ദുബായ് ∙ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനു ഇന്ന് 40–ാം പിറന്നാൾ. ഫസാ എന്നറിയിപ്പെടുന്ന ഷെയ്ഖ് ഹംദാൻ 2008 മുതൽ ദുബായിയുടെ കിരീടാവകാശിയാണ്.
തന്റെ ലാളിത്യം നിറഞ്ഞ പ്രവർത്തികള്‍ കൊണ്ടും ഭരണമികവുകൊണ്ടും സ്വദേശികൾക്കും വിദേശികൾക്കും ഇടയിൽ ജനപ്രിയനാണ് ഷെയ്ഖ് ഹംദാൻ. പ്രിയ ഭരണാധികാരിക്ക് അശംസകൾ അറിയിക്കുകയാണ് മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളും.
2006 സെപ്റ്റംബർ എട്ടിനാണ് ഷെയ്ഖ് ഹംദാൻ ആദ്യ ഭരണചുമതലയിലേക്ക് എത്തിയത്. പിതാവും യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഹംദാനെ ദുബായ് സർക്കാരിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനായി നിയമിച്ചു.
പിന്നീട് രണ്ടു വർഷങ്ങൾക്കുശേഷം 25–ാം വയസ്സിൽ ഷെയ്ഖ് ഹംദാനെ ദുബായ് കിരീടാവകാശിയായി നിയമിച്ചു. ചെറു പ്രായത്തിൽ തന്നെ ഭരണപരമായും കായികപരമായും സാഹിത്യപരവുമായൊക്കെ കഴിവു തെളിയിച്ചതോടൊപ്പം ഉന്നതവിദ്യാഭ്യാസം നേടിയ വ്യക്തിയാണ് ഹംദാൻ.
ദോഹ ഏഷ്യൻ ഗെയിംസിൽ അശ്വാഭ്യാസ ടീം ഇനത്തിൽ സഹോദരങ്ങൾക്കൊപ്പം സ്വർണ മെഡൽ നേടിയ താരമാണ് ഷെയ്‌ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂം. ഒട്ടേറെ ആരാധകരുള്ള കവിയുമാണ് അദ്ദേഹം. എക്‌സിക്യുട്ടീവ് കൗൺസിലിന്റെ അധ്യക്ഷനായി കുറഞ്ഞ കാലത്തിനുള്ളിൽ ഷെയ്‌ഖ് ഹംദാൻ ഭരണരംഗത്ത് പ്രാഗത്ഭ്യം തെളിയിച്ചിരുന്നു.
ദുബായ് റാഷിദ് പ്രൈവറ്റ് സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ഷെയ്‌ഖ് ഹംദാൻ ബ്രിട്ടൻ സാൻഡസ്‌റ്റ് റോയൽ മിലിട്ടറി അക്കാദമിയിലും ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിലും ദുബായ് സ്‌കൂൾ ഓഫ് ഗവൺമെന്റിലുമായാണ് അധ്യയനം പൂർത്തിയാക്കിയത്.
സമൂഹമാധ്യമങ്ങളിൽ സജീവമായ ഷെയ്ഖ് ഹംദാൻ സാധാരണ ജനങ്ങളുമായി നിരന്തരം സമ്പർക്കമുള്ള വ്യക്തിയാണ്. കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളും വിഡിയോകളും അദ്ദേഹം തന്റെ ഫാസ്3 എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി പങ്കുവയ്ക്കാറുണ്ട്. 2021 മേയിൽ ഷെയ്ഖ് ഹംദാൻ ഇരട്ടക്കുട്ടികളുടെ പിതാവുമായി. ഷെയ്ഖ ഷെയ്ഖ ബിൻ സയീദ് ആണ് പത്നി.
English Summary: Crown Prince of Dubai celebrates his birthday.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.