കുവൈത്തിൽ ഇന്ത്യൻ എൻജിനീയർമാർക്ക് റജിസ്ട്രേഷനിൽ ഇളവില്ല
Mail This Article
കുവൈത്ത് സിറ്റി∙ ഇന്ത്യൻ എൻജിനീയർമാർക്കു നാഷനൽ ബ്യൂറോ ഓഫ് അക്രഡിറ്റേഷൻ (എൻബിഎ) റജിസ്‌ട്രേഷൻ നിബന്ധനയിൽ ഇളവ് നൽകണമെന്ന ആവശ്യം കുവൈത്ത് നിരസിച്ചു. കുവൈത്ത് അംഗീകരിക്കുന്ന ഇന്ത്യയിലെ എൻജിനീയറിങ് കോളജുകളുടെ എണ്ണം വർധിപ്പിക്കണമെന്ന ആവശ്യവും തള്ളി.
Also read: വിലകൂടിയ വിലാസം നേടി മുകേഷ് അംബാനിയും; സ്വന്തമാക്കിയത് 1350 കോടി രൂപയുടെ പാർപ്പിടം?
എൻബിഎ അക്രഡിറ്റേഷൻ നിലവിൽ വരുന്നതിനു മുൻപ് (2013ന് മുൻപ്) ബിരുദമെടുത്ത് കുവൈത്തിൽ ജോലി ചെയ്യുന്ന നൂറുകണക്കിന് എൻജിനീയർമാരുടെ ഭാവി അവതാളത്തിലാക്കുന്നതാണ് തീരുമാനം. അക്രഡിറ്റേഷന്റെ കാര്യത്തിൽ ഇന്ത്യയ്ക്കു മാത്രമായി പ്രത്യേക പരിഗണന നൽകാനാവില്ലെന്നാണ് പബ്ലിക് അതോറിറ്റി ഓഫ് മാൻ പവറിന്റെയും കുവൈത്ത് സൊസൈറ്റി ഫോർ എൻജിനീയേഴ്സിന്റെയും നിലപാട്.
കുവൈത്ത് സൊസൈറ്റി ഓഫ് എൻജിനീയേഴ്‌സിന്റെ പരീക്ഷ പാസായവർക്കേ എൻജിനീയറായി ജോലി ചെയ്യാനാകൂ. ഈ പരീക്ഷ എഴുതണമെങ്കിൽ എൻബിഎ അക്രഡിറ്റഡ് കോളജിൽ നിന്നു ബിരുദമെടുത്തവരായിരിക്കണം. പരിചയ സമ്പന്നരെ മാത്രം പരിഗണിക്കുന്നതിനാൽ വിദേശത്തുനിന്നു പുതുതായി ബിരുദം നേടിയവരുടെ റിക്രൂട്മെന്റ് അവസാനിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്.
നിലവിൽ 5,248 അപേക്ഷകൾ സൊസൈറ്റിയുടെ പരിഗണനയിലുണ്ട്. ഇതിൽ 70% ഇന്ത്യ, ഈജിപ്ത് രാജ്യക്കാരുടേതാണ്. ഇതിനിടെ സമർപ്പിക്കപ്പെട്ട സർട്ടിഫിക്കറ്റുകളിൽ 7 വ്യാജൻ ഉൾപ്പെടെ 81 എണ്ണം നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കാത്തവയാണെന്നു കണ്ടെത്തി.
English Summary : Kuwait rejects demand for relaxation of NBA registration requirements for Indian engineers.