മുത്തശ്ശിക്കഥകൾ തിരികെയെത്തിച്ച് പുസ്തകമേള
Mail This Article
മനാമ∙ ടെലിവിഷനും ടെലിഫോണും മറ്റു സാമൂഹിക മാധ്യമങ്ങളും അന്യമാക്കിയ മുത്തശ്ശിക്കഥകൾ തിരികെയെത്തിച്ചു പുസ്തകമേള. ബഹ്റൈൻ കേരളീയ സമാജത്തിൽ നടക്കുന്ന ആറാമത് രാജ്യാന്തര പുസ്തകമേളയുടെ ഭാഗമായാണു കുട്ടികൾക്കു മുത്തശ്ശിക്കഥകൾ കേൾക്കാൻ വേദിയൊരുക്കിയിട്ടുള്ളത്.
സമാജം ഡയമണ്ട് ജൂബിലി ഹാളിൽ സജ്ജമാക്കിയിട്ടുള്ള കിഡ്സ് കോർണറിൽ എത്തുന്ന കുട്ടികൾക്കു മുത്തശ്ശിമാരിൽ നിന്നു നേരിട്ടു കഥകൾ കേൾക്കാം. കഥകൾ പറയാനും വിവിധ കളികളിൽ ഏർപ്പെടുവാനും സൗകര്യമൊരുക്കിയിട്ടുണ്ട്. സാമൂഹ്യ പ്രവർത്തകയും സമാജം വനിതാവേദിയുടെ മുൻ പ്രസിഡന്റുമായ മോഹിനി തോമസിന്റെ നേതൃത്വത്തിലാണു കിഡ്സ് കോർണർ പ്രവർത്തിക്കുന്നത്.
പുസ്തകമേളയുടെ ഭാഗമായി സമാജം ചിത്രകലാ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന ചിത്രപ്രദർശനം നാളെ സമാപിക്കും. തുടർന്ന് സമാജം ഫോട്ടോഗ്രാഫി ക്ലബിന്റെ ആഭിമുഖ്യത്തിലുള്ള ഫോട്ടോ പ്രദർശനത്തിനു തുടക്കമാകും. ഫോട്ടോഗ്രഫി ക്ലബ്ബ് കുട്ടികൾക്കായി നടത്തിയ മൊബൈൽ ഫോട്ടോഗ്രഫി മത്സരത്തിൽ വിജയികളായവരുടെ ചിത്രങ്ങളും പ്രദർശിപ്പിക്കും. മത്സരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന കുട്ടികൾക്ക് 17 വരെ ഫോട്ടോകൾ നൽകാം.
ഇന്നലെ നടന്ന സാംസ്കാരിക സമ്മേളനത്തിൽ പ്രമുഖ ഫിക്ഷൻ എഴുത്തുകാരനും കോളമിസ്റ്റും തിരക്കഥാകൃത്തും പ്രഭാഷകനുമായ ആനന്ദ് നീലകണ്ഠൻ ആയിരുന്നു മുഖ്യാതിഥി.