അപൂർവ കലാസൃഷ്ടികൾ ആസ്വദിക്കാം ആവോളം
Mail This Article
അബുദാബി∙ ഏറ്റവും മികച്ച കഥകൾ തുടരുന്നു എന്ന പ്രമേയത്തിൽ ലൂവ്റ് അബുദാബി മ്യൂസിയത്തിൽ ആരംഭിച്ച പ്രദർശനത്തിലേക്ക് സന്ദർശക പ്രവാഹം.
അഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് ലോക പ്രശസ്ത കലാകാരന്മാരുടെ സൃഷ്ടികൾ ഉൾപ്പെടുത്തി പ്രത്യേക പ്രദർശനം ആരംഭിച്ചത്.
മേഖല ഇതിനു മുൻപ് കണ്ടിട്ടില്ലാത്ത ഒട്ടേറെ അപൂർവ ചിത്രങ്ങളും കലാസൃഷ്ടികളും ഇതിൽ ഉൾപ്പെടും. ഇതോടനുബന്ധിച്ച് ദിവസേന കലാ സാംസ്കാരിക, വിദ്യാഭ്യാസ പരിപാടികളും നടന്നുവരുന്നു. വിഖ്യാത ഇറ്റാലിയൻ ചിത്രകാരൻ ലിയാനാർഡൊ ഡാവിഞ്ചിയുടെ മാസ്റ്റർപീസ് സെന്റ് ജോൺ ദ് ബാപ്റ്റിസ്റ്റ് ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ പ്രമുഖ മ്യൂസിയങ്ങളിൽ സൂക്ഷിച്ചിരുന്നവയും അബുദാബിയിൽ എത്തിച്ചിട്ടുണ്ട്.
ഇവയിൽ ചിലത് ലേലം ചെയ്ത് എടുത്തതും മറ്റു ചിലത് താൽക്കാലിക വായ്പയായി സ്വീകരിച്ചതുമാണ്. പാരിസിലെ ലൂവ്റ് മ്യൂസിയത്തിൽനിന്നാണ് 4 അമൂല്യ കലാസൃഷ്ടികൾ കൊണ്ടുവന്നത്. പാബ്ലൊ പിക്കാസോ 1944ൽ പൂർത്തിയാക്കിയ വുമൺ ഇൻ ബ്ലൂ പെയിന്റിങ് ഉൾപ്പെടെ മേഖലയിൽ ആദ്യമായി പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ ഒട്ടേറെയുണ്ട്.
കാലങ്ങളായി സ്വകാര്യ വ്യക്തികളാൽ കൈമാറ്റം ചെയ്യപ്പെട്ടുവരുന്ന വിശിഷ്ട ചിത്രങ്ങളും ലേലത്തിലെടുത്ത് പൊതുജനങ്ങൾക്കായി സമർപ്പിച്ചിട്ടുണ്ട്. വ്യത്യസ്ത കലാകാരന്മാരുടെ അഞ്ഞൂറിലേറെ വർഷം പഴക്കമുള്ള അസ്സൽ സൃഷ്ടികൾ അടുത്തു കാണാനുള്ള അവസരവും ലൂവ്റ് അബുദാബി മ്യൂസിയം ഒരുക്കിയിട്ടുണ്ടെന്ന് ഡയറക്ടർ മാനുവൽ റബാത് പറഞ്ഞു. അറബ് മേഖലയിലെ ആദ്യത്തെ പരിസ്ഥിതി സൗഹൃദ മ്യൂസിയമാണ് ലൂവ്റ് അബുദാബി.