ADVERTISEMENT

ദോഹ ∙ ഫിഫ ലോകകപ്പ് കാണാന്‍ ഖത്തറിലെത്തുമ്പോള്‍ ഭക്ഷണപ്രേമികള്‍ തീര്‍ച്ചയായും രുചിച്ചറിയേണ്ടത് ഇവിടുത്തെ അറബിക് കോഫി തന്നെയാണ്. അറബിക് ഭാഷയില്‍ 'ഖഹ്‌വ' (Qahwa, Gahwa) എന്നറിയപ്പെടുന്ന കോഫി ഖത്തര്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫിന്റെ പ്രധാന രുചികളിലൊന്നാണ്. 

ഖഹ്‌വ എന്നും ഗഹ്‌വ എന്നും ഉച്ചാരണഭേദമുണ്ടെങ്കിലും പറഞ്ഞു വരുമ്പോള്‍ അതു ഖാവ എന്നായി മാറും. നേരിയ കയ്പും ഏലയ്ക്കയുടെയും കുങ്കുമപ്പൂവിന്റെയും രുചികളും നിറഞ്ഞ ഖഹ്‌വ ചൂടോടെ കുടി്ക്കുമ്പോള്‍ കിട്ടുന്ന ഉന്മേഷം ഒന്നു വേറെ തന്നെയാണ്. പതിവായി ഖഹ്‌വ ശീലമാക്കുന്നവരും കുറവല്ല. ചിലര്‍ക്ക് ഖഹ്‌വയുടെ രുചി ഇഷ്ടപ്പെടണമെന്നില്ല. എങ്കിലും ഒരിക്കലെങ്കിലും ഖഹ്‌വയുടെ രുചി അറിയുക തന്നെ വേണം. 

പേള്‍ ഖത്തര്‍, കത്താറ കള്‍ചറല്‍ വില്ലേജ്, സൂഖ് വാഖിഫ്, മിഷ്‌റെബ് എന്നിവിടങ്ങളിലെല്ലാം പരമ്പരാഗത രുചികളില്‍ തന്നെയുള്ള ഖഹ്‌വ ലഭിക്കും. പരമ്പരാഗത ഖഹ്‌വയില്‍ ആധുനികത കലര്‍ത്തിയുള്ള രുചികളും ധാരാളം. സ്വദേശി വീടുകളില്‍  മാത്രമല്ല സര്‍ക്കാര്‍ ഓഫിസുകളിലും കൂടിക്കാഴ്ചകളിലും യോഗങ്ങളിലുമെല്ലാം അതിഥികള്‍ക്ക് ആദ്യം നല്‍കുന്നത് ചെറിയ കപ്പില്‍ അല്‍പം ഖഹ്‌വയാണ്.

doha-coffee-pot
ഖഹ്‌വ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന വലിയ കോഫി പോട്ടും ഒഴിക്കാന്‍ ഉപയോഗിക്കുന്ന പോട്ടും . (ചിത്രം-വിസിറ്റ് ഖത്തര്‍ ഡോട്ട്‌കോം)

ഖഹ്‌വയുടെ ചരിത്രമറിയാം

നമ്മള്‍ മലയാളികള്‍ കോഫി ഉണ്ടാക്കുന്ന ലാഘവത്തോടെയല്ല ഇവിടുത്തെ സ്വദേശികള്‍ ഖഹ്‌വ ഉണ്ടാക്കുന്നത്. കോഫി തയാറാക്കുന്നത് മുതല്‍ അതിഥിക്ക് കുടിയ്ക്കാന്‍ കൊടുക്കുന്നത് വരെയുള്ള കാര്യങ്ങളില്‍ പാരമ്പര്യരീതിയുണ്ട്. ഇലക്ട്രിക് അറബിക് കോഫി മേക്കര്‍  വിപണിയില്‍ സുലഭമാണെങ്കിലും പാരമ്പര്യ തനിമയില്‍ ഉണ്ടാക്കുന്ന ഖഹ്‌വയ്ക്ക് തന്നെയാണ് ഡിമാന്‍ഡ്. അറബിക് കോഫിയുടെ രുചിക്കൂട്ടുകള്‍ അടങ്ങിയ പൗഡറാണ് യുവതലമുറ കൂടുതലും ഉപയോഗിക്കുന്നതെങ്കിലും മുതിര്‍ന്നവര്‍ ഇതിനോട് ഒട്ടും യോജിക്കാറില്ല. കാരണം ഓരോ കുടുംബങ്ങളും പാരമ്പര്യ തനിമയോടെ തന്നെ ഖഹ്‌വ ഉണ്ടാക്കുന്നതില്‍ വലിയ ശ്രദ്ധ ചെലുത്തുന്നവരാണ്. ഗോത്രവിഭാഗം ഉള്‍പ്പെടെയുള്ള തദ്ദേശീയര്‍ പലപ്പോഴും ഖഹ്‌വ ഉണ്ടാക്കുന്നതില്‍ തങ്ങളുടേതായ രുചിക്കൂട്ടുകള്‍ സൂക്ഷിക്കുന്നവരുമാണ്. സ്വദേശി വീടുകളില്‍ സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്മാര്‍ക്കും ആണ്‍കുട്ടികള്‍ക്കും വരെ ഖഹ്‌വ ഉണ്ടാക്കാന്‍ അറിയാമെന്നതാണ് സവിശേഷത. പാരമ്പര്യമായി പകര്‍ന്നു നല്‍കുന്ന രുചിക്കൂട്ടുകളാണിത്. 

  ഖഹ്‌വ തയാറാക്കുന്നതില്‍ മാത്രമല്ല വിളമ്പുന്നതിലും പ്രത്യേകതയുണ്ട്. പ്രത്യേക തരം വലിയ കോഫി പോട്ടില്‍ ആണ്  ഉണ്ടാക്കുന്നത്.  ബീന്‍സ് റോസ്റ്റ് ചെയ്യുന്നത് ഉള്‍പ്പെടെ എല്ലാം അപ്പപ്പോള്‍ ഫ്രഷ് ആയി തന്നെയാണ് തയാറാക്കുന്നതും. നേരത്തെ ഉണ്ടാക്കി വയ്ക്കില്ല. ഖഹ്‌വ ഉണ്ടാക്കുമ്പോള്‍ വീട്ടില്‍ ആണെങ്കില്‍ ഏറ്റവും മുതിര്‍ന്ന അംഗത്തിനാണ് ആദ്യം നല്‍കുക. ഇടതു കൈ കൊണ്ടാണ് കപ്പിലേക്ക് ഒഴിക്കുന്നതെങ്കിലും കുടിയ്ക്കാന്‍ കൊടുക്കുന്നത് വലതു കൈകൊണ്ടാണ്. ഇടതു കൈ കൊണ്ട് ഖഹ്‌വ നല്‍കില്ല. കപ്പ് നിറച്ചും ഖഹ്‌വ പകരുകയുമില്ല. കപ്പിന്റെ ഏതാണ്ട് മൂന്നിലൊന്ന് മാത്രമാണ് നിറയ്ക്കുക. കപ്പ് കൈകൊണ്ടു ചെറുതായൊന്നു ചുറ്റിച്ച ശേഷമാണ് കുടിയ്ക്കുന്നതും. ആധുനികതയിലേയ്ക്ക് കുതിച്ചു കൊണ്ടിരിക്കുന്ന രാജ്യമാണ് ഖത്തറെങ്കിലും പാരമ്പര്യവും പൈതൃകവും പിന്തുടരുന്നതില്‍ ഇപ്പോഴും അതീവ ശ്രദ്ധ ചെലുത്തുന്നവരാണ്. 

ആരോഗ്യ ഗുണങ്ങളും ഏറെ

ക്ഷീണം അകറ്റാന്‍, ദഹനം സുഗമമാക്കാന്‍ എല്ലാം ഖഹ്‌വ നല്ലൊരു പാനീയം തന്നെയാണ്. ഒട്ടും കലോറിയുമില്ല. കുങ്കുമപ്പൂ അടങ്ങിയ ഖഹ്‌വയില്‍ ശരീരത്തിന് സുപ്രധാനമായ വിറ്റമിനുകളുമുണ്ട്. ശരീരത്തിന്റെ രോഗ പ്രതിരോധ സംവിധാനത്തെയും ഊര്‍ജ ഉല്‍പാദനത്തെയും രക്തധമനികളുടെ ഉല്‍പാദനത്തെയും ശക്തിപ്പെടുത്താന്‍ മാത്രമല്ല കണ്ണും ചര്‍മ്മവും ആരോഗ്യകരമായി നിലനിര്‍ത്താനും  കുങ്കുമപ്പൂവ് ഏറെ ഗുണകരമാണ്. മാനസിക സമ്മര്‍ദം കുറയ്ക്കാനും നല്ലതാണ്. നല്ലൊരു ഖഹ്‌വ കുടിയ്ക്കുന്നതിന്റെ ഉന്മേഷം ശരീരത്തിന് മാത്രമല്ല മനസിനും ലഭിക്കും. ദിവസേന ഖഹ്‌വ കുടിയ്ക്കുന്നത് ശരീരഭാരം കുറയ്ക്കാനും സഹായിക്കും. രക്തസമ്മര്‍ദം നിയന്ത്രിക്കാനും ഇതു നല്ലതാണെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. 

രുചിക്കൂട്ടുകള്‍ അറിയാം

ഗ്രീന്‍ കോഫി ബീന്‍സ് ആണ് പ്രധാന ചേരുവ. സൂഖ് വാഖിഫിലെ മിക്ക ഷോപ്പുകളില്‍ നിന്നും ഇതു വാങ്ങാം. കുങ്കുമപ്പൂവ്, ഏലക്കായ, ഗ്രാമ്പു, ഷെയ്ബ ഇലകള്‍ (ബ്ലാക്ക് സ്റ്റോണ്‍ ഫ്‌ളവര്‍) എന്നിവയാണ് മറ്റു ചേരുവകള്‍. തമിഴ്‌നാട്ടിലെ ചെട്ടിനാട് വിഭവങ്ങളില്‍ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന ഒന്നാണ് ഷെയ്ബ ഇലകള്‍. കുങ്കുമപ്പൂവ് ആണ് അറബിക് കോഫിയിലെ ഏറ്റവും ചെലവേറിയത്. ഉപയോക്താവ് ആവശ്യപ്പെട്ടാല്‍ ഗ്രീന്‍ കോഫി ബീന്‍സ് കടക്കാരന്‍ വറുത്ത് പൊടിയാക്കി തരുമെങ്കിലും സ്വന്തമായി തന്നെ തയാറാക്കുന്നതിനോടാണ് മിക്കവര്‍ക്കും താല്‍പര്യം. ഓരോ കുടുംബങ്ങളിലും ചേരുവകളും അവയുടെ അളവും വ്യത്യാസപ്പെടും. ചിലര്‍ ചെറിയ അളവില്‍ ഇഞ്ചിയും ചേര്‍ക്കാറുണ്ട്. കോഫിയുടെ നിറത്തില്‍ വരെ ചിലപ്പോള്‍ വ്യത്യാസമുണ്ടാകും. ചിലര്‍ക്ക് ഇളം നിറത്തിലുള്ള കോഫിയോടാണ് ഇഷ്ടമെങ്കില്‍ ചിലര്‍ക്ക് കടുത്ത നിറത്തിലുള്ളതാണ് ഇഷ്ടം.

ഖഹ്‌വ എങ്ങനെ ഉണ്ടാക്കാം

പരമ്പരാഗത ശൈലിയില്‍ എങ്ങനെയാണ് ഖഹ്‌വ ഉണ്ടാക്കുന്നത് എന്നറിയാം. വലിയ സ്പൂണില്‍ (മിഹ്‌മാസ് എന്നാണ് അറബിക് നാമം) ആണ് റോസ്റ്റ് ചെയ്യുന്നത്. ഗ്രീന്‍ കോഫി ബീന്‍സ് ആവശ്യമായ അളവില്‍ കൃത്യമായ പാകത്തില്‍ റോസ്റ്റ് ചെയ്‌തെടുക്കണം. റോസ്റ്റ് ചെയ്ത ബീന്‍സ് തടി കൊണ്ട് നിര്‍മിച്ച പാത്രത്തില്‍ (അറബിക് പേര്-മുബാറിഡ്) ഇട്ടുവെച്ചാണ് തണുപ്പിക്കുന്നത്. തണുത്ത ശേഷം ബീന്‍സ് പൊടിച്ചെടുക്കാന്‍ ഉപയോഗിക്കുന്നത് ചെറിയ ഉരലും ഉലക്കയും (അറബിക്കില്‍ ഹവന്‍) ആണ്. പൊടിക്കുമ്പോള്‍ ഉണ്ടാകുന്ന താളം പരമ്പരാഗത ആചാരത്തിലേയ്ക്ക് അല്‍പം സംഗീതത്തിന്റെ കൂട്ടിചേര്‍ക്കല്‍ കൂടിയാണ്. തരികള്‍ ഇല്ലാതിരിക്കുന്ന തരത്തില്‍ നന്നായി പൊടിച്ചെടുക്കണം. ഇനി ഇതിനൊന്നും സമയമില്ലെങ്കില്‍ കോഫി ഗ്രൈന്ററില്‍ തന്നെ ബീന്‍സ് പൊടിച്ചെടുക്കാം. 

  കോഫി ഉണ്ടാക്കാനും ഒഴിച്ചു വയ്ക്കാനും പ്രത്യേക പാത്രം  തന്നെയുണ്ട്. ഒരു വലിയ കോഫി പോട്ടില്‍ (അറബിക്കില്‍ ഖുംറ) ആവശ്യമായ അളവില്‍ വെള്ളം തിളപ്പിച്ച് പൊടിച്ചെടുത്ത ബീന്‍സ് അതിലേക്ക് ചേര്‍ത്തിളക്കും. ഇതിലേക്ക് ഏലക്കായ, കുങ്കുമപ്പൂവ്, ഗ്രാമ്പു, ഷെയ്ബ ഇലകള്‍ എന്നിവ നിശ്ചിത  അളവില്‍ പൊടിച്ചു ചേര്‍ക്കും. ഏലക്കായ ആണ് കൂടുതലായി ഉപയോഗിക്കുന്നത്. കുങ്കുമപ്പൂവ് അല്‍പം മതി. എല്ലാ ചേരുവകളും ചേര്‍ത്ത ശേഷം ചെറിയ തീയില്‍ ഒരു 20 മിനിറ്റ്  തിളപ്പിച്ച ശേഷം വിളമ്പാനുള്ള കോഫി പോട്ടി (അറബിക് പേര്-ദല്ല) ലേക്ക് മാറ്റും. ഈന്തപ്പനയുടെ നാരുകള്‍ കൊണ്ടുള്ളതോ സാധാരണ സ്‌ട്രെയ്‌നറോ ഉപയോഗിച്ച് വേണം കോഫി പോട്ടിലേക്ക് കോഫി അരിച്ചൊഴിക്കാന്‍. കോഫി പോട്ടില്‍ നിന്ന് പരമ്പരാഗത ശൈലിയിലുള്ള ചെറു കപ്പിലേക്ക് (ഫിന്‍ജന്‍) ആണ് ഖഹ്‌വ ഒഴിക്കുന്നത്.  കപ്പിന്റെ പകുതിയേ ഒഴിക്കാറുള്ളു. ഖഹ്‌വയില്‍ മധുരം ചേര്‍ക്കാറില്ല. കോഫിയ്‌ക്കൊപ്പം ഈന്തപ്പഴമോ ഇഷ്ടമുള്ള മധുരമോ കഴിക്കുകയാണ് പതിവ്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com