രണ്ടാമത്തെ കവിതാ സമാഹാരവുമായി കണ്ണൂരിൽ നിന്നു ഫാത്തിമ ഷെരീഫ്
Mail This Article
ഷാർജ∙ കൊച്ചു ചിന്തകളിൽ വിരിഞ്ഞ ഇംഗ്ലീഷ് കവിതകളുടെ സമാഹാരം സഫയറുമായി ഫാത്തിമ ഷരീഫ്(14) കണ്ണൂർ അഴീക്കലിൽ നിന്ന് ഷാർജ രാജ്യാന്തര പുസ്തകമേളയിലെത്തി ശ്രദ്ധേയയായി. റിംസ് ഇന്റർനാഷനൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയായ ഫാത്തിമ എഴുതിയ 50 കവിതകളാണു പുസ്തകത്തിലുള്ളത്.
വേദന, പ്രതികാരം, സ്നേഹം, സന്തോഷം തുടങ്ങിയ വിവിധ വികാരങ്ങളെ ആസ്പദമാക്കി രചിച്ച കവിതകളാണിതെന്ന് ഫാത്തിമ പറഞ്ഞു. ഇത് ഇൗ വിദ്യാർഥിനിയുടെ രണ്ടാമത്തെ പുസ്തകമാണ്. നേരത്തെ ദി ഇൻവിസിബിൾ ഗിഫ്റ്റ് എന്ന പേരിൽ കവിതാ സമാഹാരം പുറത്തിറക്കിയിരുന്നു.
ഒരിക്കൽ തന്റെ രചനകളിലൂടെ തന്നെ ലോകം അറിയുമെന്ന പ്രതീക്ഷയിലാണ് താനെന്നും വായനയ്ക്കും എഴുത്തിനും വേണ്ടി ആത്മാർഥമായി നിലകൊള്ളുന്നുവെന്നും ഫാത്തിമ പറഞ്ഞു. ആയോധനകലാ രംഗത്ത് പ്രവർത്തിക്കുന്ന പിതാവ് ഷരീഫ് കുരിക്കളോടും സഹോദരിയോടുമൊപ്പമാണ് ഫാത്തിമ ഷാർജയിലെത്തിയത്. മാതാവ്:ഫരീദ. യാരാ ഷരീഫ്, മോസ ഷരീഫ്, സാറാ ഷരീഫ് എന്നിവർ സഹോദരങ്ങളാണ്.