അബുദാബിയിൽ ആശങ്കയ്ക്ക് വിരാമം; ദ് മോഡൽ സ്കൂളിൽ കെ ജി പ്രവേശനമായി
Mail This Article
അബുദാബി∙ രക്ഷിതാക്കളുടെ ആശങ്ക ആഹ്ലാദത്തിനു വഴിമാറി. അബുദാബി ദ് മോഡൽ സ്കൂളിൽ കെജി പ്രവേശനം ആരംഭിച്ചു. അബുദാബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പിന്റെ (അഡെക്) അനുമതി ലഭിച്ചതിനെ തുടർന്നാണ് ഇന്നലെ അഡ്മിഷൻ നടപടികൾ ആരംഭിച്ചത്. ഒക്ടോബറിൽ ആരംഭിക്കേണ്ടിയിരുന്ന കെ.ജി പ്രവേശന നടപടികൾ വൈകുന്നതിൽ പ്രവാസികളുടെ ആശങ്ക ഈ മാസം 16ന് മനോരമ റിപ്പോർട്ട് ചെയ്തിരുന്നു.
Also read: അബുദാബിയിൽ പ്ലാസ്റ്റിക്കിന് ഗുഡ്ബൈ; ചാലഞ്ചുമായി സർക്കാർ രംഗത്ത്
സിബ്ലിങ്സ് (നിലവിലെ വിദ്യാർഥികളുടെ സഹോദരങ്ങൾ) പ്രവേശന നടപടികളാണ് ഇന്നലെ ആരംഭിച്ചത്. അറുപതോളം പേർ ഇന്നലെ അഡ്മിഷൻ എടുത്തു. സിബ്ലിങ്സ് നടപടികൾ പൂർത്തിയായാൽ ശേഷിച്ച സീറ്റുകളിലേക്ക് വരും ദിവസങ്ങളിൽ പ്രവേശനം നടത്തും. കെ9ജി ക്ലാസുകളിൽ മൊത്തം 300 കുട്ടികൾക്കാണ് അവസരം. മക്കളെ സ്കൂളിൽ ചേർക്കാനായി ഒക്ടോബറിൽ റജിസ്റ്റർ ചെയ്ത് കാത്തിരിപ്പ് നീളുന്നതിനിടെ മറ്റു സ്കൂളുകളിൽ അഡ്മിഷനും പൂർത്തിയായത് രക്ഷിതാക്കളുടെ ആശങ്ക കൂട്ടിയിരുന്നു.
ബ്രിട്ടിഷ് ഉൾപ്പെടെ വിദേശ സിലബസിലുള്ള സ്കൂളുകളിൽ നാലിരട്ടിയിലേറെ ഫീസുമൂലം അവിടെ ചേർക്കാനും സാധാരണക്കാർക്ക് കഴിയുമായിരുന്നില്ല. വൈകിയാണെങ്കിലും മകൾ ആദ്യയ്ക്ക് അഡ്മിഷൻ കിട്ടിയ ആവേശത്തിലാണ് തിരുവനന്തപുരം കോവളം സ്വദേശി ജിജീഷ് ഗോപിനാഥൻ നായരും ഭാര്യ ആതിരയും. സിബ്ലിങ്സ് ക്വാട്ടയിൽ കിട്ടുമെന്നു കരുതി മറ്റു സ്കൂളുകളെ ആശ്രയിച്ചിരുന്നില്ല.
അഡ്മിഷൻ വൈകുന്നതിനിടെ ഇതര സ്കൂളുകളിലെല്ലാം അഡ്മിഷൻ പൂർത്തിയാവുകയും ചെയ്തു. വൻ തുക നൽകി മറ്റു സ്കൂളിൽ വിടാനുള്ള സാമ്പത്തികമില്ല. ഇവിടെ കിട്ടിയില്ലെങ്കിൽ കെജി–2വിൽ പഠിക്കുന്ന മൂത്ത മകൾ അമേയയുടെ പഠനം മാർച്ചിൽ തീരുന്നതോടെ നാട്ടിൽ വിടാനായിരുന്നു തീരുമാനമെന്നും ജിജീഷ് പറഞ്ഞു. പ്രതീക്ഷ അസ്തമിച്ചിരിക്കുന്ന സമയത്ത് മനോരമ വാർത്ത റിപ്പോർട്ട് ചെയ്യുകയും ഇതേ തുടർന്ന് അഡ്മിഷൻ ആരംഭിക്കുകയും ചെയ്തത് ഒട്ടേറെ രക്ഷിതാക്കൾക്ക് ആശ്വാസം പകർന്നതായി സ്കൂൾ പേരന്റ് കൗൺസിൽ പ്രസിഡന്റും തിരുവനന്തപുരം സ്വദേശിയുമായ നവാസ് പറഞ്ഞു.
മകൾ നർമിസ് ഹാജറയ്ക്ക് അഡ്മിഷൻ എടുത്ത ശേഷം സംസാരിക്കുകയായിരുന്നു നവാസ്. കോഴിക്കോട് സ്വദേശി അനീസ് മകൾ ഐറയ്ക്ക് അഡ്മിഷൻ ലഭിച്ച സന്തോഷം പങ്കിട്ടു. മകൻ അയാൻ ഇവിടെ കെ.ജി–2വിൽ വിദ്യാർഥിയായതിനാൽ കിട്ടുമെന്ന ഉറപ്പിൽ മറ്റെവിടെയും അന്വേഷിച്ചിരുന്നില്ലെന്നും പറഞ്ഞു.