ADVERTISEMENT

റിയാദ് ∙ 16 വർഷമായി ജയിലിൽ കഴിയുന്ന മലയാളിയുടെ മോചനത്തിന് 33 കോടി രൂപ ദയാധന (നഷ്ടപരിഹാരം)മായി ആവശ്യപ്പെട്ടു മരിച്ച സൗദി ബാലന്റെ കുടുംബം. സൗദി പൗരന്റെ മകൻ അനസ് അൽശഹ്‌റി എന്ന ബാലൻ മരിച്ച കേസിൽ 10 വർഷം മുമ്പാണ് സൗദി കോടതി കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദു റഹീമിനെ വധശിക്ഷയ്ക്ക് വിധിച്ചത്. അപ്പീൽ കോടതയിലുള്ള കേസിൽ അന്തിമ വിധി വരുന്നതിന് മുമ്പ് പണം നൽകിയാൽ മാപ്പു നൽകും. അല്ലെങ്കിൽ കോടതി വിധി അനുസരിച്ച് ശിക്ഷ സ്വീകരിക്കേണ്ടിവരും.

2006 നവംബർ 28നു 26-ാം വയസ്സിലാണ് അബ്ദുറഹീം ഹൗസ് ഡ്രൈവർ വീസയിൽ റിയാദിലെത്തിയത്. 2006 ഡിസംബർ 24 നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. സ്‌പോൺസർ ഫായിസ് അബ്ദുല്ല അബ്ദുറഹ്മാൻ അൽശഹ്‌രിയുടെ മകൻ ഫായിസിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി. തലക്ക് താഴെ ചലനശേഷിയുമില്ലാത്ത അവസ്ഥയിലായിരുന്നു അനസ്. ഭക്ഷണവും വെള്ളവും മറ്റും നൽകിയിരുന്നത് കഴുത്തിൽ പ്രത്യേകമായി ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു. ഇടക്കിടെ പ്രകോപിതനാവുന്ന സ്വഭാവം അനസിനുണ്ടായിരുന്നു. റിയാദ് ഷിഫയിലെ വീട്ടിൽനിന്ന് അസീസിയിലെ ഹൈപർ മാർക്കറ്റിലേക്ക് പോകവേ സുവൈദിയിലെ ട്രാഫിക് സിഗ്‌നലിൽ പ്രകോപനമൊന്നുമില്ലാതെ അനസ് വഴക്കിടുകയായിരുന്നു. ട്രാഫിക് സിഗ്നൽ കട്ട് ചെയ്തു പോകാൻ അനസ് ബഹളം വച്ചു.

നിയമലംഘനം നടത്താൻ ആവില്ലെന്ന് ആവർത്തിച്ചു പറഞ്ഞ അബ്ദുറഹീം വാഹനവുമായി അടുത്ത സിഗ്‌നലിൽ എത്തിയപ്പോൾ അനസ് വീണ്ടും ബഹളം വയ്ക്കാൻ തുടങ്ങി. പിൻസീറ്റിലായിരുന്ന കുട്ടിയെ കാര്യം പറഞ്ഞു മനസ്സിലാക്കാൻ പിന്നോട്ട് തിരിഞ്ഞപ്പോൾ റഹീമിന്റെ മുഖത്തേക്ക് അനസ് പലതവണ തുപ്പി. തടയാനായി ശ്രമിച്ച അബ്ദുറഹീമിന്റെ കൈ അബദ്ധത്തിൽ അനസിന്റെ കഴുത്തിൽ ഘടിപ്പിച്ച ഉപകരണത്തിൽ തട്ടി. തുടർന്ന് കുട്ടി ബോധരഹിതനാവുകയായിരുന്നു. പിന്നീട് യാത്ര തുടർന്ന റഹീം അനസിന്റെ ബഹളമൊന്നും കേൾക്കാതായപ്പോൾ പന്തികേട് തോന്നി പരിശോധിച്ചപ്പോഴാണ് ചലനമറ്റ് കിടക്കുന്നതായി ബോധ്യപ്പെട്ടത്. 

ഉടൻ ബന്ധുവായ കോഴിക്കോട് നല്ലളം സ്വദേശി മുഹമ്മദ് നസീറിനെ വിളിച്ചുവരുത്തി. പണം തട്ടാൻ വന്ന കൊള്ളക്കാർ റഹീമിനെ കാറിൽ ബന്ദിയാക്കി അനസിനെ ആക്രമിച്ചുവെന്ന് കഥ ചമയ്ക്കുകയും നസീർ റഹീമിനെ സീറ്റിൽ കെട്ടിയിട്ടു പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു.  പൊലീസെത്തി റഹീമിനെയും ചോദ്യം ചെയ്യലിന് ശേഷം നസീറിനെയും കസ്റ്റഡിയിലെടുക്കുകയാണ് ഉണ്ടായത്. കേസ് വഴി തിരിച്ചുവിടാൻ ശ്രമിച്ചത് ഇരുവർക്കും വിനയായി. നസീർ 10 വർഷത്തിന് ശേഷം ജാമ്യത്തിലിറങ്ങി. റഹീം വധശിക്ഷ കാത്ത് റിയാദിലെ അൽ ഹൈർ ജയിലിൽ കഴിയുന്നു. വിവിധ ഘട്ടങ്ങളിലായി മൂന്നു പ്രാവശ്യം കോടതി വധശിക്ഷ വിധിച്ചിട്ടുണ്ട്.  ആ വിധി ഇപ്പോഴും നിലനിൽക്കുകയാണ്. 

അതേസമയം, കുട്ടിയുടെ ബന്ധുക്കൾ ദയാധനം വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നതിനാൽ ഈ പണം കണ്ടെത്താനുള്ള ശ്രമത്തിലാണ് റിയാദിലെ പൊതുസമൂഹം. ദയാധനം കണ്ടെത്താൻ എംബസിയുടെ നേതൃത്വത്തിൽ ശ്രമം വേണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു.

English Summary: Malayali in Saudi jail for 16 years, 33 crores to avoid death penalty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com