ചരിത്രം കുറിച്ചു ഫാൽക്കൺ ലേലം; സ്വന്തമാക്കിയത് 2.25 കോടി രൂപയ്ക്ക്
Mail This Article
അബുദാബി∙ റെക്കോർഡ് വിലയ്ക്കു ഫാൽക്കൺ പക്ഷിയെ ലേലം ചെയ്ത് 19–ാമത് രാജ്യാന്തര ഹണ്ടിങ് ആൻഡ് ഇക്വെസ്ട്രീൻ എക്‌സിബിഷൻ (അഡിഹെക്‌സ്)ചരിത്രം കുറിച്ചു. സമാപന ദിവസമായ ഇന്നലെ നടന്ന ലേലത്തിലാണു പ്യുവർ ഗൈർ അമേരിക്കൻ അൾട്രാ വൈറ്റ് ഇനത്തിൽപ്പെട്ട പ്രാപ്പിടിയനെ ഏകദേശം 2.25 കോടി രൂപയ്ക്ക് (10,10,000 ദിർഹം) ലേലം ചെയ്തത്. അഡിഹെക്സ് ചരിത്രത്തിൽ ഏറ്റവും കൂടിയ ലേലത്തുകയാണിതെന്നു സംഘാടകരായ എമിറേറ്റ്സ് ഫാൽക്കണേഴ്സ് ക്ലബ് അറിയിച്ചു.
ഇതേസമയം ലേലത്തിൽ പിടിച്ച സ്വദേശിയുടെ പേരുവിവരം വെളിപ്പെടുത്തിയിട്ടില്ല. സ്വദേശികളും വിദേശികളുമടക്കം നൂറുകണക്കിന് ആളുകൾ ലേലത്തിൽ പങ്കെടുക്കാനും കാണാനും എത്തിയിരുന്നു. പ്രദർശനത്തോടനുബന്ധിച്ച് വിവിധ രാജ്യങ്ങളിൽനിന്നുള്ള മുന്തിയ ഇനം ഫാൽക്കൺ പക്ഷികളെ അബുദാബിയിൽ എത്തിച്ചിരുന്നു.
ഇതിനു പുറമേ കോടികൾ വില മതിക്കുന്ന തോക്ക്, വേട്ട ഉപകരണങ്ങൾ, വാഹനങ്ങൾ, കുതിര, ഒട്ടകം, നായ തുടങ്ങി നവീനവും പരമ്പരാഗതവുമായ വേട്ട ഉപകരണങ്ങളും അനുബന്ധ ഉൽപന്നങ്ങളും പ്രദർശനത്തിലുണ്ടായിരുന്നു. മധ്യപൂർവദേശ, ആഫ്രിക്കൻ മേഖലകളിലെ ഏറ്റവും വലിയ പ്രദർശനത്തിൽ 44 രാജ്യങ്ങളിലെ 680 പ്രദർശകർ പങ്കെടുത്തു.