ADVERTISEMENT

അബുദാബി∙ തൊഴിലാളികൾക്കുവേണ്ടി സ്ഥാപനങ്ങൾ തൊഴിൽ രഹിത ഇൻഷുറൻസ് എടുത്തുനൽകിയാൽ മാത്രമേ മുഴുവൻ പേർക്കും പരിരക്ഷ ഉറപ്പുവരുത്താനാകുവെന്ന് അധികൃതർ.

 

നാമമാത്ര തുകയാണെങ്കിലും തൊഴിലാളികൾക്ക് അധിക ബാധ്യത വരുത്താതിരിക്കാൻ ഇതു സഹായകമാകുമെന്ന് ദുബായ് ഇൻഷുറൻസ് കമ്പനി വ്യക്തമാക്കി. ഒന്നുകിൽ ഈ തുക കമ്പനി നേരിട്ട് അടയ്ക്കാം. അല്ലെങ്കിൽ തൊഴിലാളികളുടെ ശമ്പളത്തിൽനിന്ന് ഈടാക്കാം.

 

സ്വന്തം നിലയ്ക്ക് ഇൻഷുറൻസ് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ അറിയാത്തവർക്കും ഇത് ആശ്വാസമാകുമെന്നും വ്യക്തമാക്കി. യുഎഇയിൽ തൊഴിൽ രഹിത ഇൻഷുറൻസ് നൽകാൻ അനുമതിയുള്ള 9 കമ്പനികളിൽ ഒന്നാണ് ദുബായ് ഇൻഷുറൻസ്.

 

ഇളവുള്ളവർ

 

ഗാർഹിക ജോലിക്കാർ, ഫ്രീസോൺ തൊഴിലാളികൾ, നിക്ഷേപകർ, താൽക്കാലിക ജോലിക്കാർ, വിരമിച്ച് പെൻഷൻ ലഭിക്കുന്നവർ, 18 വയസ്സിനു താഴെയുള്ളവർ എന്നിവർക്ക് ഇളവുണ്ട്. എങ്കിലും താൽപര്യമുള്ള 18 വയസ്സു പൂർത്തിയായവർക്ക് നിലവിലെ  ഇൻഷുറൻസ് എടുക്കാം. 12 മാസം പ്രീമിയം അടച്ചവർക്കേ ആനുകൂല്യം ലഭിക്കൂ.

 

നേട്ടം, പ്രീമിയം

 

ജോലി നഷ്ടപ്പെട്ട സ്വദേശികൾക്കും വിദേശികൾക്കും അടിസ്ഥാന ശമ്പളത്തിന്റെ 60% തുക 3 മാസത്തേക്കു നൽകുന്നത പദ്ധതിയാണിത്. 16,000 ദിർഹത്തിൽ കുറവ് ശമ്പളമുള്ളവർക്ക് മാസത്തിൽ 5 ദിർഹവും (112 രൂപ) അതിൽ കൂടുതൽ ശമ്പളം ഉള്ളവർക്ക് 10 ദിർഹവുമാണ് (224 രൂപ) പ്രീമിയം. മാസത്തിലോ 3, 6, 9, 12 മാസത്തിൽ ഒരിക്കലോ അടയ്ക്കാം. 3 മാസം പിന്നിട്ടിട്ടും പ്രീമിയം അടയ്ക്കാത്തവരുടെ പോളിസി റദ്ദാകും. തൊഴിൽ രഹിത ഇൻഷുറൻസ് എടുക്കാത്തവർക്ക് ജൂൺ മുതൽ 400 ദിർഹം പിഴ ചുമത്തും.

 

28,700 സ്വദേശികൾക്ക് ജോലി; നാഫിസ് ആദ്യഘട്ടം വിജയം 

 

 

അബുദാബി∙ സ്വകാര്യമേഖലയിലെ സ്വദേശിവൽക്കരണ പദ്ധതിയായ നാഫിസിന്റെ ആദ്യഘട്ടം പൂർത്തിയാകുന്നു.  കഴിഞ്ഞ വർഷം യുഎഇയിൽ 28,700 സ്വദേശികൾക്ക് ജോലി ലഭിച്ചു. പ്രതീക്ഷിച്ചതിനെക്കാൾ കൂടുതൽ സ്വദേശികൾ ജോലിയിൽ പ്രവേശിച്ചതോടെ സ്വകാര്യമേഖലയിലെ സ്വദേശി ജീവനക്കാരുടെ എണ്ണം അര ലക്ഷം കവിഞ്ഞു.

 

പദ്ധതിക്കു ചുക്കാൻ പിടിച്ച ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനെ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ ‍മക്തൂം അഭിനന്ദിച്ചു.

 

50 ജീവനക്കാരിൽ കൂടുതലുള്ള സ്വകാര്യ കമ്പനികളിലെ വിദഗ്ധ ജോലികളിൽ 2% സ്വദേശികളെ നിയമിക്കണമെന്ന നിബന്ധന കഴിഞ്ഞ വർഷമാണു നിലവിൽ വന്നത്. ഓരോ വർഷവും 2% വീതം നിയമിച്ച് സ്വദേശികളുടെ അനുപാതം 5 വർഷത്തിനകം 10% ആക്കുകയാണ് ലക്ഷ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com