മെസ്സി താമസിച്ച മുറി മ്യൂസിയമാക്കുന്നു; ആവേശത്തിൽ ആരാധകർ
Mail This Article
ദോഹ∙ഫിഫ ലോകകപ്പിനായി അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി താമസിച്ച മുറി ചെറു മ്യൂസിയം ആക്കുന്നു. ഖത്തർ സർവകലാശാലയിൽ ആയിരുന്നു അർജന്റീനയുടെ ടീം ബേസ് ക്യാംപ്. ഇവിടെയാണ് മെസ്സി ലോകകപ്പിന്റെ 29 ദിനങ്ങളും താമസിച്ചത്. സർവകലാശാല അധികൃതർ ട്വിറ്ററിലാണ് മെസ്സിയുടെ മുറി മ്യൂസിയം ആക്കുന്ന വിവരം പ്രഖ്യാപിച്ചത്.
ഖത്തറിൽ ഏറ്റവുമധികം ആരാധകരുള്ള മെസ്സി, താമസിച്ച മുറി മ്യൂസിയമായി മാറുന്നതോടെ ആരാധകർക്ക് ആവേശമേറും. സർവകലാശാല അധികൃതർ പുറത്തുവിട്ട വിഡിയോയിൽ ക്യാംപിന്റെ അകത്തെയും പുറത്തെയും കാഴ്ചകൾ കാണാം. അത്യാധുനിക സൗകര്യങ്ങളോടു കൂടിയതാണ് ക്യാംപ്.
നീലയും വെള്ളയും നിറത്തിലാണ് അലങ്കരങ്ങൾ. അർജന്റീനയുടെ ദേശീയ പതാകയുടെ നിറങ്ങളിലാണ് ക്യാംപിന്റെ പ്രവേശന കവാടങ്ങൾ. അകത്തെ ഹാളുകളിൽ അർജന്റീനയുടെ ലോകകപ്പ് ചാംപ്യൻമാരുടെ പോസ്റ്ററുകളും ഓട്ടോഗ്രാഫുകളും അർജന്റീന താരങ്ങളുടെ ജേഴ്‌സികളുമാണ് ഒട്ടിച്ചിരിക്കുന്നത്. ടീമിന് 3 സ്‌പോർട്‌സ് കോംപ്ലക്‌സുകളും പരിശീലനത്തിനായി നൽകിയിരുന്നു.
ലോകകപ്പിൽ പങ്കെടുത്ത 32 രാജ്യങ്ങൾക്കുമായി പഞ്ചനക്ഷത്ര സൗകര്യങ്ങളോടു കൂടിയ ടീം ബേസ് ക്യാംപുകളാണ് ഖത്തർ ഒരുക്കിയത്. ഓരോ ക്യാംപുകളും അതാത് രാജ്യങ്ങളുടെ ദേശീയ പതാകയുടെ നിറങ്ങളിലാണ് അലങ്കരിച്ചതും. വീട്ടിൽ നിന്നകലെ ഒരു വീട് എന്ന ലക്ഷ്യത്തിലായിരുന്നു അലങ്കാരങ്ങൾ. ഫിഫ ലോകകപ്പിൽ 36 വർഷത്തെ ഇടവേളയ്ക്ക് ശേഷം അർജന്റീനയാണ് കിരീടം സ്വന്തമാക്കിയത്.