷെയ്ഖ് ഹംദാന്റെ വലിയ ആരാധകരാണെന്നും ഒരു ദിവസം അദ്ദേഹത്തെ കണ്ടുമുട്ടുമെന്ന പ്രതീക്ഷയിലാണെന്നും സക്കീർ പറഞ്ഞു. ഇൗ ആഗ്രഹം ഇങ്ങനെയൊരു പ്രതിമ സൃഷ്ടിക്കാൻ തന്നെ പ്രചോദിപ്പിച്ചു. ലോകത്തെങ്ങുമുള്ള യുവതയുടെ പ്രചോദനാത്മക നേതാവാണ് ഷെയ്ഖ് ഹംദാൻ. ഇതാദ്യമായാണ് അദ്ദേഹത്തിന്റെ പ്രതിമ കൈകൊണ്ട് നിർമിക്കുന്നത്.
കഴിഞ്ഞ വർഷം ഡിസംബറിൽ ആഴ്ചകളോളം ദുബായിൽ താമസിച്ചാണ് സക്കീർ നിർമാണം തുടങ്ങിങ്ങിയത്. ഇവിടെ വാടകയ്‌ക്കെടുത്ത ഒരു ചെറിയ മുറിയിയായിരുന്നു ജോലി സ്ഥലം. ഇതിനിടെ, ചുരുങ്ങിയ ദിവസം കൊണ്ട് കൈകളാൽ നിർമിച്ച ആദ്യത്തെ മെഴുകു പ്രതിമയെന്ന വേൾഡ് റെക്കോർഡ്സ് ഓാഫ് ഇന്ത്യയുടെ അംഗീകാരവും സക്കീർ ഖാൻ സ്വന്തമാക്കി.
ഇതുകൂടാതെ, കിരീടാവകാശിയുടെ പെൻസിൽ സ്കെച്ചുകളും ഒരു ദിർഹം കോയിൻ പെയിന്റിങ്ങും നിർമിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മകനോടൊപ്പം ദുബായിലെത്തിയ സാക്കിർ പ്രതിമ എത്രയും പെട്ടെന്ന് ഷെയ്ഖ് ഹംദാന് സമ്മാനിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ്.
English Summary: Indian artist creates wax statue of Sheikh Hamdan