പുതിയ കമ്പനിക്ക് തുടക്കം കുറിച്ച് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ
Mail This Article
ജിദ്ദ ∙ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ സൗദി ഡൗൺടൗൺ (എസ്‌ഡിസി) എന്ന പേരിൽ പുതിയ കമ്പനിക്ക് തുടക്കം കുറിച്ചു. സൗദി അറേബ്യയിലെ 12 നഗരങ്ങളിൽ ഡൗണ്ടൗൺ ഏരിയകളും മിക്സഡ് യൂസ് ഡെസ്റ്റിനേഷനുകളും നിർമിക്കാനും വികസിപ്പിക്കാനും പുതിയ കമ്പനി ലക്ഷ്യമിടുന്നു. പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ (പിഐഎഫ്) കീഴിലായിരിക്കും പദ്ധതി നടപ്പിലാക്കുക. ഏറ്റവും പുതിയ മാനദണ്ഡങ്ങള്‍ക്കനുസൃതമായി, ഒരു കോടിയിലേറെ ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള പ്രദേശങ്ങള്‍ വിവിധ നഗരങ്ങളിലെ പദ്ധതികള്‍ക്കു വേണ്ടി കമ്പനി വികസിപ്പിക്കും.
റീട്ടെയിൽ, ടൂറിസം, വിനോദം, ഭവനം എന്നിവയുൾപ്പെടെ പ്രധാന സാമ്പത്തിക മേഖലകളിൽ പുതിയ ബിസിനസ്, നിക്ഷേപ അവസരങ്ങൾ സൃഷ്ടിച്ച് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും സ്വകാര്യ മേഖലയുമായും നിക്ഷേപകരുമായും തന്ത്രപരമായ പങ്കാളിത്തം കെട്ടിപ്പടുക്കാനും കമ്പനി ലക്ഷ്യമിടുന്നു. മദീന, അൽ ഖോബാർ, അൽ അഹ്‌സ, ബുറൈദ, നജ്‌റാൻ, ജിസാൻ, ഹൈൽ, അൽ ബഹ, അറാർ, തായിഫ്, ദുമത് അൽ ജൻദാൽ, തബൂക്ക് എന്നീ 12 നഗരങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്.
അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് സൗദി അറേബ്യയുടെ വൈവിധ്യമാർന്ന പ്രാദേശിക സംസ്കാരത്തിൽ നിന്നും പരമ്പരാഗത വാസ്തുവിദ്യാ രൂപങ്ങളിൽ നിന്നും ലക്ഷ്യസ്ഥാനങ്ങൾ സൃഷ്ടിക്കും. സൗദി ഡൗൺടൗൺ സമാരംഭിക്കുന്നതിലൂടെ സൗദി അറേബ്യയിലുടനീളമുള്ള വിവിധ നഗരങ്ങളിലെ വ്യാപാര, നിക്ഷേപ അവസരങ്ങൾ വർധിപ്പിക്കാനും പ്രാദേശിക സമ്പദ്‌വ്യവസ്ഥയിൽ സ്വാധീനം ചെലുത്താനും ലക്ഷ്യമിടുന്നുണ്ട്.