സിദ്ധാർഥ് ബാലചന്ദ്രൻ: വ്യവസായ ലോകത്തെ മലയാളിപ്പെരുമ
Mail This Article
ദുബായ്∙ വ്യവസായ,സേവന രംഗങ്ങളിൽ ഒരുപോലെ ചുവടുറപ്പിച്ച മലയാളിയാണ് പ്രവാസി ഭാരതീയ സമ്മാൻ ജേതാവായ സിദ്ധാർഥ് ബാലചന്ദ്രൻ. ദുബായ് ആസ്ഥാനമായ ബ്യൂമെക് കോർപറേഷൻ ലിമിറ്റഡിന്റെ ചെയർമാനും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമാണ്. ബോംബെ സ്റ്റോക് എക്സ്ചേഞ്ചിൽ ഏറ്റവും കൂടുതൽ ഓഹരി സ്വന്തമായുള്ള വ്യക്തി, ഇന്ത്യയിലെ മെട്രോപ്പൊലിറ്റൻ സ്റ്റോക് എക്സ്ചേഞ്ചിലെ ഏറ്റവും വലിയ ഓഹരി ഉടമ എന്നിങ്ങനെ കുറഞ്ഞ കാലയളവിൽ സിദ്ധാർഥ് കീഴടക്കിയത് അപൂർവ നേട്ടങ്ങളാണ്.
ഉത്തരേന്ത്യൻ വ്യവസായികളുടെ കുത്തകയെന്ന് അറിയപ്പെടുന്ന ദുബായ് ഇന്ത്യ ക്ലബ്ബിന്റെ ചെയർമാനായ ആദ്യ മലയാളി കൂടിയാണ് അദ്ദേഹം. വിവിധ വ്യവസായ മേഖലകളിലെ നിക്ഷേപ സ്ഥാപനമാണ് സിദ്ധാർഥിന്റെ ഉടമസ്ഥതയിലുള്ള ബ്യുമെക്. ശ്രീവാസ് റൂഫിങ് പ്രൈവറ്റ് ലിമിറ്റഡ്, വിശ്രാം ഹോട്ടൽസ് ആൻഡ് ടൂറിസം പ്രൈവറ്റ് ലിമിറ്റഡ്, ബ്യൂമെക് ഇൻവെസ്റ്റ്മെന്റ്സ്, എസ്ബി ഗ്ലോബൽ എജ്യുക്കേഷനൽ റിസോഴ്സസ് എന്നീ കമ്പനികളുടെ സാരഥിയും ജയ്ഹിന്ദ് ടിവിയുടെ ഡയറക്ടറുമാണ്. നയതന്ത്രജ്ഞൻ വേണു രാജാമണി ബന്ധുവാണ്.
എറണാകുളം ചിന്മയ വിദ്യാലയത്തിലെ പൂർവ വിദ്യാർഥിയും കൊച്ചി സ്വദേശിയുമായ സിദ്ധാർഥ് മൈസൂർ സർവകലാശാലയിൽ നിന്നു സിവിൽ എൻജിനീയറിങ്ങിൽ ബിരുദം, കോയമ്പത്തൂർ പിഎസ്ജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നു രാജ്യാന്തര ബിസിനസിൽ ബിരുദാനന്തര ബിരുദം, ഹൈദരാബാദ് ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസിൽ നിന്ന് മാനേജ്മെന്റ് പഠനം എന്നിവ പൂർത്തിയാക്കിയ ശേഷമാണ് ബിസിനസ് സംരംഭങ്ങളുടെ തലപ്പത്ത് എത്തുന്നത്.
അൽ ജാലില ഫൗണ്ടേഷൻ, സ്മാർട് ലൈഫ് ദുബായ്, ദുബായ് കെഎംസിസി, ദുബായ് ഓട്ടിസം സെന്റർ, സയൻസ് ഇന്ത്യ ഫോറം, അബുദാബി സെന്റർ ഫോർ സ്പെഷൽ നീഡ്സ്, അൽനൂർ ട്രെയ്നിങ് സെന്റർ ഫോർ സ്െപഷൽ നീഡ്സ്, റാഷിദ് പീഡിയാട്രിക് സെന്റർ ഫോർ സ്പെഷൽ നീഡ്സ് എന്നീ സംരംഭകളുടെ രക്ഷാധികാരിയാണ്.
ചേരികളിലെ കുട്ടികൾക്കു വേണ്ടിയുള്ള നവ്ജ്യോതി ഇന്ത്യ ഫൗണ്ടേഷൻ രക്ഷാധികാരിയാണ്. എറണാകുളത്ത് ജീവധാര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോ ഡവലപ്മെന്റ് ആൻഡ് റിസർച് രക്ഷാധികാരിയുമാണ്. ഭാര്യ: ശ്രീദേവി ഈശ്വരൻ. മക്കൾ. ശിവ, ശ്രേഷ്ഠ്.