യുഎഇയിൽ അർബുദം ഉണ്ടാക്കുന്ന ഷാംപു വിൽക്കുന്നില്ലെന്ന് ക്യുസിസി
Mail This Article
അബുദാബി∙ അർബുദത്തിനു കാരണമാകുന്ന രാസവസ്തുക്കൾ ഉള്ള ഷാംപൂകൾ യുഎഇ വിപണിയിലോ ഓൺലൈനിലോ വിൽക്കുന്നില്ലെന്ന് അബുദാബി ക്വാളിറ്റി ആൻഡ് കൺഫർമിറ്റി കൗൺസിൽ (ക്യുസിസി) സ്ഥിരീകരിച്ചു.
കാൻസറിനു കാരണമാകുന്ന ബെൻസീൻ രാസവസ്തു ഷാംപൂവിൽ കലർന്നതായി കണ്ടെത്തിയതിനെ തുടർന്ന് യുണിലിവർ പിഎൽസി ഡോവ്, എയറോസോൾ ഡ്രൈ ഷാംപൂ ഉൾപ്പെടെ ഏതാനും ഉൽപന്നങ്ങൾ യുഎസ് വിപണിയിൽനിന്ന് പിൻവലിച്ചിരുന്നു. ഇതേകാരണത്താൽ റോക്കഹോളിക്, ബെഡ് ഹെഡ് ഡ്രൈ ഷാംപൂകളും ഒക്ടോബറിൽ തിരിച്ചുവിളിച്ചിരുന്നു.
യുഎഇ വിപണിയിലും രാജ്യാന്തര അംഗീകാരമുള്ള ഓൺലൈൻ നിരീക്ഷണ പ്ലാറ്റ്ഫോമുകളിലും നിരീക്ഷണം ശക്തമാക്കിയതായി ക്യുസിസിയിലെ ബിസിനസ് ഡവലപ്‌മെന്റ് ആൻഡ് കസ്റ്റമർ ഹാപ്പിനെസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ സുൽത്താൻ അൽ മുഹൈരി പറഞ്ഞു. ഇത്തരം ഉൽപന്നങ്ങൾ പ്രാദേശിക വിപണികളിൽ ഇല്ലെന്ന് ആവർത്തിച്ചു ഉറപ്പുവരുത്തും.
കമ്പനിയുടെ പ്ലാറ്റ് ഫോമുകളിൽ നിന്ന് അവ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റേതെങ്കിലും രാജ്യത്തുനിന്ന് ഈ ഉൽപന്നങ്ങൾ വാങ്ങി യുഎഇയിലെത്തിയവർ അവ ഉപയോഗിക്കരുതെന്നും കമ്പനിയുമായി ബന്ധപ്പെടണമെന്നും അഭ്യർഥിച്ചു. ഇതു ഉറപ്പാക്കാൻ കമ്പനിക്കും നിർദേശം നൽകി.
English Summary: Shampoos with cancer-causing content not sold in UAE stores.