ജിദ്ദ കിങ് അബ്ദുൽ അസീസ് യൂനിവേഴ്‌സിറ്റി അഴിമതി കേസിൽ കൂടുതൽ പേർ കുടുങ്ങും
Mail This Article
ജിദ്ദ∙ ജിദ്ദ കിങ് അബ്ദുൽ അസീസ് യൂനിവേഴ്‌സിറ്റി അഴിമതി കേസിൽ കൂടുതൽ പേർ കുടുങ്ങുമെന്ന് ഓവർസൈറ്റ് ആന്റ് ആന്റി കറപ്ഷൻ അതോറിറ്റി വക്താവ് അഹ്മദ് അൽഹുസൈൻ വെളിപ്പെടുത്തി.അഴിമതി കേസിൽ പങ്കുണ്ടെന്നു തെളിയുന്ന എല്ലാവർക്കുമെതിരെ നിയമ നടപടികൾ സ്വീകരിക്കും.മറ്റു പ്രതികളെ ചോദ്യം ചെയ്തുവരികയാണ്. മുൻ പ്രസിഡന്റ് ഡോ. അബ്ദുറഹ്മാൻ അൽ യൂബിയെ നേരത്തെ തൽസ്ഥാനത്തു നിന്നു നീക്കം ചെയ്തിരുന്നു.
അഴിമതി കേസിൽ പങ്കുണ്ടെന്നു തെളിയുന്ന എല്ലാവർക്കുമെതിരെ നിയമ നടപടികൾ സ്വീകരിക്കും. ഉന്നത ഉദ്യോഗസ്ഥരും സാദാ ജീവനക്കാരും അടക്കമുള്ളവർക്ക് കേസിൽ പങ്കുണ്ട്. അന്വേഷണം പൂർത്തിയായ ശേഷം മറ്റു പ്രതികളെ കുറിച്ച വിശദാംശങ്ങൾ വെളിപ്പെടുത്തുമെന്നും വക്താവ് പറഞ്ഞു. ജിദ്ദ കിങ് അബ്ദുൽ അസീസ് യൂനിവേഴ്‌സിറ്റി പ്രസിഡന്റ് പദവിയിൽ നിന്ന് പിരിച്ചുവിട്ട ഡോ. അബ്ദുറഹ്മാൻ അൽയൂബി 50 കോടിയിലേറെ റിയാൽ അപഹരിച്ചതായി തെളിഞ്ഞിട്ടുണ്ടെന്ന് അഹ്മദ് അൽഹുസൈൻ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
സർവകലാശാലാ ഫണ്ടിൽ നിന്ന് 10 കോടിയിലേറെ റിയാൽ പ്രസിഡന്റ് നേരിട്ട് അപഹരിച്ചു. മറ്റു രീതികളിലും ഇദ്ദേഹം പണം അപഹരിച്ചിട്ടുണ്ട്. ആകെ 50 കോടിലേറെ റിയാലിന്റെ അഴിമതികളും വെട്ടിപ്പുകളുമാണ് മുൻ പ്രസിഡന്റ് നടത്തിയത്.