ADVERTISEMENT

ഫുജൈറ∙ ഭരണസാരഥ്യത്തിൽ വികസനത്തിന്റെ 48 വർഷം പൂർത്തിയാക്കി ഫുജൈറ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി.  പിതാവ് ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ അബ്ദുല്ല അൽ ഷർഖിയുടെ നിര്യാണത്തെ തുടർന്ന് 1974 സെപ്റ്റംബർ 18ന് ആയിരുന്നു സ്ഥാനാരോഹണം. വികസനത്തിലേക്കുള്ള എമിറേറ്റിന്റെ കുതിപ്പിനും ഇതോടെ തുടക്കമായി.  ഫുജൈറയെ വിനോദസഞ്ചാര കേന്ദ്രമാക്കിയ അദ്ദേഹം എമിറേറ്റിന്റെ എല്ലാ ഭാഗവും വികസിപ്പിക്കുന്നതിലും വിജയിച്ചു.

Sheikh-Hamad-bin-Mohammed-Al-Sharqi5-Copy

വികസനം വിപുലമാക്കി

രാഷ്ട്രം കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഷെയ്ഖ് ഹമദ് പിതാവിന്റെ പാത പിന്തുടർന്നു വികസനം വിപുലമാക്കുകയായിരുന്നു ആദ്യം ചെയ്തത്. ലോകത്തിലെ ഏറ്റവും വികസിത രാജ്യങ്ങളിലൊന്നായി യുഎഇയെ മാറ്റുന്നതിൽ ഷെയ്ഖ് ഹമദിന്റെ പങ്ക് വലുതാണ്. 

അടിസ്ഥാന സൗകര്യ വികസനം, സമ്പദ്‌വ്യവസ്ഥ, വിദ്യാഭ്യാസം, ആരോഗ്യം, വ്യാപാരം, നിക്ഷേപം, നിർമാണം, സുരക്ഷ തുടങ്ങി സമസ്ത മേഖലകളിലും എമിറേറ്റിനെയും യുഎഇയെയും ശക്തമാക്കുന്നതിൽ ശ്രദ്ധ പുലർത്തുന്നു. ഇന്ന് വികസനത്തിന്റെ ഉന്നതിയിലും സംസ്കാരത്തെയും പൈതൃകത്തെയും പരിസ്ഥിതിയെയും തനിമയോടെ കാത്തുസൂക്ഷിക്കുന്നതിൽ ഫുജൈറ മാതൃകയായി.

കാർഷിക മേഖല വളർന്നു

എമിറേറ്റിലെ ആദ്യത്തെ സ്കൂൾ അൽ സബാഹിയയിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ലണ്ടൻ കോളജ്, ഹെൻഡൻ പൊലീസ് കോളജ്, റോയൽ മിലിറ്ററി അക്കാദമി സാൻഡ്‌ഹർസ്റ്റ് എന്നിവിടങ്ങളിലെ ഉപരിപഠനം പൂർത്തിയാക്കി തിരിച്ചെത്തിയ ഷെയ്ഖ് ഹമദ് ചെറുപ്പം മുതലേ എമിറേറ്റിന്റെ കാര്യങ്ങൾ മേൽനോട്ടം വഹിച്ചുതുടങ്ങി. 

കിരീടാവകാശി ആയിരുന്നപ്പോൾ ഫുജൈറയിലെ പൊലീസ് ആൻ‍ഡ് സെക്യൂരിറ്റി മേധാവിയായി. 1971 ഡിസംബർ 2ന് യുഎഇ രൂപീകൃതമായപ്പോൾ ആദ്യമന്ത്രിസഭയിൽ കൃഷി, ഫിഷറീസ് മന്ത്രിയായി. കാർഷിക രംഗത്ത് വിപ്ലവാത്മക വളർച്ചയ്ക്കു തുടക്കമിട്ടു.

വിദ്യാഭ്യാസത്തിന് പ്രധാന്യം 

വിദ്യാഭ്യാസമേഖലയുടെ വികസനത്തിനും വൻ പ്രാധാന്യം നൽകി. സ്കൂളുകളും കോളജുകളും സന്ദർശിച്ച് വിദ്യാർഥികളോടും അധ്യാപകരോടും ആശയവിനിമയം നടത്തിയാണു വികസന പദ്ധതികൾ നടപ്പാക്കിയത്. 

Sheikh-Hamad-bin-Mohammed-Al-Sharqi1-Copy

ഷെയ്ഖ് ഹമദ് ഹയർ കോളജ് ഓഫ് ടെക്നോളജി വിമൻസ് കോളജ്, ഹയർ കോളജ് ഓഫ് ടെക്നോളജി മെൻസ് കോളജ്, ഫുജൈറ യൂണിവേഴ്സിറ്റി, വിദ്യാഭ്യാസ, അക്കാദമിക് അഫയേഴ്‌സ് കൗൺസിൽ തുടങ്ങിയവ  ചിലതു മാത്രം.

കലയെ മറന്നില്ല

ഫുജൈറ ഇന്റർനാഷനൽ മോണോ ഡ്രാമ ഫെസ്റ്റിവൽ ലോകത്തിലെ തന്നെ പ്രധാന നാടകോത്സവങ്ങളിലൊന്നാണ്. ഫുജൈറ ഇന്റർനാഷനൽ ആർട്സ് ഫെസ്റ്റിവൽ, ഫുജൈറ ഫൈൻ ആർട്സ് അക്കാദമി തുടങ്ങി കലയെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുന്ന ഒട്ടേറെ സ്ഥാപനങ്ങളും പദ്ധതികളും സജ്ജമാക്കി.

Sheikh-Hamad-bin-Mohammed-Al-Sharqi4-Copy

ജനകീയൻ

ജനകീയനായ ഭരണാധികാരി എന്ന സൽപേര് തുടക്കത്തിലെ സമ്പാദിച്ച ഷെയ്ഖ് ഹമദ് സുരക്ഷയിലും വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിച്ചു. 2022 ഓഗസ്റ്റിലെ നംബിയോ സുരക്ഷാ സൂചികയിൽ ലോകമെമ്പാടുമുള്ള 466 നഗരങ്ങളിൽ 93.23 സ്‌കോർ നേടി ഒന്നാമതെത്തി ഏറ്റവും സുരക്ഷിത നഗരമെന്ന ബഹുമതി ഫുജൈറ സ്വന്തമാക്കി.

ആഗോള നഗരമാക്കും

അതുല്യമായ ജൈവവൈവിധ്യം ഉൾക്കൊള്ളുന്ന കര, സമുദ്ര സംരക്ഷിത മേഖലകൾക്കും പ്രശസ്തമാണ്. പെട്രോളിയം വ്യവസായ മേഖലയിലും മറൈൻ നാവിഗേഷൻ മേഖലയിലും മുന്നേറി. വിദേശ നിക്ഷേപം ആകർഷിക്കുന്ന ഫുജൈറ ഫ്രീ സോണിൽ ഒട്ടേറെ ഇന്ത്യൻ കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്. 

ഫുജൈറ തുറമുഖം ലോകത്തിലെ രണ്ടാമത്തെ വലിയ ബങ്കറിങ് ഹബ്ബാണ്. അബുദാബി- ഫുജൈറ പൈപ്ലൈൻ വഴി എണ്ണ കയറ്റുമതി പ്രവർത്തനങ്ങളുടെ പദ്ധതി ഷെയ്ഖ് ഹമദാണ് പ്രഖ്യാപിച്ചത്. 

Sheikh-Hamad-bin-Mohammed-Al-Sharqi3-Copy

രാജ്യത്തിന്റെ സ്വപ്ന പദ്ധതിയായ ഇത്തിഹാദ് റെയിൽ പൂർത്തിയാകുന്നതോടെ വികസനത്തിന്റെ മറ്റൊരു നാഴികക്കല്ലിലേക്കു കടക്കും.

ഭരണത്തിലെ സുവർണ ജൂബിലിയിലേക്ക് അടുക്കുമ്പോഴും ഫുജൈറയെ ആഗോള നഗരമാക്കാനുള്ള യജ്ഞം തുടരുകയാണു ഷെയ്ഖ് ഹമദ്.

English Summary : UAE celebrates Sheikh Hamad's 48-year legacy as ruler of Fujairah

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com