നാടണയുന്നതിനെക്കാൾ ഇഷ്ടമാണ് പ്രവാസിക്ക് വേറെ നാടുചുറ്റാൻ; അവധിക്കാല യാത്രകൾ വിദേശത്തേക്ക്
Mail This Article
ദുബായ്∙ അവധി കിട്ടിയാൽ നാട്ടിൽ പോകുന്ന ശീലം മാറ്റിത്തുടങ്ങി പ്രവാസി മലയാളികൾ. ഇന്ത്യയിൽ ഒന്നു പോയി വരുന്ന ചെലവിന്റെ പകുതിയുണ്ടെങ്കിൽ ഒരു വിദേശ രാജ്യം സന്ദർശിക്കാം എന്നതാണ് കാര്യം. അച്ഛൻ, അമ്മ ഉൾപ്പെടെ അടുത്ത ബന്ധുക്കൾ നാട്ടിലില്ലാത്ത പ്രവാസികൾ, അവധിക്കാലം ചെലവിടാൻ ആഗ്രഹിക്കുന്നത് ഏതെങ്കിലും വിദേശ രാജ്യങ്ങളിലാണ്.
നാടും കാണാം പണവും ലാഭം
ഈ ശീലത്തിനു രണ്ടുണ്ട് ഗുണം – പുതിയൊരു നാടു കണ്ടതിന്റെ അനുഭവവും അധ്വാനിച്ചുണ്ടാക്കിയ പണം ലാഭിച്ചതിന്റെ ആശ്വാസവും, അതാണ് പ്രവാസികളുടെ പുതിയ നയം. യുഎഇയിൽ റസിഡന്റ് വീസയുള്ളവർക്ക് പല രാജ്യങ്ങളിലും വീസ ഓൺ അറൈവലോ ഇ – വീസയോ ലഭിക്കും.
Also read: യുഎഇ സന്ദർശക വീസ ഉപയോഗിച്ചില്ലെങ്കിൽ തനിയെ റദ്ദാകില്ല; കാലാവധി നീട്ടിയെടുക്കാൻ 200 ദിർഹം
വിവിധ ടൂർ കമ്പനികൾ മികച്ച കുടുംബ പാക്കേജും ഒരുക്കിയിട്ടുണ്ട്. കുറഞ്ഞ ചെലവിൽ മികച്ച പാക്കേജുകൾ ഒരുക്കി രാജ്യങ്ങൾ വിനോദ സഞ്ചാരികളെ ക്ഷണിക്കുകയാണ്. വാർഷിക അവധിയിൽ ഇന്ത്യയിൽ ചെലവഴിക്കേണ്ട പണം വിദേശ രാജ്യങ്ങളിൽ ചെലവഴിക്കുന്നു എന്നതാണ് ഈ വിഷയത്തിൽ ഇന്ത്യ നേരിടുന്ന സാമ്പത്തിക പ്രത്യാഘാതം.
നാട്ടിലേക്ക് അടുത്ത തവണയാകട്ടെ
മൂന്നു ദിവസം ഒരുമിച്ച് അവധി കിട്ടിയാൽ നാട്ടിൽ പോകാൻ വെമ്പൽ കൊണ്ടിരുന്ന പ്രവാസി മലയാളികൾക്ക് ഇപ്പോൾ അത്ര ധൃതിയില്ല. രണ്ടു കാരണങ്ങളാണ് മനസ്സു മടുപ്പിക്കുന്നതെന്നു കഴിഞ്ഞ 4 വർഷമായി നാട്ടിൽ പോകാത്ത പ്രവാസി മലയാളി അജു കെ. ബേബി പറയുന്നു. ഒന്ന്, അവധിക്കാലം ആകുമ്പോഴേക്കും വിമാന കമ്പനികൾ ടിക്കറ്റ് നിരക്ക് തോന്നും പടി ഉയർത്തും. നാട്ടിലേക്കു പോകാനുള്ള പണമുണ്ടെങ്കിൽ അസർബൈയ്ജാനിലോ ജോർജിയയിലോ പോയി വരാം. നാട്ടിൽ നിന്നു തിരികെ വരാനുള്ള ടിക്കറ്റ് കൂലി ഉണ്ടെങ്കിൽ ഏതെങ്കിലും നല്ല സ്റ്റേക്കേഷനിൽ താമസിച്ച് ഉല്ലസിച്ചു വരാം. രണ്ടാമത്തെ കാരണം, ചെലവാണ്. നാട്ടിലെത്തിയാൽ എന്തിനും ഏതിനും ചെലവാണ്. എയർ പോർട്ടിൽ ഇറങ്ങുന്നതു മുതൽ തിരികെ കയറി വരുന്നതു വരെ പണം ചോരുന്ന വഴി അറിയില്ല. നാട്ടിൽ പോകാനുള്ള പണം സ്വരുക്കൂട്ടി കെനിയ, അസർബയ്ജാൻ, ജോർജിയ, കെനിയ, ഈജിപ്ത്, സെർബിയ എന്നീ രാജ്യങ്ങൾ സന്ദർശിച്ചു കഴിഞ്ഞു. ഈ യാത്രകൾ നൽകുന്ന അനുഭവം ചെറുതല്ലെന്നും അജു പറയുന്നു.
വീസ എളുപ്പം, ചെലവ് കുറവ്
യുഎഇ പൗരന്മാർക്കു ലഭിക്കുന്ന വീസ സൗകര്യങ്ങളിൽ പലതും റസിഡന്റ് വീസയുള്ളവർക്കും ലഭിക്കും. തായ്‌ലൻഡ്, സുരിനാം, മാലദ്വീപ്, അർമേനിയ, കെനിയ, ഇന്തൊനീഷ്യ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഇ – വീസ അല്ലെങ്കിൽ വീസ ഓൺ അറൈവൽ ലഭിക്കും. ഇതിനു പുറമേ യുകെ, കാനഡ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കുള്ള വീസ നടപടികൾ ലളിതമാക്കിയതും യുഎഇ റസിഡന്റ്സിനു സഹായകരമാണ്. യുകെ വീസ 15 ദിവസം കൊണ്ടു ലഭിക്കും. അമേരിക്കൻ വീസ അപേക്ഷിക്കുന്നതിനും യുഎഇ റസിഡന്റ്സിന് മുൻഗണനയുണ്ട്. ഇന്ത്യയിൽ രണ്ടു വർഷം വരെ എടുക്കുമ്പോൾ ഏതാനും മാസങ്ങൾക്കൊണ്ട് യുഎഇ റസിഡന്റ് വീസയുള്ള ഇന്ത്യക്കാർക്ക് യുഎസ് വീസയ്ക്കു ക്ഷണം ലഭിക്കും. ഷെൻഗൻ വീസ അടക്കം 90 ദിവസത്തിനകം നടപടികൾ പൂർത്തിയാക്കി അപേക്ഷകർക്കു ലഭിക്കും.
ട്രാവൽ വ്ലോഗ് ആരാധകർ
സഞ്ചാരം അടക്കമുള്ള ട്രാവൽ വിഡിയോകൾ ഇഷ്ടപ്പെടുന്ന പ്രവാസികൾ അവധി കിട്ടിയാൽ, അംബര ചുംബികളായ കെട്ടിടങ്ങളും പൗരാണിക സംസ്കാരങ്ങളും കാണാൻ ഇറങ്ങി പുറപ്പെടുകയാണ്. പ്രവാസികൾ മാറുകയാണ്. യാത്രയുടെ സംസ്കാരവും.