ADVERTISEMENT

റിയാദ്∙ അറബിക് ഭാഷയിൽ ആശയവിനിമയം നടത്തിയും  ചടുല നൃത്തച്ചുവടുകൾ വച്ചും സന്ദർശകരുടെ ഹൃദയത്തിലേക്കു ചേക്കേറുകയാണ് സാറ എന്ന റോബട്. 

പ്രാദേശിക ഭാഷയിൽ ആശയവിനിമയം നടത്തുന്ന സൗദി അറേബ്യയുടെ ആദ്യ റോബട് ആണിത്. സംശയ നിവാരണത്തിനും സാറയെ ആശ്രയിക്കാം. 'പുതിയ ചക്രവാളങ്ങളിലേക്ക്' എന്ന പ്രമേയത്തിൽ റിയാദ് എക്‌സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിൽ നടന്നുവരുന്ന സാങ്കേതിക സമ്മേളനമായ ലീപ്–23യിലാണ് സാറയെ അവതരിപ്പിച്ചത്. 

ഡിജിറ്റൽ പവിലിയനിൽ പർദയും ഷാളും അണിഞ്ഞ് അറബിയിൽ സ്ഫുടമായി സംസാരിക്കുന്നത് കേട്ടാൽ സ്വദേശി വനിതയാണെന്നേ തോന്നൂ. കുശലം ചോദിച്ചും നൃത്തം ചെയ്തും ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകിയും സന്ദർശകരെ വിസ്മയിപ്പിക്കുകയാണ് സാറ. 

നിർമിത ബുദ്ധി, ക്യാമറ, സെൻസർ തുടങ്ങി നവീന സാങ്കേതിക വിദ്യകളുടെ സമന്വയത്തിലാണ് സാറയുടെ പിറവി.  ഹലോ സാറ എന്ന് ചോദിക്കുന്നതോടെ തുടങ്ങുന്നു സംഭാഷണം. പ്രാദേശിക ഭാഷകളിലെ ചോദ്യങ്ങൾക്കെല്ലാം ആവശ്യാനുസരണം മറുപടി നൽകും. കൂടാതെ മറുപടി ടെക്സ് മെസേജായും അയയ്ക്കും. സൗദി ഡിജിറ്റൽ, ക്യുഎസ്എസ് കമ്പനി എന്നിവയുടെ സഹകരണത്തോടെയാണ് നിർമിച്ച സാറയ്ക്ക് നിശ്ചിത അകലത്തിലുള്ളവരെ തിരിച്ചറിയാം. 

കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം സംഘടിപ്പിക്കുന്ന മേളയിൽ 50 രാജ്യങ്ങളിൽ നിന്നുള്ള 720ലധികം പ്രമുഖർ പങ്കെടുക്കുന്നുണ്ട്. ഒരു ലക്ഷം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്.

English Summary : Meet Sara -Saudi Arabia’s first performing robot who can speak arabic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com