യുദ്ധങ്ങള്‍ മനുഷ്യ സമൂഹത്തിനു ദുരന്തങ്ങള്‍ സമ്മാനിക്കുന്നു: ഷഹാന്‍ കരുണതിലക
Mail This Article
ഷാര്‍ജ∙ താങ്ങാന്‍ കഴിയാത്ത വിധം യുദ്ധങ്ങള്‍ മനുഷ്യ സമൂഹത്തിനു ദുരന്തങ്ങള്‍ സമ്മാനിക്കുന്നതായും യുദ്ധക്കെടുതികളെ മനുഷ്യത്വപരമായി സമീപിക്കണമെന്നും ബുക്കര്‍ പ്രൈസ് ജേതാവ് ശ്രീലങ്കന്‍ എഴുത്തുകാരൻ ഷഹാന്‍ കരുണതിലക പറഞ്ഞു. ശ്രീലങ്കന്‍ യുദ്ധത്തിന്റെ കെടുതികള്‍ നേരിട്ടു കണ്ടിട്ടില്ലെങ്കിലും പിന്നീട് എഴുത്തുകാരന്‍ എന്ന നിലയില്‍ അതിന്റെ വ്യാപ്തി മനസ്സിലാക്കി. ശ്രീലങ്കയില്‍ വംശീയ ചേരിപ്പോരും യുദ്ധവും നടക്കുമ്പോള്‍ താന്‍ സുരക്ഷിതമായ ഒരു സ്ഥലത്താണ് താമസിച്ചിരുന്നതെന്നും പത്രമാധ്യമങ്ങളിലൂടായാണ് ദുരന്തങ്ങളുടെ കണ്ണീര്‍ കഥകള്‍ മനസ്സിലാക്കിയതെന്നും ഷഹാന്‍ പറഞ്ഞു.
41-ാം ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ ബുക്കര്‍ പ്രൈസിന് അര്‍ഹമായ തന്റെ പുസ്തകത്തെക്കുറിച്ച് വായനക്കാരുമായി സംവദിക്കുകയായിരുന്നു. അന്ന് ശ്രീലങ്കന്‍ യുദ്ധത്തില്‍ 40,000 ലേറെ ആളുകള്‍ കൊല്ലപ്പെട്ടു. അതിലേറെ ആളുകള്‍ക്ക് കെടുതികള്‍ അനുഭവിക്കേണ്ടിവന്നു. പിന്നീട് രാജ്യം തന്നെ കടുത്ത സാമ്പത്തിക ഞെരുക്കത്തിലേയ്ക്ക് വീണു. യുദ്ധം എന്തിന്റെ പേരിലായാലും സാധാരണ ജനങ്ങള്‍ അനുഭവിക്കുന്ന കടുത്ത ബുദ്ധിമുട്ടുകളാണ് നമ്മള്‍ കാണേണ്ടത്. യുദ്ധം വേണ്ടെന്ന് പറയാന്‍ അന്ന് ധൈര്യപ്പെട്ടില്ല. സൈന്യവും മറ്റു സംവിധാനങ്ങളുമുണ്ടായിട്ടും ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ആര്‍ക്കുമായില്ല. എന്താണ് യഥാര്‍ഥത്തില്‍ നടന്നതെന്ന് പോലും പുറംലോകമറിഞ്ഞില്ല. അത് മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു. യുദ്ധസമയത്ത് മാധ്യമങ്ങളില്‍ വന്ന ചിത്രങ്ങള്‍ തന്നെ വല്ലാതെ വേട്ടയാടിയതായും അങ്ങനെയാണ് എഴുതാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും ഷഹാന്‍ പറഞ്ഞു. പിന്നീട് സിങ്കപ്പൂരിലെത്തിയ ശേഷമാണ് പുസ്തകം എഴുതാന്‍ കഴിഞ്ഞത്.
യുദ്ധത്തിനു ശേഷം ശ്രീലങ്കക്കുമേല്‍ സുനാമി ആഞ്ഞടിച്ചു. ഇതെല്ലാം കൂടി രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ തകര്‍ത്തു. ഇതിലെല്ലാം ശ്രീലങ്കന്‍ പൗരസമൂഹം അനുഭവിച്ച യാതനകള്‍ പുറത്തുകൊണ്ടുവരികയായിരുന്നു ലക്ഷ്യം. ഒരു പൗരനെന്ന നിലയില്‍ ഈ കഥ പറയുന്നത് ഒരു ധര്‍മ്മമായി കരുതി. ഫോട്ടോഗ്രാഫറിലൂടെ യുദ്ധത്തിന്റെ കഥ പറഞ്ഞുവെങ്കിലും ദുരന്തങ്ങളുടെ തീവ്രത പരിപൂര്‍ണമായും കഥയില്‍ ചിത്രീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. പുസ്തകത്തില്‍ പറഞ്ഞതിലും എത്രയോ വലുതാണ് ഓരോരുത്തരും അനുഭവിച്ച കെടുതികള്‍. ഇത്തരം കാര്യങ്ങള്‍ ലോകത്തിന് മുമ്പില്‍ അവതരിപ്പിക്കാന്‍ എഴുത്തുകാര്‍ മുന്നോട്ടു വരണം. ക്രിക്കറ്റിനെക്കുറിച്ച് താന്‍ എഴുതിയ പുസ്തകത്തെക്കുറിച്ച് ഇപ്പോള്‍ സംസാരിക്കുന്നില്ലെന്നും ഷഹാന്‍ പറഞ്ഞു.
1975-ല്‍ ശ്രീലങ്കയിലെ കൊളംബോയില്‍ ജനിച്ച ഷഹാന്‍ ന്യൂസിലാൻഡിലാണ് വിദ്യാഭ്യാസം നേടിയത്. ലണ്ടന്‍, ആംസ്റ്റര്‍ഡാം, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ താമസിക്കുകയും ജോലി ചെയ്യുകയുമുണ്ടായി. 2010-ല്‍ ആദ്യത്തെ നോവലായ 'ചൈനമാന്‍: ദ് ലെജന്‍ഡ് ഓഫ് പ്രദീപ് മാത്യു'-എന്ന നോവലിന് കോമണ്‍വെല്‍ത്ത് ബുക്ക് പ്രൈസ് അടക്കം നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചു. അദ്ദേഹത്തിന്റെ 'വിസ്ഡന്‍' എക്കാലത്തെയും മികച്ച രണ്ടാമത്തെ ക്രിക്കറ്റ് പുസ്തകമായി തിരഞ്ഞെടുത്തു. ഷഹാന്റെ മൂന്നാമത്തെ നോവല്‍ 'ദ് സെവന്‍ മൂണ്‍സ് ഓഫ് മാലി അല്‍മേഡ' യാണ് 2022-ലെ ബുക്കര്‍ പ്രൈസിന് അര്‍ഹമായത്. ശ്രീലങ്കന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ എഴുതിയ ഈ പുസ്തകം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. 1980-കളില്‍ ശ്രീലങ്കയുടെ പശ്ചാത്തലത്തിലാണ് ഈ നോവല്‍ രചിക്കപ്പെട്ടത്. ഇതിലെ കേന്ദ്ര കഥാപാത്രമായ മാലി അല്‍മേഡ എന്ന ഫോട്ടോഗ്രാഫറിലൂടെയാണ് കഥ പറയുന്നത്. ശ്രീലങ്കന്‍ ആഭ്യന്തരയുദ്ധത്തിന്റെ ക്രൂരതകള്‍ തുറന്നുകാട്ടുന്നതാണ് ഈ പുസ്തകം.